Joy Vazhayil's Blog: Joy Vazhayil
March 22, 2019
ലാസ്യം
September 15, 2018
സ്‌മൃതിനാമ്പുകൾ
2018 കലാകൗമുദി സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച കവിത
[image error]October 14, 2017
വെളിച്ചം സ്പർശിച്ച ബാലൻ
2017 ഒക്ടോബർ ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിത

August 15, 2017
സ്നേഹത്തിന്നപ്പുറം
2017 കലാകൗമുദി ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച കവിത

December 10, 2015
അന്തിമലരി
അന്തിത്തുടിപ്പു കരിയുന്നു വിണ്മുഖ-
ത്തന്തിമലരി വിരിയുന്നിതുള്ളിലും.
സ്വച്ഛമായെന്‍റെ കിടക്കയില്‍ ചാഞ്ഞൊരു
കൊച്ചുകവിതയെഴുതുകയാണു ഞാന്‍.
പൂക്കള്‍ വിരിയുന്നു, പാറുന്നു ചുറ്റിലും
പൂമ്പാറ്റകളെന്‍റെ മോഹങ്ങള്‍ പോലവേ.
എത്രമേലെന്നില്‍ ചൊരിയുകയാണിഷ്ട-
മുത്തങ്ങളന്തിക്കതിരുക,ളമ്മയും.
എത്രയോ സുന്ദരം ജീവിതം, സ്നേഹത്തിന്‍
മുഗ്ദ്ധമരീചികള്‍ ദീപിതമാക്കുകില്‍.
എത്രയോ നിര്‍മ്മലം സ്നേഹ,മതിലൊരു
ഹൃത്തടചാരുത പൂത്തുലഞ്ഞീടുകില്‍.
“പൊന്നുമോളെന്താണു ചിന്തിപ്പ”തെന്നോതി
പിന്നെയുമുമ്മ തരുന്നമ്മ നെറ്റിയില്‍.
എന്തുമധുരമാണുമ്മയെന്നോര്‍ത്തു ഞാന്‍;
എന്തിനേ കണ്ണീരണിയുന്നു തായയാള്‍?
നാളുകള്‍ മുമ്പെനിക്കുണ്ടായ രോഗമാ-
ണാളുന്നതമ്മ തന്‍ ഹൃത്തിലസംശയം.
“അമ്മ കരയുന്നതെന്തിനാണിഷ്ടയാം
ഇമ്മകള്‍ വേഗം സുഖമായി വന്നിടും.
വാര്‍മഴവില്ലുപോലമ്മ ചിരിക്കുകില്‍
തൂമയില്‍ മിന്നുമതെന്‍റെ കവിതയായ്.”
അമ്മ ചിരിച്ചു, “ലസിക്കട്ടെ നിസ്തുലം
പൊന്മകളേ, തവ സ്വര്‍ഗ്ഗീയമാനസം.”
അമ്മ ചിരിച്ചുവെന്നാലുമക്കണ്ണിണ
അമ്മട്ടു സാഗരമാവുന്നതെന്തിനായ്?
ഒന്നുമശുഭമോര്‍ത്തീല ഞാന്‍, വിണ്ടലം
എന്നുമൊരമ്പിളിസ്മേരം പൊഴിക്കയാല്‍.
പൊന്നുഷസ്സെത്തിപ്പുണരുന്നിടത്തൊരു
പന്നഗദംശനമെന്തിനോര്‍ത്തീടണം?
സ്ക്കൂളിലൊട്ടേറെ ദിനങ്ങള്‍ കാണായ്കയാല്‍
തേടിയെന്‍ ചാരെയ,ന്നെത്തിയൊരെന്‍ സഖി
ഒത്തിരി മൂകയായ് നിന്നു, നിന്‍ രക്തത്തി-
നിത്തിരിയെന്തോ കുഴപ്പമെന്നോതിനാള്‍.
“സാരമില്ലെല്ലാക്കുഴപ്പവും മാറു,”മെ-
ന്നാരമ്യസുസ്മേരമോടെ ഞാനോതവേ,
പൂക്കള്‍ വിരിഞ്ഞൊരക്കണ്‍കളില്‍ കണ്ടു ഞാന്‍,
ഊഷ്മളസ്നേഹമനോജ്ഞമരീചികള്‍.
ഇന്നാളൊരിക്കല്‍ ചെടികളോടിത്തിരി-
ക്കിന്നാരമോതുവാന്‍ വാടിയിലെത്തവേ,
കണ്ടു ഞാന്‍ വെണ്‍പനീര്‍പ്പൂവിന്നിതളുകള്‍
കൊണ്ടു പശിയടക്കുന്ന പുഴുക്കളെ.
ഒട്ടു സഹതാപമാര്‍ന്നു ഞാന്‍, പാവങ്ങള്‍
മൊട്ടുകള്‍, എന്തായിടാം വിധികല്പിതം?
ആറ്റില്‍ത്തിരയില്‍ത്തടിക്കഷണങ്ങള്‍ പോല്‍
കാറ്റിലൊഴുകുന്ന മര്‍മ്മരച്ചീന്തുകള്‍,
രണ്ടുനാലെണ്ണം ശ്രവിച്ചു ഞാന്‍;- “അര്‍ബുദം
കുഞ്ഞിന്‍റെ രക്തത്തിലെങ്ങനെ വന്നുവോ?”
അങ്ങേപ്പുറത്തെ വല്ല്യമ്മയുരയ്ക്കയാ-
ണങ്ങനെ, വാലിയക്കാരിയോടാര്‍ദ്രയായ്.
എന്താണ,തെന്തൊക്കെയാണെന്നിരിക്കിലും
എന്നെക്കുറിച്ചതെന്നന്നു ഗ്രഹിച്ചു ഞാന്‍.
അര്‍ബ്ബുദത്തോടു പിണങ്ങീലൊരിക്കലും;
അന്തരാ വന്നതെന്തിന്നു പിണങ്ങുവാന്‍?
എന്തിനെന്നെത്രയോ ചോദിക്കിലുമതി-
നന്തിക്കതിരിനും മൗനമാണുത്തരം.
പൂവിന്നിതളില്‍ പുഴു പോലെയായിടാം
ആവിര്‍ഭവിക്കുന്നതര്‍ബുദം? – ഓര്‍ത്തു ഞാന്‍.
ആയിടാ,മല്ലായിരിക്കാം; പറക്കുവാ-
നേറെയുണ്ടെന്നുടെ ഭാവനയ്ക്കിന്നിയും.
ഏറെപ്പറക്കുവാനുണ്ടതി,ന്നത്രയും
പാറുവാന്‍ ശക്തി ചിറകിനുണ്ടാവുമോ?
ഏറെ നല്കീടുവാനുണ്ടെനിക്കത്രയും
നേരമെന്നാത്മാവുണര്‍ന്നിങ്ങിരിക്കുമോ?
ഒന്നുമറിവീലറിയാതിരിപ്പതില്‍
നിന്നുയിര്‍ക്കൊള്ളും കിനാവാണു ജീവിതം.
അക്കിനാവൊന്നു ഞാനക്ഷരമാക്കവേ,
അമ്മ വരുന്നു പിന്നേയും മരുന്നുമായ്.
“എന്തിനി”തെന്നു കുസൃതി ചോദിപ്പു ഞാന്‍,
“എന്‍റെ മോള്‍ക്കേറെ സുഖത്തി”നെന്നമ്മയും.
“അമ്മയെത്തുന്നതില്‍ മീതെയേതുണ്ടെനി-
ക്കമ്മേ സുഖ”മെന്നു ചൊല്ലി മരുന്നുകള്‍
എല്ലാം കഴിച്ചു മയങ്ങുന്നു ഞാ,-നമ്മ
എന്നരികത്തിരിക്കുന്നൂ നിശബ്ദയായ്.
നാളെയെന്തെന്നറിവീലയെന്നാലുമീ
വേളയെന്‍ സ്വര്‍ഗ്ഗമതില്‍ക്കഴിയട്ടെ ഞാന്‍.


July 13, 2015
കടലാസുവഞ്ചി (ശലഭയാനം)
ചിതറിയ കാര്‍മേഘച്ചണ്ടിയെല്ലാം
തുഴയാല്‍ വകഞ്ഞൊട്ടൊതുക്കി മാറ്റി
കതിരിന്‍ കൊതുമ്പുവള്ളത്തിലേറി
കതിരോന്‍ കിഴക്കുവന്നെത്തിയന്നും.
