ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 1

ജൂൺ ഒന്നിന് വരേണ്ട ഇടവപാതി മെയ് ഇരുപതുകളിലെ വന്നു എന്റെ യാത്രാ പരിപാടികളും എഴുത്തുമൊക്കെ മുടക്കിയിരിക്കുന്ന കാലം. പോരാത്തതിന് നല്ലൊരു പനിയും ജലദോഷവും ചുമയും. “നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ,” “ഈ ഇമ്മ്യൂണിറ്റിയും കൊണ്ടാണോ നീ ഇന്ത്യ ട്രിപ്പിന് പോകുന്നെ” എന്നുള്ള സ്ഥിരം പുച്ഛം ചുറ്റിനും കേൾക്കുന്നുമുണ്ട്.
കുംഭം മിഥുനത്തിൽ കേറിയെന്നോ, മിഥുനം കുംഭത്തിൽ കേറിയെന്നോ, അത് കൊണ്ട് അടുത്ത രണ്ടു മാസം കഷ്ടപ്പാടായിരുക്കുമെന്നും ജീവന് വരെ ആപത്തുണ്ടാകുമെന്നുമുള്ള വിരട്ടൽ വേറെ. തീരെ വയ്യാത്തോണ്ട് സ്ഥിരം വിപ്ലവമൊന്നും വിളമ്പാൻ പോയില്ല. ഒരു മൂലയിൽ ഒതുങ്ങി കൂടി. കുറെയധികം നേരം ഉറങ്ങി.
പക്ഷെ, പനിയാണെങ്കിലും എത്രയെന്നു പറഞ്ഞാ ഉറങ്ങുക, ഒരു മടുപ്പു വരില്ലേ? രാത്രിയും ഇത് തന്നെയല്ലേ പരിപാടി? പോരാത്തതിന് ഞാൻ ഒന്നും ആയില്ലല്ലോ, ജീവിതത്തിൽ എവിടെയും എത്തിയില്ലല്ലോ, സമയമിങ്ങനെ പോകുവാണല്ലോ എന്ന സ്ഥിരം ആവലാതികളും. മനുഷ്യനല്ലേ?
എന്തായാലും ഉടനെ എന്തെങ്കിലും കലാപരിപാടിയിൽ മനസിനെ ഉടക്കിയില്ലെങ്കിൽ സ്വതമേയുള്ള പിരാന്തും ആധിയും പുറത്തു വരും എന്ന് തോന്നി തുടങ്ങി. അതുകൊണ്ടെന്റെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
കുറച്ചാഴ്ചകൾക്കു മുൻപ് വീട്ടിലെ മറ്റാരും അറിയാതെ ഞാൻ കൊല്ലം ഡിസിബുക്ക്സ് സ്റ്റാളിൽ നിന്ന് വാങ്ങി എന്റെ പുസ്തക ഷെൽഫിനുള്ളിൽ ഒളുപ്പിച്ചു വെച്ച സാക്ഷാൽ “ബഷീർ സമ്പൂർണ കൃതികൾ!” മൂന്ന് പുസ്തകങ്ങളിലായി ഏകദേശം മൂവായിരം പേജുകളുള്ള ഒരു ബ്രഹ്മാണ്ഡൻ കളക്ഷൻ.
അതിലെ ഒന്നാം ഭാഗം മാത്രം പുറത്തെടുത്തു, ആ വിടവും, അതിനു മുൻപിലെ വരി മുഴുവനും മറ്റു പുസ്തകങ്ങൾ കൊണ്ട് മറച്ചു, പഴുതുകളെല്ലാമടച്ചു, വെടിപ്പായി ഞാൻ എന്റെ കുറ്റകൃത്യം ചെയ്തു തീർത്തു. ഹാരി പോട്ടറിലെ ഫ്രഡിന്റെയും ജോർജിന്റെയും ഭാഷയിൽ പറഞ്ഞാൽ – മിസ്‍ചീഫ് മാനേജ്‌ഡ്! 
എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ കുൻ ഫയാ കുൻ എന്ന പ്രശസ്തമായ സൂഫി ഗാനത്തിലെ ഒരു വരിയുണ്ട്. “മുജ്ജ്‌സെ ഹി റിഹാ.” എന്നെ എന്നിൽ നിന്ന് തന്നെ രക്ഷിക്കൂ. എന്റെ തന്നെ ചിന്തകളിൽ നിന്നുള്ള രക്ഷപെടലാണ് എനിക്ക് എഴുത്തും വായനയും യാത്രയുമൊക്കെ. മഴ യാത്ര മുടക്കിയസ്ഥിതിക്ക് ഇനി വായനയെ ശരണം. ബഷീർ കനിഞ്ഞേ മതിയാകൂ.
തുടരും…


