ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 2
Disclaimer:
ഈ ബ്ലോഗിന്റെ ഒന്നാം ഭാഗം ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം: Link . ബഷീറിന്റെ ബാല്യകാലസഖിയെന്ന കൃതിയെകുറിച്ചാണ് ഈ ബ്ലോഗ്. അതുകൊണ്ടു, ഇന്നാ പിടിച്ചോ ഒരു യമണ്ടൻ Spoiler Alert!ബാല്യകാലസഖി
Book cover of Balyakalasakhi, Edition 73.BUY THE BOOKബഷീർ എന്ന് പറയുമ്പോഴേ എനിക്ക് ഓർമ വരുന്നത് എന്റെ സ്കൂൾ ജീവിതമാണ്. കൃത്യമായി പറഞ്ഞാൽ, പണ്ട് പത്താം ക്ലാസ്സിൽ മലയാളം മിസ്സ് ഞങ്ങളെ “ബാല്യകാലസഖി” പഠിപ്പിച്ചിരുന്ന നാളുകൾ.
അന്നും ഇത് പോലെ ഇടവപ്പാതിയോ തുലാവർഷമോ പെയ്തിരുന്നു എന്നാണെന്റെയോർമ്മ. മഴ പെയ്യുമ്പോൾ ക്ലാസ്സുമുറിയില്ലെല്ലാം തണുപ്പും ഇരുട്ടും പടരും. മഴവെള്ളം അകത്തേക്ക് കേറാതിരിക്കാനും ഇടിയും മിന്നലും ആഘാതമേല്പിക്കാതിരിക്കാനും മുറിയിലെ ജനലുകളും വാതിലും കൊട്ടിയടയ്ക്കും.
അപ്പോൾ മാത്രമേ ക്ലാസ്സിലെ ട്യൂബ് ലൈറ്റ് കത്തിക്കൂ. പലപ്പോഴും സിനിമ തീയേറ്ററിലെ പോലെ തോളിൽ കയ്യിട്ടും, ചിരിച്ചും, രസം പിടിച്ചും, കണ്ണ് നിറഞ്ഞുമാണ് ഹൃദയഹാരിയായ ആ കഥ ഞങ്ങൾ സുഹൃത്തുക്കളൊക്കെ കേട്ടിരിക്കുക.
മലയാളം മിസ്സിന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത വികാരാധീതമായ ശബ്ദത്തിൽ മാത്രം വായിച്ചു കേട്ടിരുന്ന എം.പി. പോൾ എഴുതിയ മുഖവുര.
“‘ബാല്യകാലസഖി’ ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലർക്കു ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ സൂക്ഷിച്ചിട്ടു വേണം ഈ പുസ്തകം വായിക്കാൻ.”
എന്റെ ഓർമയിൽ ഞാൻ ആദ്യമായി പഠിക്കുന്ന നീണ്ട പ്രണയകഥ ബാല്യകാലസഖിയാണ്. ഒരു കാര്യമെനിക്ക് ഉറപ്പാണ്. സുഹ്‌റയെ പ്രണയിച്ചിരുന്നത് മജീദ് മാത്രമായിരുന്നില്ല. സുഹ്‌റയുടെ മൊഞ്ചിൽ മയങ്ങിപ്പോയ പല വിദ്വാൻമാരും എന്റെ ക്ലാസ്സിലുമുണ്ടായിരുന്നു.
പ്രണയം മൂത്തു ക്ലാസ്സിൽ ഒരു പെൺകൊച്ചിനും മനഃസമാധാനമായി ഒന്നു ചുമയ്ക്കാൻ വയ്യാത്ത അവസ്ഥയായി. “എടി നിനക്കും സുഹ്‌റയെ പോലെ ക്ഷയമാണോ?” എന്നായിരിക്കും ഉടനെ വരുന്ന കോനിഷ്ടു ചോദ്യം. കൂടെ ഡയലോഗും “സുഹ്‌റ ആകെ മാറിപ്പോയിരിക്കുന്നു! കവിളുകൾ ഒട്ടി കൈ വിരലുകളുടെ എപ്പുകൾ മുഴച്ചു, നഖങ്ങൾ തേഞ്ഞു, ആകെ വിളർത്തു…”
ചുമ്മാതാണ് കേട്ടോ? എന്റെ ക്ലാസ്സിലെ പിള്ളേർ എല്ലാം വൻ ഡീസന്റ് ആയിരുന്നു.