കമനി,യുഷസ്സിന്‍ കരം മുകര്‍ന്നു
കമനീയനീലനഭസ്സിലൂടെ
ദിനകരന്‍ മെല്ലെയകന്നുപോകെ,
മനമവള്‍ക്കാര്‍ദ്രം തുടിച്ചുപോയീ.
അവിടെ വിണ്‍വീട്ടിലവന്റെ ഹൃത്തായ്,
കവിതയായ് കാമിനി കാത്തിരുന്നൂ.
അവളുടെയുള്ളിന്റെയര്‍ച്ചനയാല്‍
അവനതിഭാസുരനായിരുന്നു.
ഇരുളിന്‍തിരകളൊഴിഞ്ഞുപോയി,
ഇരവിന്റെ ശാപവും മാഞ്ഞുപോയീ.
അവളുടെ നെഞ്ചിലെരിഞ്ഞ രാഗം
അവനേകി ജീവന്റെ മന്ദഹാസം.
കടലിനരികിലെക്കുടിലിലന്നും
കനകവെയിലൊളി പാറിയപ്പോള്‍,
കടലാസുവഞ്ചിയാലുണ്ണി വള്ളം-
കളിയിലാമോദിതനായ് ലസിക്കേ,
കരളൊന്നരണ്ട കരിങ്കുരികില്‍-
ക്കദനമായ് പാറിയലഞ്ഞരികില്‍.
കടലാസുവഞ്ചി മെനഞ്ഞ കൈകള്‍
കമലമുകുളമായ് കൂമ്പിനില്ക്കേ,
നിനവില്‍ക്കുരുങ്ങിയ പ്രാര്‍ത്ഥനയിന്‍
നിഴലുകളങ്ങിങ്ങിളകി മെല്ലേ.
ഒഴുകുന്ന കണ്ണുനീര്‍ത്തുള്ളികളാ
മിഴിമുനയിങ്കല്‍ത്തിളങ്ങി നില്ക്കേ,
ഒരുനാളുമോര്‍മ്മയില്‍ കെട്ടുപോകാ-
തെരിയുന്ന തീക്കനലാളി ഹൃത്തില്‍.
ഒരുവര്‍ഷമല്ലോ കഴിഞ്ഞു, കേളി
കരുമനയാല്‍ വിധി ചെയ്തശേഷം.
നീലനീരാളമലങ്കരിക്കും,
നീരദമാലകള്‍ ലാലസിക്കേ,
പുലരിയിലന്നവന്‍ യാത്രയായ-
തുലയിലെരിയുമാ ചിത്തമോര്‍ത്തൂ.
കുറുമുഴിമൊട്ടണിക്കാന്തി തൂകി
നറുമൊഴിക്കൊഞ്ചലുതിര്‍ത്തണഞ്ഞൂ,
മകനവനാശയതൊന്നുമാത്രം-
കടലാസുവഞ്ചി കളിച്ചിടേണം.
“തിരികെ വന്നുണ്ടാക്കി നല്കിടാം ഞാ-
നൊരു കേളിയോടമെന്‍ കണ്മണിക്കായ്,
ഇതിനില്ല ഭേദം, നമുക്കു നാളെ
മതിവരുവോളവും വഞ്ചിമേളം.”
അവനെയെടുത്തണച്ചുമ്മവെച്ചി-
ട്ടടിവെച്ചിടുമ്പോ,ളണഞ്ഞു രാഗം
നിറയും മിഴികളവള്‍ക്കു നേരേ;
നിറയും മിഴികളെക്കണ്ടു ചാരേ.
അമരത്തിരുന്നു തുഴയെറിഞ്ഞും
അലറുന്ന കടലിന്നകമറിഞ്ഞും
അറിയാത്ത ഭാവിയില്‍ മുങ്ങിയെത്താന്‍
അലയെപ്പിളര്‍ന്നവന്‍ യാത്രയാകെ,
കളിവഞ്ചിയല്ലതു, മൃത്യുവിന്‍റെ
വിളിയോടമെന്നവളോര്‍ത്തതില്ല;
കടലാസുവഞ്ചിക്കിനാവുമായി
കടലിലുറങ്ങുമെന്നാളുമെന്നും.
നിറമതി രാവിങ്കലെന്നപോലെ,
നിനവിലെ രാഗവിശുദ്ധിപോലെ,
ഇനിയവനൊരുനാളുമെത്തുകില്ലെ-
ന്നനിലനുമവളോടുരച്ചതില്ല.
അണയുന്ന വിക്ഷോഭമാലകളില്‍
അണയുമാ ദീപമെന്നോതിയില്ല,
അരുമയായെത്തി വിളക്കുവെച്ചോ-
രരുഷിയും,- വിധിയേ ജയിച്ചിടുന്നു.
ഒരുകൊച്ചു പക്ഷി പറന്നണഞ്ഞ-
ത്തരുശാഖയിങ്കലിരുന്നു ദീനം,
കരളിന്‍റെ വീണയില്‍ രാഗവായ്പിന്‍
വിരലുകളാല്‍ വിരചിച്ചു ഗാനം.
അവളുടെ നീലമിഴികളിലാ
വിലപനച്ചുഴികള്‍ തിരിഞ്ഞുചുറ്റി.
അവളുടെയാത്മാവിലാഴ്ന്നിറങ്ങി
വിവശതയേറ്റുമാ വശ്യഗീതം.
അവളൊന്നു നോക്കിയഹര്‍മ്മുഖത്തേ-
യ്ക്കറിയാതെ,യുള്‍വിളിയാര്‍ന്നപോലെ.
മുകരുന്ന ചെങ്കതിര്‍ ചൂഴ്ന്ന വെള്ളി-
മുകിലൊന്നു കാണ്മതുണ്ടൊട്ടു ദൂരെ.
ഒരു മാത്രയവളതില്‍ കണ്ടു രൂപം-
കരളിന്‍റെയുള്ളിലെ സ്നേഹദീപം.
കരമവന്‍ നീട്ടുകയാണു നേരേ,
കളിവഞ്ചിയൊന്നതില്‍ത്തിടുന്നു.
തിരകളില്‍ത്താഴുന്ന ഹൃത്തടത്തിന്‍
ത്വരയായുയര്‍ന്നതാം കേളിയോടം.
എന്താണു കണ്‍കളുരച്ചിടുന്ന-
തെന്നവളങ്ങനെ കേട്ടുനില്ക്കേ,
നിമിഷങ്ങള്‍ മൗനവിമുദ്രിതമായ്,
നിലവെടിഞ്ഞാര്‍ദ്രമായ് സൂര്യചിത്തം.


May 2, 2015
ഓംചേരിനാടകങ്ങളിലെ ജീവിതദര്‍ശനം
2015 മേയ് മൂന്നിനു ഡല്‍ഹിയില്‍ നടന്ന ഓം ചേരി നാടകസിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധം.
“ഏതു കലാസൃഷ്ടിയും ഉണ്ടാകുന്നത് ആവശ്യകതാബോധത്തില്‍ നിന്നാണ്. അതിനെ വിലമതിക്കാവുന്നത് അങ്ങനെ മാത്രമാണ്” എന്ന് റെയ്നര്‍ മരിയ റില്‍ക്കെ പറഞ്ഞിട്ടുണ്ട്. ഏതൊരു കലാസൃഷ്ടിയും അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍റെ ജീവിതദര്‍ശനം പ്രതിഫലിപ്പിക്കുമെന്നത് ഒരു വസ്തുതയാണ്. സൃഷ്ടിയ്ക്ക് അതിന്‍റെ സ്രഷ്ടാവിനോടുള്ള ആത്മബന്ധമാണിതിനു കാരണം. പ്രപഞ്ചത്തിന്‍റെ പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും മനുഷ്യജീവിതമെന്ന മഹാസമസ്യയെ അപഗ്രഥനത്തിനു വിധേയമാക്കുകയും ചെയ്യുന്ന കലാകാരന്‍, അതിലെ വൈചാരിക-വൈകാരികാംശത്തെ, ഒരു കണ്ണാടിയില്‍ മുഖം പ്രതിഫലിപ്പിക്കുന്നതുപോലെ അനുവാചകനു മുമ്പില്‍ അവതരിപ്പിക്കുന്നു. അതിന്‍റെ ലക്ഷ്യം ഒരര്‍ത്ഥത്തില്‍ ജീവിതസാക്ഷാത്കാരത്തിന്‍റെ ലക്ഷ്യം തന്നെയാണ്. താന്‍ വിടുന്ന ലോകം, താന്‍ വന്ന ലോകത്തെക്കാളും അല്പമെങ്കിലും മെച്ചപ്പെട്ടുകാണാനുള്ള ആഗ്രഹമാണ് ആ കണ്ണാടിസൃഷ്ടിയ്ക്കു പിറകിലുള്ള മന:ശാസ്ത്രം.
ഓംചേരി, ജീവിതയാഥാര്‍ത്ഥ്യങ്ങളെയും സാമൂഹ്യസന്ദര്‍ഭങ്ങളെയും നര്‍മ്മമധുരമായി അവതരിപ്പിക്കുന്നതിനു പിറകില്‍ ഇത്തരമൊരു ഉള്‍ക്കാഴ്ചയുടേയും അഭിവാഞ്ഛയുടേയും വെളിച്ചം സൂക്ഷ്മദൃക്കായ അനുവാചകന് അനായാസം കണ്ടെത്താവുന്നതാണ്. നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചീന്തുകള്‍ പോലെ യഥാതഥമായി ചില നാടകങ്ങള്‍ അനുഭവപ്പെടുമ്പോള്‍, മിത്തുകളും മാജിക്കല്‍ റിയലിസവുമായുള്ള അവിനാഭാവം ദ്യോതിപ്പിക്കുന്ന രംഗങ്ങളിലൂടെ ഭാവന ചലിപ്പിക്കുവാന്‍ പര്യാപ്തമായി കാണപ്പെടുന്ന മറ്റുചിലവ, സിംബോളിസം, എക്സ്പ്രഷനിസം തുടങ്ങിയ പല ഇസങ്ങളിലേയും ഘടകങ്ങള്‍ സംലയിപ്പിക്കുന്നു. എന്നാല്‍ അവയെ ഏകോപ്പിക്കുന്ന മൗലികയാഥാര്‍ത്ഥ്യം ആ ജീവിതദര്‍ശനത്തിന്‍റെ പ്രസ്ഫുരണം തന്നെയാണ്.
ഓംചേരിയുടെ ജീവിതദര്‍ശനത്തിന്‍റെ മധുരിമ, ആ പ്രസാദാത്മകമായ ജീവിതത്തിന്‍റെ മധുരിമ തന്നെയാണ്. മനുഷ്യജീവിതത്തിലെ ഏതൊരു രംഗം സ്രഷ്ടാവ് നന്മയുടേയും സൗന്ദര്യത്തിന്‍റെയും ചായം കൊണ്ടു ലോകവേദിയില്‍ ചിത്രീകരിച്ചുവോ, ആ മനോജ്ഞചിത്രത്തിന്‍റെ ചാരുതയ്ക്കുടമയാകുവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വവ്യക്തിത്വങ്ങളില്‍ ഒരാളാണ് ഓംചേരി എന്നതുകൊണ്ടുതന്നെ, ആ ജീവിതദര്‍ശനം പ്രതിഫലിക്കുന്ന രചനകള്‍ നമ്മുടെ സവിശേഷമായ പഠനത്തിനു പാത്രമാവേണ്ടതാണ്. എന്താണ് ആ ജീവിതദര്‍ശനത്തിന്‍റെ അടിസ്ഥാനശിലകള്‍? ആ ദര്‍ശനത്തിന്‍റെ ശില്പഭദ്രതയ്ക്കു നിദാനമായ ഘടകങ്ങളെന്തൊക്കെയാണ്? ഓംചേരി എന്ന മഹാനായ ശില്പി അടിസ്ഥാനം പണിയാനുപയോഗിക്കുന്ന ശിലകളുടെ അഭൗമചാരുതയുടെ ഉറവിടമെന്താണ്?
മാനവികതയുടെ സ്വച്ഛന്ദഭാവമാണ് അദ്ദേഹത്തിന്‍റെ കൃതികളിലെ മൗലികദര്‍ശനം. ആ ഭാവം വളര്‍ന്ന് അടിയുറച്ച സാമൂഹ്യപ്രതിബദ്ധതയായി ശാഖോപശാഖകളോടുകൂടി സമൂഹത്തിനു മുഴുവന്‍ തണലു പകരുന്ന വന്‍വൃക്ഷമായി പരിലസിക്കുന്നതു നമുക്കു അനുഭവവേദ്യമാകുന്നു. മനുഷ്യനന്മയിലുള്ള അടിയുറച്ച വിശ്വാസവും അത് പുലര്‍ന്നുകാണാനുള്ള അഭിവാഞ്ഛയും ആ കണ്ണുകള്‍ക്ക് മനുഷ്യപ്രകൃതിയില്‍ ഇഴചേര്‍ന്നിരിക്കുന്ന ദുര്‍വാസനകള്‍ അഗോചരമാക്കുന്നില്ല. എന്നുതന്നെയല്ല, പലപ്പോഴും അവയിലേക്ക് ആ നിശിതപ്രകാശകിരണങ്ങള്‍ തുളച്ചുകയറി, അരുണോദയത്തില്‍ ഇരുട്ടിനെയെന്നപോലെ അത്തരം വാസനകളെ ദൂരീകരിക്കുവാനും, അതുവഴി മനസ്സിന്‍റെ നിര്‍മ്മലീകരണം സംഭവിപ്പിക്കുവാനും പര്യാപ്തമായിത്തീരുകയും ചെയ്യുന്നു.
കലാസൃഷ്ടിയ്ക്കു ലക്ഷ്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നുതന്നെയാണ് ഓംചേരിയുടെ ഉറച്ച ഉത്തരം. ലക്ഷ്യമില്ല എന്നുപറഞ്ഞാല്‍ അത്, അതിന്‍റെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുന്ന പ്രഹേളികയായി മാറുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. കലാസൃഷ്ടിയുടെ ലക്ഷ്യം കലാകാരന്‍റെ ജീവിതലക്ഷ്യം തന്നെയാണ്. സ്വന്തം ജീവിതം യാതൊരു ലക്ഷ്യവും ഇല്ലാത്ത നിരര്‍ത്ഥകതയായിക്കാണുന്ന രചയിതാക്കളും തത്വചിന്തകരും ധാരാളമുണ്ടെങ്കിലും അവരോടു യോജിക്കുന്ന ഒരു നാടകകൃത്തല്ല ഓംചേരി. സമൂഹവുമായി നിരന്തരബന്ധം പുലര്‍ത്തി, ഓരോനിമിഷവും അതിനു നന്മയുടെ പരിവര്‍ത്തനം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍, സാര്‍ത്ഥകവും സോദ്ദേശ്യവുമായ ജീവിതദര്‍ശനത്തിന്‍റെ ചാലകശക്തികളായി മാറിയില്ലെങ്കിലേ അത്ഭുതപ്പേടേണ്ടതുള്ളൂ. “ഒരു കലാകാരന്‍ ആരാണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? അയാള്‍ ഒരു സാമൂഹ്യജീവിയാണ്, എപ്പോഴും ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹൃദയഭേദകമോ, വികാരതീവ്രമോ, അല്ലെങ്കില്‍ ആനന്ദദായകമോ ആയ കാര്യങ്ങളറിയുകയും അവയുടെ സാദൃശ്യത്തില്‍ തന്നെത്തന്നെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നവന്‍” എന്ന പിക്കാസോയുടെ വാക്കുകള്‍ ഇവിടെ സ്മര്‍ത്തവ്യമാണ്.
ഇത്തരത്തിലുള്ള അടിയുറച്ച സാമൂഹ്യ ഉത്തരവാദിത്തബോധത്തിന്‍റെ ചോദനയാണോ ഓംചേരിയെ, അതിന്‍റെ സഫലീകരണത്തിന് ഏറ്റവും അനുയോജ്യമായ കലാരംഗം തന്നെ, തന്‍റെ സംവേദനമേഖലയായി തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ച പ്രധാനഘടകമായി ഉപബോധമനസ്സിലെങ്കിലും വര്‍ത്തിച്ചത് എന്നത് ചിന്തനീയമാണ്. നാടകം ജീവിതഗന്ധിയായ കലാരൂപമാണ്. ജീവിതത്തെ പിറകോട്ട് അപഗ്രഥിക്കാമെങ്കിലും ജീവിക്കാന്‍ അവസരം ഒന്നുമാത്രമേ ലഭിക്കുന്നുള്ളൂ. നാടകാഭിനയത്തിന് ഒരു രംഗവേദിയില്‍ ഒരവസരം മാത്രം ലഭിക്കുന്നു. അതുകൊണ്ടായിരിക്കാം ജീവിതത്തെ ‘ജീവിതസിനിമ’യെന്നു പറയാതെ ‘ജീവിതനാടക’മെന്നു പലപ്പോഴും നാം വ്യവഹരിക്കാറുള്ളത്. നാടകത്തിന്‍റെ രംഗവേദി, ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാക്കി മാറ്റി, അതില്‍ സാധാരണദൃഷ്ടികള്‍ക്ക് എളുപ്പം കണ്ടെത്താനാകാത്ത ഉള്‍ക്കാഴ്ച സന്നിവേശിപ്പിച്ച് മനസ്സിനെ ഉദ്ദീപ്തമാക്കുക എന്ന ലക്ഷ്യമാണ് നാടകാചാര്യനായ ഓംചേരി തന്‍റെ രചനകളിലൂടെ നിര്‍വഹിക്കുന്നത്.