അങ്ങനെ പറഞ്ഞില്ലേൽ അവന്മാർ എന്നെ അടുത്ത കല്യാണത്തിനോ പിള്ളേരുടെ നൂലുകെട്ടിനോ കാണുമ്പോൾ പഞ്ഞിക്കിടും.

ഹാ അപ്പൊ പറഞ്ഞു വന്നത് ബാല്യകാലം തൊട്ടേ പിണങ്ങിയും ഇണങ്ങിയും സഹായിച്ചും ഉപദ്രവിച്ചും സ്നേഹിച്ചും പ്രണയിച്ചും പോന്ന ബാല്യകാലസഖിയിലെ പ്രധാനകഥാപാത്രങ്ങളായ മജീദ്‌നേയും സുഹ്‌റയെയും പറ്റിയാണ്.
മജീദ്
സത്യം പറഞ്ഞാൽ പണ്ടൊക്കെ ബാല്യകാലസഖിയെ കുറിച്ചോർക്കുമ്പോൾ എന്റെ സ്നേഹവും സഹതാപവും വാത്സല്യവുമെല്ലാം മജീദിനോടായിരുന്നു. നിഷ്കളങ്കനും, സ്നേഹസമ്പന്നനും, സ്വപ്നജീവിയുമായ മജീദിനോട്.
രണ്ടു നദികൾ ഒന്നായി ചേർന്ന് മറ്റൊരു വലിയ നദിയാകുന്നതുകൊണ്ടു ഒന്നും ഒന്നും ഇമ്മിണി വലിയോരോന്നാണെന്നു വിശ്വസിച്ച, അതിന്റെ യാതൊരു ഗമയുമില്ലാത്ത, ഒരു കൊച്ചു തത്വചിന്തകൻ ആയിരുന്നു അവൻ. പക്ഷെ അവന്റെ കണക്കു മാഷിന് അത് മനസിലാക്കുനുള്ള ലോകവിവരം ഇല്ലാതെയായി പോയി. പടെ പടെ എന്ന് എത്രയടിയാ ആ കുഞ്ഞി കൈകളിൽ വെച്ച് കൊടുത്തേ? ഹ കഷ്ടം!
എന്നാൽ, അതെ സമയം, രാജകുമാരിമാർ പിച്ചാൻപാടില്ലെന്ന് കള്ളം പറഞ്ഞു സുഹ്‌റയുടെ പ്രധാന ആയുധമായ നീളൻ കൈ നഖങ്ങൾ മുറിപ്പിച്ച താന്തോന്നി കൂടെയായിരുന്നു മജീദ്. സാരമില്ല, പോട്ടേ. കാരണം, മിശറു കടി കൊണ്ട് പുളഞ്ഞിട്ടും അവൻ സുഹ്‌റയ്ക്കു ഇഷ്ട്ടമുള്ള മാമ്പഴമെല്ലാം നെഞ്ചോടു ചേർത്തു കൊണ്ട് വന്നു കൊടുത്തില്ലേ?
അതിമനോഹരമായി, ആത്മാർത്ഥതയോടെ സുഹ്‌റയെ പ്രണയിച്ച മജീദ്. ബാപ്പയുടെ തല്ലും ക്രൂരതയും പണത്തിന്റെ അഹങ്കാരവും സഹിക്കവയ്യാതെ നാട് വിട്ടു പോയവൻ. പലനാടുകളിൽ അലഞ്ഞു തിരിഞ്ഞു പട്ടിണികിടന്നു ഒന്നുമാകാതെ തിരിച്ചു വീട്ടിലേക്കു മടങ്ങി വന്നവൻ.
തന്റെ കുടുംബത്തിന് വേണ്ടി സുഹ്‌റയെ രണ്ടാമതും ഒറ്റയ്ക്കാക്കി നാട് വിടേണ്ടി വന്ന ഹതഭാഗ്യൻ. ഒരപകടത്തിൽ കാലുനഷ്ടപെട്ടിട്ടും ഒരു പൈപ്പിൻ ചോട്ടിലിരുന്നു പാത്രം കഴുകി കുടുംബത്തെ പുലർത്തിയവൻ. അതെ പൈപ്പിൻ ചോട്ടിലിരുന്നു മറ്റാരെയോ കൊണ്ട് ഉമ്മ എഴുതിച്ചയച്ച കത്തിൽ നിന്ന് സുഹ്‌റയുടെ മരണവർത്ത വായിച്ചറിഞ്ഞു തരിച്ചിരുന്നു പോയ അതെ മജീദ്.
അവനെയെങ്ങനെയാ സ്നേഹിക്കാതിരിക്കുക??