ഓംചേരിയുടെ ആദ്യനാടകങ്ങളിലൊന്നായ ‘ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു’ പകരുന്ന വെളിച്ചം അത്തരത്തില്‍ അന്ധകാരദൂരീകരണസമര്‍ത്ഥമത്രേ. അതിലുയരുന്ന അശരീരിയായ ശബ്ദം – “വെളിച്ചത്തിന്‍റെ അനുഗ്രഹങ്ങള്‍ വേണ്ടവര്‍ ഇരുളില്‍ തപ്പിത്തടയുവരത്രേ. നിന്നിലെ വെളിച്ചം അവരുടെ തെളിച്ചത്തിനാണെന്നോര്‍മ്മിക്കുക” – ആ സാമൂഹ്യപ്രതിബദ്ധതയുടെ അനുരണനം പോലെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സ്ഥാപനങ്ങള്‍ പണിയപ്പെട്ടിരിക്കുന്നത് ഏത് ആദര്‍ശത്തിന്‍റെ അടിസ്ഥാനക്കെട്ടിലാണോ, അത് മണ്ണിന്നടിയിലാകയാല്‍ കണ്ടില്ലെന്നുനടിച്ച്, അത് സംവേദനം ചെയ്യുന്ന സ്വാഭാവികതയ്ക്കു നേര്‍വിപരീതമായ ചടങ്ങുകളില്‍ മുഴുകി, സ്വാര്‍ത്ഥലക്ഷ്യങ്ങളുടെ പതാകാവാഹകരായിത്തീരുന്ന ദയനീയനിലയിലുള്ള മതസാമൂഹ്യരാഷ്ട്രീയ കൂട്ടുകെട്ടുകളുടെ നേര്‍ക്കുയരുന്ന ചോദ്യചിഹ്നമാണ് ഈ നാടകത്തിലെ പുരോഹിതന്‍. വിമോചനദൈവശാസ്ത്രത്തിന്‍റെ ചിന്താധാരയിലേക്കാണ് സമൂഹത്തിന്‍റെ കപടദൈവികതയിലൂന്നിയ അധാര്‍മ്മികതയോടുള്ള വിപ്രതിപത്തി, അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത്. ഹൃദയത്തിനും ആത്മാവിനും ആശ്വാസകരമായ ദൈവനീതിയുടെ ശരിയായ അടിസ്ഥാനശിലയില്‍ ജീവിതം പണിയുന്ന അദ്ദേഹം, സ്ഥാപനവല്കരിക്കപ്പെട്ട രംഗഭൂമികയില്‍ എത്രവേഗം അനഭിമതനായി പീഡിപ്പിക്കപ്പെട്ടുതുടങ്ങുമെന്നു, ബൈബിളിലെ പുതിയനിയമം പോലെ, വരച്ചുകാട്ടുകയാണ് ഓംചേരി ഈ നാടകത്തിലൂടെ.
‘സൂക്ഷിക്കുക, വഴിയില്‍ ഭക്തന്മാരുണ്ട്’ എന്ന നാടകത്തില്‍, ‘മനുഷ്യന്‍’ എന്ന കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചുകൊണ്ടാണ് ഓംചേരി മാനവികതയുടെ വിളംബരം നടത്തുന്നത്. പുതിയനിയമത്തിലെ ‘നല്ല ശമര്യാക്കാരനെ’ അനുസ്മരിപ്പിക്കുന്ന ആ കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന മാനസികശാരീരികപീഡനങ്ങള്‍ അയാളെ ലോകത്തിനു നേര്‍ക്കു പിടിച്ച ഒരു കണ്ണാടിയാക്കി മാറ്റുന്നു. മറിഞ്ഞുവീണുകിടക്കുന്ന ചുമടുതാങ്ങിയിലൂടെ പൊതുസേവനോപാധികളുടെ അനാഥത്വവും, ഭക്തന്മാരിലൂടെ ആത്മീയതയുടെ കപടവേഷവും ഈ നാടകം തുറന്നുകാട്ടുന്നു. വൈയക്തികതലത്തില്‍ ഈ നാടകത്തില്‍ ചിത്രീകരിക്കപ്പെടുന്ന മനുഷ്യസ്വഭാവം, രാഷ്ട്രാന്തരതലത്തില്‍ എങ്ങനെ പരിണമിക്കുന്നു എന്ന് വെളിവാക്കുന്നതാണ് ബൈബിളിലെ ‘നോഹയുടെ പേടക’മെന്ന മിത്തിനെ ആധുനികരാജ്യാന്തരവേദിയിലേക്കു പറിച്ചുനടുന്ന ‘പ്രളയം’ എന്ന നാടകം. പ്രളയം മൂലം ലോകനാശം പ്രവചിക്കുന്ന പുതിയ നോഹയുടെ പേടകത്തില്‍ കയറിക്കൂടുവാന്‍ മത്സരിക്കുന്ന അധികാരകേന്ദ്രങ്ങളോടുള്ള ദൈവനീതിയുടെ മറുപടിയെന്നോണം, അവസാനം പുതിയ പേടകം മുങ്ങിത്താഴുന്ന പരിണാമഗുപ്തി, തിന്മയുടെ ആത്യന്തികപരാജയം വിളിച്ചോതുന്ന ജീവിതദര്‍ശനമായി പരിണമിക്കുന്നു. എന്നാല്‍, പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരിയും കുടിലമതിയുമായ മിസ്സിസ് നോഹ രക്ഷപെടുകയും നേരിന്‍റെ ഉറച്ച ശബ്ദമായി നാടകത്തില്‍ ഉടനീളം മുഴങ്ങുന്ന മിസ് മേരി വെടിയുണ്ടയ്ക്കിരയാവുകയും ചെയ്യുന്ന ദാരുണാന്ത്യം, ലോകനാടകം ഇനിയും വളരെക്കാലം ഇങ്ങനെതന്നെ തുടരുമെന്ന ദീര്‍ഘദര്‍ശിത്വത്തില്‍ നിന്ന് ഉണ്ടായതായിരിക്കാനേ വഴിയുള്ളൂ. മനുഷ്യനെ വൈയക്തികസൂക്ഷ്മതലത്തിലും സാമൂഹ്യസ്ഥൂലതലത്തിലും അപഗ്രഥിക്കുന്ന ഉത്തമസൃഷ്ടികളാണ് ഈ നാടകങ്ങള്‍.