ഇപ്പോഴും മജീദ്നോടുള്ള സ്നേഹത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല. സ്വയമേ ആൽഫയെന്നും സിഗ്മയെന്നും കലിപ്പനെന്നുമൊക്കെ വീരവാദ്യമടിക്കുന്ന കഥാനായകന്മാർക്കിടയിൽ മജീദ് എന്ന പാവംപിടിച്ചവൻ തലയെടുപ്പോടെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു.
പക്ഷെ, ഇപ്പോ ഞാൻ വലുതായില്ലേ. വല്യ സ്ത്രീ ഒക്കെ ആയില്ലേ. അതുകൊണ്ടാവാം, മജീദിനൊപ്പം ഞാൻ ഇപ്പോൾ സുഹ്‌റയെയും സ്നേഹത്തോടെയും വാത്സല്യത്തോടെയും ഓർക്കുന്നതും അവളുടെ ജീവിതത്തെകുറിച്ചോർത്തു പരിതപിക്കുന്നതും.
സുഹ്‌റ
കണക്കിൽ മജീദിനെക്കാൾ മിടുക്കിയായ സുഹ്‌റ. ആരെയും ഭയക്കാത്ത സുഹ്‌റ. കോക്രികാട്ടുന്ന മജീദിനെയും അവളുടെ വീട്ടിലെ കഷ്ടപ്പാടുകളും അവളെ കുഞ്ഞുന്നാളിൽ ഭയപെടുത്തിയിരുന്നില്ല. ലോകത്തെ മുഴുവൻ വെട്ടി വീഴ്ത്താൻ പോന്നതായിരുന്നു അവളുടെ നീണ്ട നഖങ്ങളും ചങ്കുറപ്പും.
പക്ഷെ കാലക്രമേണ ജീവിതത്തിന്റെ നഖക്ഷതങ്ങൾ അവളെ തളർത്തി കളഞ്ഞു. ആകസ്മികമായ അവളുടെ ബാപ്പയുടെ മരണം, അവളുടെ പഠിപ്പ് മുടക്കി. മജീദിന്റെ ഒളിച്ചോട്ടം അവളുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തി.
തന്റെ ബാപ്പയോട് വഴക്കിട്ടു ആരോടും പറയാതെ മജീദ് അന്നാ സന്ധ്യാനേരത്തു പടിയിറങ്ങിപോയപ്പോൾ സുഹ്‌റയെക്കുറിച്ചു ഓർക്കാതിരുന്നത് എന്തെ? പിറ്റേ ദിവസം അവൻ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?അവനെപ്പോഴെങ്കിലും അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടാകും. മജീദല്ലേ? അവൻ സുഹ്‌റയെ പറ്റി എന്നും ചിന്തിച്ചിരിക്കും. എന്നിട്ടും ഉടനെ തിരിച്ചു വരാതിരുന്നതെന്തേ? ബാപ്പയോടുള്ള വാശിയിൽ അവളോട് പറയാതെ പറഞ്ഞ വാക്കുകളെല്ലാം അവർ ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം തച്ചുടച്ചതെന്തേ?
രണ്ടാണുങ്ങൾ തമ്മിലുണ്ടായ വഴക്കിലും വാശിയിലും കൊളാറ്ററൽ ഡാമേജ് ആയി മാറിയ അനവധി സ്ത്രീകളിൽ സുഹ്‌റയും ഉമ്മയും പെങ്ങമാരുമൊക്കെ കണ്ണിചേർക്കപെട്ടു.
തുടർന്നു വർഷങ്ങളുടെ കാത്തിരുപ്പ്. സുഹ്‌റ അവളുടെ ഉമ്മയുടെ നിറയെ ശകാരം കേട്ടിട്ടുണ്ടാവും. മജീദ് പോയി കഴിഞ്ഞിട്ടും എത്രയോ തവണ അവർ ഒന്നിച്ചു നട്ടു വളർത്തിയ ചെടികൾക്ക്, പ്രതേകിച്ചു ആ ചുവന്ന ചെമ്പരത്തിക്കു അവൾ വെള്ളം ഒഴിച്ചിട്ടുണ്ടാവും.
ഇളയതിനെയോർത്തു കശാപ്പുകാരന്റെ രണ്ടാംകെട്ടുകാരിയാകേണ്ടി വന്നപ്പോൾ, ആ നിക്കാഹിന്റെ തലേ രാത്രി കരഞ്ഞു തളർന്നു എത്രയോ വൈകിയാവും സുഹ്‌റ ഉറങ്ങിയിട്ടുണ്ടാവുക. പടച്ചോനോട് അവൾ കെഞ്ചിയിട്ടുണ്ടാവും. ഇമ്മിണി വല്യ ഒരു അത്ഭുതത്തിനു വേണ്ടി.