ചൂഷണത്തിന്‍റെ സാമൂഹ്യയാഥാര്‍ത്ഥ്യത്തിലേക്കു തേവരുടെ ആനയെന്ന മൃഗവിപ്ളവകാരിയെ ആനയിക്കുന്ന ഓംചേരി, ഒരേസമയം ഒരൊറ്റ ഇതിവൃത്തത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയും മനുഷ്യരോടുള്ള ചൂഷണത്തിനെതിരെയും ആഞ്ഞടിക്കുന്നതാണ് ‘തേവരുടെ ആന’യില്‍ കാണുന്നത്. അതിനുവേണ്ടി ‘കേശവ’നെന്ന ആനയിലൂടെ മനുഷ്യനേയും, ‘ശങ്കു’വെന്ന പാപ്പാനിലൂടെ ആനയേയും രംഗവേദിയില്‍ അവതരിപ്പിക്കുന്നു. ഈ രണ്ടു കഥാപാത്രങ്ങളും ഒരേസമയം രണ്ടു സ്വത്വങ്ങള്‍ക്ക് അവകാശികളാണ്. ഇരട്ടസ്വത്വങ്ങളുടെ സമഞ്ജസമായ സമ്മേളനം ഈ കഥാപാത്രങ്ങള്‍ക്കും അവരിലൂടെ നാടകത്തിനും നല്കുന്ന ഭാവാര്‍ത്ഥചാരുത അന്യാദൃശമെന്നുമാത്രമേ വര്‍ണ്ണിക്കാനാവുകയുള്ളൂ. നാടകത്തിന്‍റെ അയുക്തികഘടന ഒരു ‘ഷോക്ക് ഇഫക്റ്റ്’ ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് ആനവിഴുങ്ങികളെ, ആന വിഴുങ്ങുന്ന രംഗം അവതരിപ്പിക്കുന്നതിലൂടെ സാധിച്ചിരിക്കുന്നത്. “മാന്യമഹാജനങ്ങളേ, കേശവന്‍റെ രോഗം വിശപ്പാണെന്ന്, അല്പം ക്ലേശം സഹിച്ചിട്ടാണെങ്കിലും, ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. വിശപ്പു പരിഹരിച്ചാല്‍ രോഗം മാറും. ഇല്ലെങ്കില്‍ കാര്യം കുറച്ചു വിഷമത്തിലാണ്. മാന്യമഹാജനങ്ങളെയെല്ലാം അവന്‍ വിഴുങ്ങും” എന്ന് മുഴങ്ങുന്ന ശബ്ദം മാനവികനീതിശാസ്ത്രത്തിന്‍റെ വിളംബരമല്ലാതെ മറ്റെന്താണ്? മാത്രമല്ല, ആക്ഷേപഹാസ്യത്തിന്‍റെ മധുരം പുരട്ടി കയ്പ്പുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ, നെഞ്ചെരിച്ചില്‍ വരാത്തരീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഓംചേരിയുടെ അസാമാന്യമായ കഴിവിന്‍റേയും നിദര്‍ശനമാണ് ഈ നാടകം.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന അന്ധവിശ്വാസങ്ങളോടും കപടാചാരങ്ങളോടുമുള്ള ഓംചേരിയുടെ സന്ധിയില്ലാസമരത്തിന് ആയുധങ്ങളാവുന്നത് ആക്ഷേപഹാസ്യത്തിന്‍റെ കൂര്‍ത്തമുനയുള്ള ശരങ്ങളാണ്. സൂക്ഷ്മനീരീക്ഷണത്തിന്‍റെ മൂശയില്‍ അദ്ദേഹം അതിനാവശ്യമായ സന്ദര്‍ഭങ്ങള്‍, നിത്യജീവിതത്തിന്‍റെ ക്ഷണികങ്ങളായ ചലനദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തുന്നു. അവയ്ക്കനുരൂപമായ രീതിയിലുള്ള പാത്രസൃഷ്ടി കൃതഹസ്തതയോടെ നിര്‍വഹിക്കുന്നു. പിന്നെ ചടുലതീക്ഷ്ണങ്ങളായ സംഭാഷണനിര്‍ഝരി ഒഴുകുകയായി. നര്‍മ്മത്തിന്‍റെ മധുരം പുരട്ടിയവയെങ്കിലും, ആ ആക്ഷേപഹാസ്യശരങ്ങള്‍ കൊള്ളേണ്ടിടത്തുകൊള്ളുന്നതു അനുവാചകമനസ്സിന് അനുഭവവേദ്യമാകുന്നു. ജനിക്കാനിരിക്കുന്ന കുട്ടി ശ്രീബുദ്ധനെപ്പോലെയാവുമെന്ന ജ്യോല്‍സ്യന്‍റെ ഉപദേശം കേട്ടു പേടിച്ച്, പകരം വെണ്ടര്‍ പത്മനാഭപിള്ളയെപ്പോലെ ചെട്ടിമിടുക്കുള്ള ഒരുവന്‍ ജനിക്കുവാന്‍ വേണ്ടി പ്രസവം ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കുന്ന ‘ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു’ എന്ന നാടകത്തിലെ വൃദ്ധ, നമ്മുടെ മനസ്സില്‍ ഉളവാക്കുന്ന വികാരം പരിഹാസമോ, കൗതുകമോ, അദ്ഭുതമോ, ദു:ഖമോ എന്തായാലും, ആ നാടകസൃഷ്ടിക്കുപിന്നില്‍ അജ്ഞതയിലമര്‍ന്ന മനുഷ്യരോടുള്ള സഹാനുഭൂതിയുടേയും സ്നേഹത്തിന്‍റേയും സ്ഫുരണങ്ങള്‍ പാറുന്നത് നാം ദര്‍ശിക്കാതിരിക്കുന്നില്ല.
ഇത്തരത്തില്‍, ഓംചേരിനാടകങ്ങളില്‍ മാനവികതയിലൂന്നിയ സാമൂഹ്യപ്രതിബദ്ധതയുടെ നിശിതവിചാരണയ്ക്കു വിധേയമാവുന്ന പ്രശ്നങ്ങള്‍ വളരെയാണ്. ‘കൊള്ളരുതാത്തവന്‍’ എന്ന നാടകത്തില്‍ അഴിമതി എന്ന സാമൂഹ്യവിപത്തിനൊപ്പം അതിനനുകൂലമായി നിലനില്ക്കുന്ന പൊതുസമൂഹമന:സ്ഥിതിയും നിശിതമായ വിമര്‍ശനത്തിനു വിധേയമാവുന്നു. അതിലെ പ്രധാനകഥാപാത്രമായ സത്യസന്ധനായ പാച്ചുപിള്ളയുടെ ദുര്‍വിധി, സമൂഹമന:സാക്ഷിയ്ക്കു മുമ്പില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. ‘മിണ്ടാപ്പൂച്ചകള്‍’ എന്ന നാടകത്തില്‍ ബിന്ദു എന്ന കഥാപാത്രവും അമ്മായിയമ്മയും, അവര്‍ ഭ്രൂണഹത്യയ്ക്ക് എത്തുന്ന ആശുപത്രിയിലെ നേഴ്സും ചേര്‍ന്ന് അതീവഹ്രസ്വമായ നിമിഷങ്ങളിലെ ചടുലസംഭാഷണങ്ങള്‍ കൊണ്ടു സൃഷ്ടിക്കുന്ന മാസ്മരികവൈകാരികപ്രപഞ്ചം ഓംചേരിയുടെ പാത്രസൃഷ്ടിവൈഭവത്തിനുള്ള വാചാലമായ സാക്ഷ്യപത്രമായി പരിലസിക്കുന്നു. അവസാനം മിണ്ടാപ്പൂച്ചയായ ബിന്ദു സംസാരിക്കുമ്പോള്‍ ഉരുത്തിരിയുന്ന വികാരച്ചുഴി ഏതൊരനുവാചകനിലും അനുരണനങ്ങള്‍ ഉയര്‍ത്താതിരിക്കില്ല. “ഞാന്‍ പേടിച്ചുവിറച്ച് മിണ്ടാപ്പൂച്ചയായി ഇവിടെ ഇരുന്നപ്പോള്‍ സിസ്റ്റര്‍ അമ്മയോട് പറഞ്ഞതെല്ലാം കേട്ടു. അത് എന്‍റെ മന:സാക്ഷിയെ ഉണര്‍ത്തി. ഇവിടെ പ്രത്യക്ഷപ്പെട്ട ആ പാവം, സ്വസ്ഥത നഷ്ടപ്പെട്ട എന്‍റെ മന:സാക്ഷിയായിരുന്നു. ആ പാവം ഞാന്‍ തന്നെയായിരുന്നു. താരാട്ടുപാട്ട് എനിക്ക് ഉണര്‍ത്തുപാട്ടായി.” സ്ത്രീഭ്രൂണഹത്യയ്ക്കെതിരെ ദശാബ്ദങ്ങള്‍ക്കുമുമ്പെഴുതിയ ആ നാടകം ഇന്നും പ്രസക്തമായിത്തുടരുന്നുവെന്നത്, അത് എത്രമാത്രം ആഴത്തില്‍ വേരുള്ള ഒരു സാമൂഹികവൈകല്യമാണെന്നതിനു തെളിവാണ്. അത്തരം വൈകല്യങ്ങളെ തെരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുന്നതില്‍ ഓംചേരി കാണിക്കുന്ന ഉത്സാഹം അദ്ദേഹത്തിന്‍റെ ഹൃദയാലുത്വത്തിന്‍റെ നിദര്‍ശനമായി പരിലസിക്കുന്നു.