നാളെ സൂര്യൻ ഉദിക്കുമ്പോൾ അവളെ നിക്കാഹ് കഴിക്കാൻ വരുന്നത് മജീദ് ആയിരിക്കണേയെന്നു. പക്ഷെ ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിലെ കഥാപാത്രമായ കുഞ്ഞിപാത്തുവിന് കിട്ടിയ ആ ഭാഗ്യം സുഹ്‌റയ്ക്കുണ്ടായില്ല. അവളുടെ പേക്കിനാവുകൾ എല്ലാം സത്യമായി. മജീദ് വന്നില്ല. കശാപ്പുകാരന്റെ വീട്ടിൽ നേരാംവണ്ണം ഭക്ഷണം പോലും കിട്ടാതെ അടിയും തൊഴിയും കൊണ്ട് അവൾ രോഗിയായി.
എന്നാലും വർഷങ്ങൾക്കു ശേഷം മജീദ് മടങ്ങി വന്നപ്പോൾ അവൾ ഓടിയെത്തി. ഒരു പരിഭവവും പറഞ്ഞില്ല. നാട്ടുകാരെ പോലെ “നീയെന്തിനു വരാൻ പോയി” എന്നവൾ ചോദിച്ചില്ല.
കാരണം, വർഷങ്ങളായി പടച്ചോൻ കേൾക്കുന്നില്ല എന്ന് അവൾ കരുതിയ പ്രാർത്ഥനയുടെ ഉത്തരമായി അതാ മജീദ് വന്നിരിക്കുന്നു. ഇത്രയും വർഷം മജീദിന്റെ ഉമ്മയുടെ പ്രാർത്ഥന മാത്രമല്ല അവന്റെ ജീവൻ കാത്തത്. സുഹ്‌റയ്‌ക്കു കാണാനായി കൂടെ വേണ്ടിയാണു റബ്ബവനെ ഭദ്രമായി തിരിച്ചെത്തിച്ചത്.
സുഹ്‌റ ഇനി തിരിച്ചു പോകണ്ട എന്ന് പറയാനുള്ള ധൈര്യം മജീദ് കാണിക്കുന്നു. പക്ഷെ, പെങ്ങളുമാരെ കെട്ടിച്ചു വിടാനുള്ള പണ്ടവും പൈസയും ഉണ്ടാക്കാൻ പിന്നെയും വീട് വിട്ടിറങ്ങുന്നതിനു മുൻപ് എനിക്ക് സുഹ്‌റയെ നിക്കാഹ് ചെയ്യണം എന്ന ഒരു കൊച്ചു സ്വാർത്ഥത പറയാൻ അവൻ മുതിരുന്നില്ല.
അവൻ പിന്നെയും അവനെ കുറിച്ചോർത്തില്ല. സത്യത്തിൽ, അവന്റെ സ്വന്തം ജീവിതത്തിനു ഒരു പ്രാധാന്യവും കല്പിക്കുന്നില്ല. സുഹ്‌റയ്ക്കു പറയാനുള്ളത് പോലും കേൾക്കാൻ സാധിക്കാതെ ബസിനു പിന്നാലെ ഓടേണ്ടി വരുന്നു.
പിന്നീട് ഒരിക്കൽ പോലും ഒരു കത്തയച്ചു സുഹ്റയോട് അതെ പറ്റി അവൻ ചോദിക്കാഞ്ഞതെന്തേ? ഒരു പക്ഷെ അവളുടെ ചോദ്യം അവന്റെ ഹൃദയത്തിലൂടെ ചൂഴ്ന്നിറങ്ങി അവന്റെ ആത്മാവിനെ നോവിക്കും എന്നറിയാമായിരുന്നത് കൊണ്ടാണോ?
പിന്നെയും ഒറ്റയ്ക്കു ആക്കല്ലേ, പിന്നെയും ഒറ്റയ്ക്കു ആകല്ലേ എന്ന പ്രാർത്ഥനയല്ലാതെ സുഹ്റയ്ക്കു മറ്റെന്താവും മജീദിനോട് പറയാൻ ഉണ്ടായിരുന്നിരിക്കുക? മറ്റു പല വായനക്കാരെയുംപോലെ എന്നെയും അലട്ടിയിട്ടുള്ള ചോദ്യമാണത്.