ജീവിതഗന്ധിയായ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ മനസ്സുകളെ സന്നിവേശിപ്പിച്ച്, അവയെ വിശുദ്ധീകരിച്ച്, ലോകത്തെ താന്‍ കാണുന്നതിനേക്കാള്‍ ഔന്നത്യമേറിയതാക്കുകയെന്ന സോദ്ദേശപൂര്‍ണ്ണമായ കര്‍ത്തവ്യമാണ് ഓംചേരി തന്‍റെ രചനകളിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ഒട്ടൊരു നിസ്സംഗതയോടെയെന്നമട്ടിലാണ് അദ്ദേഹം ആ കൃത്യം നിര്‍വഹിക്കുന്നതെങ്കിലും, ആ നിസ്സംഗതയ്ക്കു പിറകിലുള്ള കണ്ണുനീരിന്‍റെ നനവ് നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കാതിരിക്കുന്നില്ല. അതാണ് അത്തരം നാടകങ്ങളുടെ കാന്തികമായ ആകര്‍ഷണത്തിനു നിദാനമെന്ന് ആസ്വാദകന് അനുഭവപ്പെടുകയും ചെയ്യുന്നു.
മിക്കപ്പോഴും നര്‍മ്മമധുരത്തില്‍പ്പൊതിഞ്ഞ ഒരു മൃതസഞ്ജീവനിഗുളിക പോലെയുള്ള നിരീക്ഷണങ്ങളായി ആ ജീവിതദര്‍ശനം നാടകസംഭാഷണങ്ങളില്‍ കാണാം. “സത്യം പറയുന്നതാണ് ഫലിതം പറയുന്നതിനുള്ള എന്‍റെ രീതി. അതാണ് ലോകത്തിലെ ഏറ്റവും രസകരമായ തമാശ” എന്ന് ബര്‍ണാര്‍ഡ്ഷാ പറഞ്ഞിട്ടുണ്ട്. ഓംചേരിയും അതുപോലെ സത്യത്തെ നര്‍മ്മമാക്കി അവതരിപ്പിക്കുന്നു. ചിലപ്പോഴവ പരിഹാസ്യമായ മനുഷ്യോദ്യമങ്ങളുടെ ചവര്‍ക്കൂനയില്‍ ഒരു തീപ്പൊരിപോലെ നീറിപ്പിടിക്കുന്നു. ‘അധിനിവേശം’ എന്ന നാടകത്തിലെ കീഴ്ശാന്തി പറയുന്നതു ശ്രദ്ധിക്കൂ: “എടോ, പാരമ്പര്യത്തൊഴിലെല്ലാം സാങ്കേതികവിദ്യകള്‍ക്കു വഴിമാറും. അതിനാണ് വികസനം എന്നു പറയുന്നത്. അപ്പോള്‍ വളരെപ്പേര്‍ക്കു തൊഴിലില്ലാതായേ പറ്റൂ. അവരൊക്കെ കംപ്യൂട്ടറോ അണുവായുധങ്ങളുണ്ടാക്കലോ ഒക്കെ പഠിച്ച് ഗള്‍ഫിലോ ആസ്ട്രിയായിലോ പോകണം. കൈബോംബുണ്ടാക്കാന്‍ എങ്കിലും പഠിക്കരുതോ?”
നര്‍മ്മത്തിന്‍റെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ട് അധീശത്വത്തിന്‍റെ പൊള്ളത്തരങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ദൗത്യമാണ് ‘ഉലകുടപെരുമാള്‍’, അനിതരസാധാരണമായ ചാരുതയോടെ നിര്‍വഹിക്കുന്നത്. അതിന്‍റെ അവസാനം പെരുമാളുടെ പട്ടമഹിഷിതന്നെ മറച്ചുവെയ്ക്കാനാവാത്ത ആ സത്യം പെരുമാളെ ഓര്‍മ്മിപ്പിക്കുന്നു: “ജനത്തിന്‍റെ വായും മനസ്സും എന്നേക്കുമായി മൂടിക്കെട്ടാനൊക്കില്ല എന്ന് ഓര്‍മ്മയിരിക്കട്ടെ. മൂടിക്കെട്ടിയ പാപത്തിനു കൂലി മരണം”. അതുപോലെ തന്നെ, സചിവന്‍ സ്വയം ശിക്ഷ വിധിച്ചും പെരുമാള്‍ അതിന്‍റെ ആഘാതത്തിലും, കാലാവശേഷരാവുമ്പോള്‍ നാടകം സമാപിക്കുന്നു. അതിനിശിതമായ ഒരു രാഷ്ട്രീയവിമര്‍ശനനാടകമാണ് ഉലകുടപെരുമാള്‍. അതിലൂടെ, സമൂഹം എങ്ങനെ ഭരിക്കപ്പെടണമെന്ന തന്‍റെ കാഴ്ചപ്പാടുകള്‍ ഓംചേരി തുറന്നുകാട്ടുമ്പോള്‍, അത് ഉന്നതമായ ഒരു രാഷ്ട്രീയദര്‍ശനമായി പരിണമിക്കുന്നു.
അറുപതിലധികം നാടകങ്ങളുടെ ഒരു വായനാപ്രപഞ്ചമാണ് ഓംചേരിയുടെ രചനകള്‍. അവയിലെ ചുരുക്കം ചിലതുമാത്രമാണ് ഇവിടെ പരാമര്‍ശിതമായിട്ടുള്ളത്. ആഹാരത്തിന്‍റെ രുചിനോക്കുന്നതുപോലെ. എന്നാല്‍ ഓംചേരിയുടെ ജീവിതദര്‍ശനം സ്പഷ്ടീകരിക്കാന്‍ അവയ്ക്കു കഴിയുന്നു. ജീവിതത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന സങ്കീര്‍ണ്ണതലങ്ങളെ അപഗ്രഥിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്നവയാണ് ഓംചേരിയുടെ എല്ലാ സൃഷ്ടികളും. ജീവിതദര്‍ശനത്തിലെ പൊരുത്തം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത, സാമൂഹികതിന്മകളോടുള്ള സന്ധിയില്ലാസമരം, എഴുത്തിലെ നര്‍മ്മസന്നിവേശം എന്നിവയിലെല്ലാം ഓംചേരി, ജോര്‍ജ് ബര്‍ണാര്‍ഡ്ഷായെന്ന വിഖ്യാതനാടകകൃത്തിനെ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മലയാളത്തിന്‍റെ ബര്‍ണാര്‍ഡ്ഷായാണ് ഓംചേരി.
ലിയോ ടോള്‍സ്റ്റോയ് ഒരിടത്തു പറഞ്ഞിട്ടുണ്ട്: “ജീവിതത്തിന്‍റെ ലക്ഷ്യം കണ്ടെത്താതെ ജീവിക്കുന്നത് അസാദ്ധ്യമാണെന്നു തോന്നുന്നു. ഓരോരുത്തരും ആദ്യമായി ചെയ്യേണ്ടത് ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുകയാണ്. പക്ഷേ, വിദ്യാസമ്പന്നരെന്ന് സ്വയം വിചാരിക്കുന്ന ബഹുഭൂരിപക്ഷം പേരും തങ്ങള്‍ അത്രമാത്രം ഉയരത്തിലാണെന്ന് അഹങ്കരിക്കുന്നതിനാല്‍, അവര്‍ അസ്തിത്വത്തിന്‍റെ പൊരുളിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ പോലും അവസാനിപ്പിച്ചിരിക്കുന്നു.” ഓംചേരിയുടെ നാടകങ്ങള്‍ അസ്തിത്വത്തിന്‍റെ പൊരുളിനെക്കുറിച്ച് ഉറക്കെ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. അതിലെ കഥാപാത്രങ്ങള്‍ അതിസൂക്ഷ്മതലത്തില്‍ അതിനെക്കുറിച്ച് വാചാലരാവുന്നു. വ്യക്തിഗതമായും സാമൂഹ്യപരമായുമുള്ള നന്മയിലൂടെ, ലാവണ്യമനോജ്ഞമായ മനുഷ്യശബ്ദവും രൂപവും, എങ്ങനെ കാലത്തിന്‍റെ കാന്‍വാസില്‍ കോറിയിടാമെന്ന് ആ രചനകള്‍ നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. നാടകം വായിക്കുകയോ കാണുകയോ ചെയ്തുകഴിഞ്ഞാല്‍ അനുവാചകമനസ്സില്‍ ഒരു വിത്തുവിതയ്ക്കപ്പെടുന്നു. അതു മുളപൊട്ടി, പതുക്കെ വളര്‍ന്നു വലുതായി, പൂക്കളാല്‍ സൗരഭ്യവും കായ്കളാല്‍ സമൃദ്ധിയും ഉളവാക്കി, മാനവികതയുടെ വിളവെടുപ്പിന് ഹൃദയത്തെ സജ്ജമാക്കുന്നു. സ്വന്തം ജീവിതദര്‍ശനത്തെ അങ്ങനെ കലാസൃഷ്ടികളിലേക്കു സന്നിവേശിപ്പിക്കുകയാണ് ഓംചേരിയെന്ന മഹാനായ കലാകാരന്‍. എല്ലാ വര്‍ഷവും അദ്ദേഹത്തിന്‍റെ ഡയറി ആരംഭിക്കുന്നത് അദ്ദേഹം തന്നെ ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ താഴെക്കൊടുക്കുന്ന പദ്യശകലത്തോടുകൂടിയാണ്:
ജോലി തീര്‍ക്കുക വേഗം,
സമയം പോയീ, സൂര്യന്‍
ചാഞ്ഞു പശ്ചിമദിക്കില്‍
രാവു വന്നെത്താറായീ.