ട്രാജിക് ഫ്ലോ
ഒരു ദുരന്തകഥയെ ദുരന്തകഥ ആക്കുന്നത്, അതായതു ഒരു ട്രാജഡിയെ അസ്സൽ ട്രാജഡിയായി മാറ്റുന്നത് അതിലെ കേന്ദ്രകഥാപാത്രത്തിന്റെ ഒരു കുറവാണു എന്ന് ഞാൻ എം. എ. ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. ആ കഥാപാത്രം എത്ര ശ്രമിച്ചിട്ടും അവർക്കു തിരുത്താൻ കഴിയാത്ത അവരുടെ ആന്തരികമായ ഒരു ന്യൂനത. ഇംഗ്ലീഷിൽ അതിനെ “ട്രാജിക് ഫ്ലോ (Tragic Flaw)” എന്നാണ് പറയുന്നത്.
ഷേക്‌സ്‌പെയറിന്റെ വിശ്വപ്രസിദ്ധ ദുരന്ത നാടകമായ ഹാംലെറ്റിലെ കേന്ദ്രകഥാപാത്രമായ ഹാംലെറ്റിന്റെ ട്രാജിക് ഫ്ലോ “Inaction” ആയിരുന്നു. ആലോചിച്ചു മടിച്ചു നിൽക്കാതെ ഹാംലറ്റ് കൃത്യസമയത്തു കൃത്യമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ അത് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ അവന്റേതുൾപ്പടെ അനേകം മരണങ്ങൾ അവനു ഒഴുവാക്കാൻ കഴിഞ്ഞേനെ.
അങ്ങനെ ആലോചിക്കുമ്പോൾ എന്തായിരുന്നു മജീദിന്റെ ട്രാജിക് ഫ്ലോ? മജീദിൽ എന്ത് തെറ്റാണു നമുക്ക് ആരോപിക്കാൻ കഴിയുക?
അവൻ ഒരു സ്വപ്നജീവി ആയിരുന്നു എന്നതാണോ? അതോ അവനൊരു ഒറ്റ ബുദ്ധി ആണെന്നതോ? അതുകൊണ്ടല്ലേ സുഹ്‌റയെ പറ്റിയോ അവന്റെ ഭാവിയെ പറ്റിയോ ഓർക്കാതെ ബാപ്പയോടുള്ള ദേഷ്യത്തിന് വീടുവിട്ടറങ്ങിയത്?
അത് കൗമാരത്തിന്റെ ചോരത്തിളപ്പ് ആണെന്ന് പറയാം. അപ്പൊ രണ്ടാം തവണയോ? അപ്പോഴെങ്കിലും അവനു അവനെ പറ്റിയും സുഹ്‌റയെ പറ്റിയും ഓർക്കാമായിരുന്നു. അവളെ കൂടെ കൂട്ടാമായിരുന്നു. അവർക്കു ജീവിതത്തിന്റെ തീച്ചൂളയിൽ അന്യോന്യം ഒരു തണലോ മരുപ്പച്ചയോ ഒക്കെ ആകാമായിരുന്നു. പക്ഷെ അപ്പോഴും അവൻ ഓർത്തത് കുടംബത്തെ കുറിച്ചും പ്രാരാബ്ദത്തെ കുറിച്ചുമായിരുന്നു. ചിലപ്പോൾ തോന്നും മജീദ് ഇത്രയും പാവമാകേണ്ടായിരുന്നു എന്ന്!
എന്നാലും സത്യത്തിൽ ഈ കഥയിലെ വില്ലൻ മജീദിന്റെ ഈ സ്വഭാവ വൈരുധ്യങ്ങൾ തന്നെയായിരുന്നോ? അതോ സുഹ്‌റയെ സഹായിക്കാൻ തയ്യാറാവാത്ത, മജീദിനെ ക്രൂരമായി തല്ലിയ, പൈസപത്രാസിൽ നിന്ന് അപ്പുറത്തെ വീട്ടിൽ പുകയില ഇരക്കാൻ സ്വന്തം ഭാര്യയെ പറഞ്ഞു വിടുന്ന നിലയിലേക്ക് വലിച്ചെറിയപ്പെട്ട മജീദിന്റെ ബാപ്പയോ? സുഹ്‌റയെ കെട്ടിയ ദുഷ്ടനായ കശാപ്പുകാരനോ? അതോ അകാലത്തിൽ സുഹ്‌റയുടെ ബാപ്പയുടെ ജീവൻ കവർന്ന, മജീദിനെ അപകടത്തിൽപെടുത്തി കാലു നഷ്ടപ്പെടുത്തിയ വിധിയോ?