വിശ്രമിക്കുവാനിനി
നേരമില്ലെല്ലാം തീര്‍ത്തു
വയ്ക്കുക, പണി ബാക്കി-
യാകൊലാ പോകും നേരം.
അവിരാമമായ, നിസ്തന്ദ്രമായ ആ ഉപാസന തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
March 5, 2015
പോക്കുവെയിലിനൊപ്പം (നിലാനിര്‍ഝരി)
പോക്കുവെയില്‍നാളമേ,
പോകാമൊരുമിച്ചിനി, നമ്മളൊന്നിച്ചു
പോകാം സുഹൃത്തേ, നമുക്കൊരേ ലക്ഷ്യവും
മാര്‍ഗ്ഗവുമല്ലോ, പ്രയാണം തുടങ്ങുക.
പ്രയാണം തുടങ്ങുക,-
ഒടുക്കം തുടക്കമായ് മാറുന്ന നേരം,
തുടിക്കും മനസ്സും, മനസ്സിലെ നിനവിന്‍റെ-
യുറവു,മുറവില്‍നിന്നിറ്റിറ്റു വീഴും
കനവിന്‍റെ സാന്ത്വനമിഴിനീര്‍ക്കണങ്ങളും,
കരുതലും, കരുതല്‍സ്മരണതന്‍ പഴകിയ
പെരിയപുരാണവുമേന്തി നടന്നിടാം.
പിരിയാതെ നീങ്ങാം സുഹൃത്തേ!
കാണുന്നുവോ, കിഴക്കോട്ടു നിഴലുകള്‍
യമനപാശം പോലെ നീണ്ടു കറുത്തുല-
ഞ്ഞാഞ്ഞു വലിച്ചിടുന്നെന്നെ,- നിന്നേയു,മെ-
ന്നാകിലും സൗമ്യമധുരമാം സുസ്മിതം
വിലസുമാസ്യത്തിലൊട്ടാര്‍ദ്രത തെളിഞ്ഞിടു-
മൊരു നിരഘനിസ്സംഗഭാവമാര്‍ന്നെന്‍ ജ്യേഷ്ഠ-
സഹജനെപ്പോലെ, സ്ഥിതപ്രജ്ഞനായ്, സ്ഥിത-
പ്രേമാവു നീ ചാരെ നില്പൂ,
പോക്കുവെയില്‍നാളമേ,
നിന്‍കരമെന്‍ബലമല്ലോ.
മദ്ധ്യാഹ്നവേള കഴിഞ്ഞുപോയ്,
സുസ്മേരവദനരായ് നാലുമണിപ്പൂക്കള്‍
കണ്‍തുറന്നരിയൊരു സന്ധ്യയെക്കാണുവാന്‍
പ്രഗുണിതോത്സാഹരായ് നില്പൂ.
പകലന്തിയായി, സമയമായ് പോകുവാന്‍,
പോക്കുവെയില്‍നാളമാം നീയും,
പോക്കുയിര്‍നാളമാം ഞാനും.
നമ്മള്‍ക്കു തമ്മില്‍ പറഞ്ഞും സ്മരണയെ
താലോലമാട്ടിയു,മുറക്കെച്ചിരിച്ചും,
ചിലപ്പോള്‍ പരസ്പരം കാണാതെ കണ്ണിലെ-
യാര്‍ദ്രത പതുക്കെത്തുടച്ചും നടക്കാം.
ഏകാന്തര്‍ നമ്മള്‍ രണ്ടാളും.
നമുക്കു പരസ്പരം
ചേര്‍ന്നതകറ്റി മധുരമനോജ്ഞമാ-
മേകഭാവം വിരചിക്കാം.
വഴിയിലെക്കറുകകളെന്തോ കുശലമായ്
മൊഴിയുന്നു നമ്മളോ,ടവരെത്രയോ
നിഷ്കളങ്കര്‍, നിരാശങ്കചിത്തര്‍.
പകരമല്പം സ്നേഹമവരില്‍പ്പകര്‍ന്നും,
പോക്കുവെയിലെങ്കിലു-
മിളംവെയില്‍ പോലേ തിളക്കം പൊഴിച്ചും,
പോക്കുയിരിന്‍റെ നിഷ്കാപട്യസുസ്മിത-
ധാരയുതിര്‍ത്തു കൊ,ണ്ടല്പവുമുള്ളിലെ
ക്ഷീണം, തളര്‍ച്ചയും കാട്ടാതെ,യേറ്റം
പ്രസരോര്‍ജ്ജഭാവം നടിച്ചും, നടപ്പു നാം.
ഈ നടപ്പും നമുക്കീശ്വരന്‍ തന്നോ-
രനുഗ്രഹം, ജീവിതകര്‍മ്മകാണ്ഡത്തിലെ
ആരണ്യയാനം.
മനസ്സിനിഷ്ടം തന-
തായോരു ജീവിതസ്ഥിതി മാത്രമെന്നുമേ.
അല്ലായ്കില്‍ ജീവിതാന്ത്യം വരേയ്ക്കെങ്ങനെ
മുന്നോട്ടു പോവും വിവേകചിന്താശയര്‍?
ഇനി നമ്മള്‍ സൂര്യനെയൊന്നു വണങ്ങുക,
സന്ധ്യതന്‍ തോളില്‍ പിടിച്ചു വടികുത്തി,
കരിമേഘരണഘോഷമുയരവേ,
കതിരവന്‍ പ്രാര്‍ത്ഥനാലയമങ്ങു തിരയുന്നു,
പതിയേ നമുക്കുമങ്ങെത്താം,
ഉയരങ്ങളിലൊരു മന്ദ്രസംഗീതമായ്
ലയതാളവിസ്മയം തീര്‍ത്തൊഴുകീടുമാ
വിമലാത്മവീചികളിലലിയാം,
അതിലലിഞ്ഞസ്തിത്വ-
പഞ്ജരമുപേക്ഷിച്ചൊ-
രദ്വൈതമന്ത്രത്തിലുണരാം,
ഉണര്‍ന്നുണ്മയായൊരു
വെളിച്ചം തെളിക്കാം,
വെളിച്ചമായ് മാറാം,
നടക്കാം, വെയില്‍നാളമേ, മെല്ലേ.

January 22, 2015
ഇന്നലെ (നിമിഷജാലകം)
മാറുകയാണെപ്പോഴും ലോകമെന്‍ ചുറ്റും, ഞാനീ
മായികചലച്ചിത്രം കണ്ടിരിക്കുന്നൂ ചിത്രം.
ഇന്നലെപ്പുലര്‍ച്ചെ ഞാന്‍ കണ്‍ചിമ്മിയുണര്‍ന്നപ്പോള്‍,
തെന്നലെന്‍ കാതില്‍ മെല്ലെ കിന്നാരം പറഞ്ഞല്ലോ.
തൊടിയില്‍ ചിരിക്കുന്ന തുമ്പകളെന്നാത്മാവില്‍,
തൊടുവാന്‍ നൈര്‍മ്മല്യക്കൂട്ടൊരുക്കി വിളിച്ചല്ലോ.
കിളികള്‍ പറന്നെത്തും തേന്മാവിന്‍ കൊമ്പില്‍ നിന്നും
കിനിയും കനികള്‍ക്കായ് കാത്തു ഞാനിരുന്നല്ലോ.
മുത്തശ്ശിക്കഥകള്‍ തന്‍ മായികലോകത്തില്‍ ഞാന്‍
മുഗ്ദ്ധനായ് സങ്കല്‍പ്പത്തേരോടിച്ചു രമിച്ചല്ലോ.