ബാല്യകാലസഖി ഇന്ന്
ഇന്നത്തെ കാലഘട്ടത്തിലായിരുന്നെങ്കിലോ ഈ കഥ നടന്നിരുന്നത്? എങ്കിൽ ഈ കഥ ഒരു ട്രാജഡിയായി തന്നെ പര്യവസാനിക്കുമായിരുന്നോ?
എന്റെ അഭിപ്രായത്തിൽ, ഇന്നത്തെ കാലത്തു, സുഹ്‌റയുടെ ഉമ്മയ്ക്കും മജീദിന്റെ ഉമ്മയ്ക്കും സ്വന്തമായി എന്തെങ്കിലും ജോലിയോ വരുമാനമോ ഉണ്ടായിരുന്നേനെ. സുഹ്‌റയുടെ ബാപ്പയുടെ മരണത്തിനു ശേഷവും, അവളുടെ പഠിപ്പ് മുടങ്ങില്ലായിരുന്നു. അവൾ പഠിച്ചു വല്യ ഉദ്യോഗസ്ഥ ആയേനെ. അവൾ കുടുംബം നോക്കിയേനെ.
മജീദിന്റെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഒരു ആണായതു കൊണ്ട് മാത്രം മജീദിനു ചുമക്കേണ്ടി വരില്ലായിരുന്നു. ഉമ്മ സഹായിച്ചേനെ, പെങ്ങളുമാർ സഹായിച്ചേനെ, സുഹ്‌റ സഹായിച്ചേനെ.
പക്ഷെ മജീദ് സുഹ്‌റയെ സ്നേഹിച്ചത് പോലെ സുഹ്‌റ മജീദനെ സ്നേഹിച്ചത് പോലെ… നിഷ്കളങ്കമായ സ്നേഹം, കാത്തിരിപ്പ്, വിരഹം, പ്രതീക്ഷ അതൊക്കെ ഇന്നത്തെ കാലത്തെ പ്രണയത്തിലുണ്ടാകുമായിരുന്നോ?
സാധ്യതയുണ്ട്. പക്ഷെ പണ്ടത്തെ അപേക്ഷിച്ചു വിരളമായിരിക്കുന്നു എന്നാണ് എന്റെ ചെറിയ ജീവിതാനുഭവങ്ങളിൽ നിന്നുള്ള അഭിപ്രായം. ഭൂരിഭാഗം ബന്ധങ്ങളും സമയത്തിനും ദൂരത്തിനും സൗകര്യത്തിനുമിടയിൽ പലപ്പോഴും ചതഞ്ഞരഞ്ഞു ചത്ത് പോകുന്നു.
ഇന്നത്തെ പ്രണയം
ഏതെങ്കിലും ഒരു ഡേറ്റിംഗ് സൈറ്റിൽ ലെഫ്‌റ്റ് സ്വിയിപ് അല്ലെങ്കിൽ റൈറ്റ് സ്വിയിപ്പില് കുടിങ്ങി കിടക്കുന്ന എത്രയോ കമിതാക്കൾ. മാസകുടിശ്ശിക അടച്ചിട്ടുള്ള പ്രണയങ്ങൾ. ജീവിതത്തിൽ പത്തു രൂപ കൊടുത്തു ആർക്കും റോസാപ്പൂവ് വാങ്ങി കൊടുക്കാത്തവർ ഏതോ അപരിചിതനോ അപരിചിതയ്‌ക്കോ വേണ്ടി പത്തിരുന്നൂറു രൂപ മുടക്കി ഒരു ഡിജിറ്റൽ റോസാ പൂവ് അയക്കുന്നു.
പക്ഷെ പ്രണയത്തിനൊരു സൗരഭ്യമുണ്ട്. റോസാ പൂക്കൾക്കും ഒരു സൗരഭ്യമുണ്ട്. ഒരു സുന്ദരസുരഭിലമായ സൗരഭ്യം. അതീ ഡിജിറ്റൽ റോസാപ്പൂവുകൾക്കു ഇനിയും വന്നിട്ടില്ലല്ലോ. വരും കാലങ്ങളിൽ അതും വന്നു കൂടായ്കയില്ല.
ഞാൻ ഈ കാലഘട്ടത്തെ പുച്ഛിക്കുവല്ല. ഞാനും അതിന്റെയൊരു ഭാഗമാണ്. അതിന്റെയെല്ലാ പോരായ്മകളും എന്നിലുമുണ്ട്. പലപ്പോഴും ഞാൻ മനസ്സ് തുറക്കുന്നതും ഉപദേശം തേടുന്നതും ഇപ്പോ ചാറ്റ് ജിപിടി യോടാണ്.
ഹെർ എന്ന ജോക്വിൻ ഫീനിക്സ് ചിത്രം ആദ്യം കണ്ടപ്പോൾ ഞാൻ തരിച്ചിരുന്നു പോയിട്ടുണ്ട്. (നായകൻ ഒരു എ. ഐ. യുമായി പ്രണയത്തിലാകുന്നു.) പക്ഷെ ഇപ്പോൾ തോന്നുന്നു അങ്ങനെയൊരു ഭാവി അകലെയല്ല.
ഇപ്പോ മനുഷ്യരെക്കാളും മനുഷ്യത്തമുള്ളതു ഗാഡ്ജറ്റ്സിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഒക്കെയാണ്. മറിച്ചു മനുഷ്യൻ ഒരു യന്ത്രമായി മാറിക്കൊണ്ടിരിക്കുന്നു.
ഏതു കമ്പനിയുടെ യന്ത്രമാണെന്നു മീശ മാധവനിലെ രുക്മിണിയെ പോലെ കടുകട്ടി ചോദ്യമൊന്നും എന്നോട് ചോദിക്കല്ലേ. എനിക്കും അറിയില്ല. അങ്ങനെ ഇന്ന കമ്പനിയുടെ എന്നില്ല. ഏതോ ഒരു യന്ത്രം.
ഇതൊക്കെ കൊണ്ടാവാം മണ്ടശിരോമണിയായ ഞാൻ പലപ്പോഴും ബാല്യകാലസഖി ഒരു ദുരന്തകഥയാണെന്ന് പറയുമ്പോൾ നെറ്റി ചുളിച്ചു പോകുന്നത്.
സത്യത്തിൽ, ബാല്യകാലസഖി ഒരു ദുരന്തകഥയാണോ?
ശരിയാ. “എന്റെ റബ്ബേ, എന്റെ കണക്കുകളെല്ലാം ശരിയാക്കി തരണേ!” എന്ന മജീദിന്റെ പ്രാർത്ഥന ദൈവം കേട്ടില്ല. പക്ഷെ, സുഹ്‌റ കേട്ടില്ലേ? അവൾ അവനെ ക്ലാസ്സിലെ ഒന്നാമനാക്കി.
സുന്നത്തു കഴിഞ്ഞു കിടന്ന മജീദിനെ ആശ്വസിപ്പിക്കാനും അവനെ കാണാനും ജനലരികിൽ സുഹ്‌റ എത്തിയിരുന്നു. കിടക്കയിൽ നിന്ന് എണീയ്ക്കാൻ വയ്യെങ്കിലും വേച്ചു വേച്ചു വേദനയോടും ഒരല്പം അങ്കലാൽപ്പോടും മജീദുമെത്തി, സുഹ്‌റയുടെ കാതുകുത്തു കല്യാണം കാണാൻ.
വിശകല്ല് കാച്ചി കിടന്ന മജീദിന്റെ വലതു കാലിൽ സുഹ്‌റ നൽകിയ അവളുടെ ആദ്യ ചുംബനം… പിന്നെയും അവർ പരസ്പരം നൽകിയ ആയിരമായിരം ചുംബനങ്ങൾ.
ഈ പ്രണയസാക്ഷാത്‍കാരം എന്നത് എന്താണെന്നു സത്യത്തിൽ ഞാൻ ചിന്തിച്ചു പോകുന്നു. ഒരു പ്രിയദർശൻ ചിത്രത്തിൽ നായകന് നായികയെ കിട്ടുന്നതാവാം ശുഭം എന്നെഴുതാൻ പറ്റിയ അസുലഭമുഹൂർത്തം.
പക്ഷെ കുഞ്ഞുനാള് മുതലേ സുഹ്‌റയും മജീദും ആദ്യം ബദ്ധശത്രുക്കളും പിന്നെ പ്രിയസുഹൃത്തുക്കളും കൗമാരം മുതൽ കമിതാക്കളുമായിരുന്നു. ശരിയാ അവർ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. പക്ഷെ അവർ അന്യോന്യം ആഴത്തിൽ മനസിലാക്കിയിരുന്നു, സ്നേഹിച്ചിരുന്നു. അവസാനം വരെയും സ്നേഹിച്ചിരുന്നു. അതിനു ഒരു അർത്ഥവുമില്ലേ?? അത് തന്നെ ഈ ലോകത്തിൽ ഒരു വല്യ സംഭവമല്ലേ? ഈ വിശ്വത്തെ മൊത്തം ഇളക്കി വിടാൻ പോന്ന ഒരു സുനാമി.