പാറി വന്നെനിക്കൊരു കൂട്ടിനായ് പൊന്‍തുമ്പികള്‍,
പ്രാണനില്‍ത്തഴുകിപ്പോയ് വിണ്ണിന്‍റെ വിശുദ്ധികള്‍.
സമയം കളിക്കൂട്ടിനെത്തിയെന്നൊപ്പം, മെല്ലേ
സരസം നടന്നും ചെറ്റോടിയും നിന്നും ചാരെ.
വിണ്ടലവിതാനത്തെ, താരകപ്പൂവാടിയെ,
വിസ്മയം കൂറും കണ്ണാല്‍ നിത്യവും സമീക്ഷിച്ചേന്‍.
മേഘനിര്‍ഘോഷാരവം, മഴ തന്‍ കിന്നാരവും
മോദിതകേകീനൃത്തമേളവും ശ്രവിച്ചു ഞാന്‍.
ലോകമിന്നെന്‍ചുറ്റിലും മാറി, യെന്നിതേ വിധം
ആകവേ രൂപാന്തരം വന്നതെന്നറിവീലാ.
എന്‍മനോവേഗം കൂടി, സമയം കുതിച്ചുപാ-
ഞ്ഞെങ്ങുപോയ്, പിറകെ ഞാന്‍ വെമ്പലാര്‍ന്നന്വേഷിപ്പൂ.
മൂല്യസംഹിത മാറ്റിയെഴുതീട്ടതിന്‍പടി
മൂല്യവര്‍ദ്ധനയ്ക്കായി ജീവിതം യത്നിക്കവേ,
ലോകമൊക്കെയും മാറി,യെന്‍റെ ചുറ്റിലും, യന്ത്ര-
ലോകമാണിരമ്പുന്നതെങ്ങു,മെന്നാത്മാവിലും.
ആരവഘോഷം വായ്ക്കുന്നേവമെന്നാലും ഞാനീ-
നേരറിയുന്നൂ, മാറ്റം മാത്രമാണല്ലോ സ്ഥിരം.
മാറിയതെന്നാല്‍ ഞാനാണെന്‍ മനോപ്രപഞ്ചം, ഹാ-
മാറിയെമ്പാടും, ലോകം മാറിയതല്പം മാത്രം.
കാലത്തിന്‍ കലാശില്പചാതുരി,യരങ്ങേറും
കാലൊച്ച കേള്‍ക്കുന്നീലേ, മര്‍ത്ത്യമാനസങ്ങളില്‍?
മാറ്റത്തിന്‍ പരീക്ഷണശാലകള്‍, പ്രപഞ്ചത്തില്‍
മാറ്റൊലിക്കൊളളും ജീവചൈതന്യത്തുടിപ്പുകള്‍,
മാറുന്നൂ നിരന്തരം മാനവമനസ്സുകള്‍,
മായികലോകം മാറുന്നെന്നഹോ, നിനയ്ക്കുന്നൂ.
മരണത്തോളം നീളും മാറ്റമാണിജ്ജീവിതം,
മനസ്സില്‍ ജീവിക്കുന്ന വിസ്മയമാണീ ലോകം.
ഇന്നലെയിന്നായ് പിന്നെ നാളെയായ് മാറും മന-
സ്സിന്നക,ത്തിജ്ജീവിതം തെളിഞ്ഞു മറയുന്നൂ.
മാറ്റമൊരാപേക്ഷികദൃശ്യവിസ്മയം, വാഴ്‌വില്‍
മാറിടാവെളിച്ചത്തെയാണു ഞാനന്വേഷിപ്പൂ.
Innale (Poetry Collection: Nimishajalakam)
ഇന്നലെ
ജോയ് വാഴയില്‍
മാറുകയാണെപ്പോഴും ലോകമെന്‍ ചുറ്റും, ഞാനീ
മായികചലച്ചിത്രം കണ്ടിരിക്കുന്നൂ ചിത്രം.
ഇന്നലെപ്പുലര്‍ച്ചെ ഞാന്‍ കണ്‍ചിമ്മിയുണര്‍ന്നപ്പോള്‍,
തെന്നലെന്‍ കാതില്‍ മെല്ലെ കിന്നാരം പറഞ്ഞല്ലോ.
തൊടിയില്‍ ചിരിക്കുന്ന തുമ്പകളെന്നാത്മാവില്‍,
തൊടുവാന്‍ നൈര്‍മ്മല്യക്കൂട്ടൊരുക്കി വിളിച്ചല്ലോ.
കിളികള്‍ പറന്നെത്തും തേന്മാവിന്‍ കൊമ്പില്‍ നിന്നും
കിനിയും കനികള്‍ക്കായ് കാത്തു ഞാനിരുന്നല്ലോ.
മുത്തശ്ശിക്കഥകള്‍ തന്‍ മായികലോകത്തില്‍ ഞാന്‍
മുഗ്ദ്ധനായ് സങ്കല്‍പ്പത്തേരോടിച്ചു രമിച്ചല്ലോ.
പാറി വന്നെനിക്കൊരു കൂട്ടിനായ് പൊന്‍തുമ്പികള്‍,
പ്രാണനില്‍ത്തഴുകിപ്പോയ് വിണ്ണിന്‍റെ വിശുദ്ധികള്‍.
സമയം കളിക്കൂട്ടിനെത്തിയെന്നൊപ്പം, മെല്ലേ
സരസം നടന്നും ചെറ്റോടിയും നിന്നും ചാരെ.
വിണ്ടലവിതാനത്തെ, താരകപ്പൂവാടിയെ,
വിസ്മയം കൂറും കണ്ണാല്‍ നിത്യവും സമീക്ഷിച്ചേന്‍.
മേഘനിര്‍ഘോഷാരവം, മഴ തന്‍ കിന്നാരവും
മോദിതകേകീനൃത്തമേളവും ശ്രവിച്ചു ഞാന്‍.
ലോകമിന്നെന്‍ചുറ്റിലും മാറി, യെന്നിതേ വിധം
ആകവേ രൂപാന്തരം വന്നതെന്നറിവീലാ.
എന്‍മനോവേഗം കൂടി, സമയം കുതിച്ചുപാ-
ഞ്ഞെങ്ങുപോയ്, പിറകെ ഞാന്‍ വെമ്പലാര്‍ന്നന്വേഷിപ്പൂ.
മൂല്യസംഹിത മാറ്റിയെഴുതീട്ടതിന്‍പടി
മൂല്യവര്‍ദ്ധനയ്ക്കായി ജീവിതം യത്നിക്കവേ,
ലോകമൊക്കെയും മാറി,യെന്‍റെ ചുറ്റിലും, യന്ത്ര-
ലോകമാണിരമ്പുന്നതെങ്ങു,മെന്നാത്മാവിലും.
ആരവഘോഷം വായ്ക്കുന്നേവമെന്നാലും ഞാനീ-
നേരറിയുന്നൂ, മാറ്റം മാത്രമാണല്ലോ സ്ഥിരം.
മാറിയതെന്നാല്‍ ഞാനാണെന്‍ മനോപ്രപഞ്ചം, ഹാ-
മാറിയെമ്പാടും, ലോകം മാറിയതല്പം മാത്രം.
കാലത്തിന്‍ കലാശില്പചാതുരി,യരങ്ങേറും
കാലൊച്ച കേള്‍ക്കുന്നീലേ, മര്‍ത്ത്യമാനസങ്ങളില്‍?
മാറ്റത്തിന്‍ പരീക്ഷണശാലകള്‍, പ്രപഞ്ചത്തില്‍
മാറ്റൊലിക്കൊളളും ജീവചൈതന്യത്തുടിപ്പുകള്‍,
മാറുന്നൂ നിരന്തരം മാനവമനസ്സുകള്‍,
മായികലോകം മാറുന്നെന്നഹോ, നിനയ്ക്കുന്നൂ.
മരണത്തോളം നീളും മാറ്റമാണിജ്ജീവിതം,
മനസ്സില്‍ ജീവിക്കുന്ന വിസ്മയമാണീ ലോകം.
ഇന്നലെയിന്നായ് പിന്നെ നാളെയായ് മാറും മന-
സ്സിന്നക,ത്തിജ്ജീവിതം തെളിഞ്ഞു മറയുന്നൂ.
മാറ്റമൊരാപേക്ഷികദൃശ്യവിസ്മയം, വാഴ്‌വില്‍
മാറിടാവെളിച്ചത്തെയാണു ഞാനന്വേഷിപ്പൂ.