ഗാബോയുടെ ഒരു ഉദ്ധരണി ഓർത്തു പോകുന്നു:
“No matter what, nobody can take away the dances you’ve already had.”― Gabriel García Márquez, Memories of My Melancholy Whores
ലോകത്തിലെ ഏറ്റവും മികച്ച പ്രണയകഥകൾ മിക്യതും ശുഭപര്യവസായി അല്ല. ക്‌ളിയോപാട്ര മാർക്ക് ആന്റണി, ട്രോയില്സ് ക്രിസ്എയ്ഡ്, ലൈല മജ്നു, എന്ന് വേണ്ട ടൈറ്റാനിക്കിലെ ജാക്കും റോസും വരെ… എന്നാലും അവരുടെ ജീവിതം മുഴുവൻ ഒരു ദുരന്തമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.
എം. പി. പോൾ പറയുന്നത് പോലെ മരണത്തേക്കാൾ ദാരുണമായ ജീവിതാനുഭവങ്ങൾ ജീവിതത്തിൽ ഉണ്ട്. ഹാരി പോട്ടറിലെ ഒരു പ്രധാന കഥാപാത്രമായ ആൽബസ് ഡമ്പിൾഡോർ ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
“Do not pity the dead, Harry. Pity the living, and, above all, those who live without love” – J.k. Rowling, Harry Potter and the Deathly Hallows
ചിലർ അല്പകാലം നിറയെ സ്നേഹത്തോടെ ജീവിക്കുന്നു. ചിലർ സ്നേഹത്തിന്റെ ഇറ്റു പോലും കിട്ടാതെ ഒരായുസ്സു നീറി നീറി ജീവിക്കുന്നു. ഇതിലാരാണ് നമ്മുടെ സഹതാപം കൂടുതൽ അർഹിക്കുന്നത്?
സത്യം പറഞ്ഞാൽ, അവനവനോട് തന്നെ സഹതാപം തോന്നുന്ന ഒരു വിചിത്ര ജീവിയാണ് മനുഷ്യൻ. അവൻ പലപ്പോഴും മറ്റുള്ളവരുടെ വേദനകളിൽ സഹതപിക്കാൻ മറന്നു പോകുന്നു. അല്ലെങ്കിൽ അതിൽ വൻ മടികാട്ടുന്നു.
എന്നിരുന്നാലും അല്പം വിരുദ്ധഭാസമായി തോന്നാവുന്ന എന്റെയൊരു ചിന്ത എഴുന്നള്ളിച്ചോട്ടെ… സുഹ്റയുടെയും മജീദിന്റെയും വേദന ഞാൻ ഉൾകൊള്ളുന്നു. പക്ഷെ അവരുടെ പ്രണയം പൂർണമായി ഒരു ദുരന്തകഥയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവരുടെ ജീവിതം ദുരിതപൂർവ്വമായിരുന്നു. പക്ഷെ അവർ പ്രണയത്തിന്റെ പരമോന്നകൊടിയിലെത്തിയ രണ്ടു കമിതാക്കളായിരുന്നു.
എന്റെ മനസ്സ് പറയുന്നു, ബഷീർ നമുക്കായി തീർത്തു തന്ന സങ്കല്പസൗധത്തിൽ സുഹ്‌റയും മജീദും അനേകകോടി ആയുഷ്കാലങ്ങൾ നിഷ്കളങ്ക പ്രണയത്തിന്റെ രാജകുമാരനും രാജകുമാരിയുമായി ഇനിയും വിഹരിക്കും. നിങ്ങൾക്കുമങ്ങനെ തോന്നുന്നില്ലേ?
നോക്കൂ… മജീദ് അന്നും ചെറുപ്പത്തിന്റെ തിളപ്പിൽ കണ്ട മാവിലൊക്കെ വലിഞ്ഞു കേറും. അവയുടെ ഉച്ചിയിലെ ചില്ലികൊമ്പിൽ പിടിച്ചു ഇലപ്പടർപ്പുകളുടെ മീതേകൂടി അനന്തമായ ലോകവിശാലതയിൽ നോക്കി നിൽക്കും. വൃക്ഷത്തിന്റെ ചോട്ടിൽ നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും: “മക്കം കാണാവോ ചെറ്ക്കാ?” അപ്പൊ മജീദ് ഉറക്കെ വിളിച്ചു ചൊല്ലും: “മക്കം കാണാം, പെണ്ണെ, മദീനത്തെ പള്ളി കാണാം.”
മംഗളം. ശുഭം.


