അന്തിമലരി

Evening Flower


അന്തിത്തുടിപ്പു കരിയുന്നു വിണ്മുഖ-

ത്തന്തിമലരി വിരിയുന്നിതുള്ളിലും.

സ്വച്ഛമായെന്‍റെ കിടക്കയില്‍ ചാഞ്ഞൊരു

കൊച്ചുകവിതയെഴുതുകയാണു ഞാന്‍.

പൂക്കള്‍ വിരിയുന്നു, പാറുന്നു ചുറ്റിലും

പൂമ്പാറ്റകളെന്‍റെ മോഹങ്ങള്‍ പോലവേ.

എത്രമേലെന്നില്‍ ചൊരിയുകയാണിഷ്ട-

മുത്തങ്ങളന്തിക്കതിരുക,ളമ്മയും.

എത്രയോ സുന്ദരം ജീവിതം, സ്നേഹത്തിന്‍

മുഗ്ദ്ധമരീചികള്‍ ദീപിതമാക്കുകില്‍.

എത്രയോ നിര്‍മ്മലം സ്നേഹ,മതിലൊരു

ഹൃത്തടചാരുത പൂത്തുലഞ്ഞീടുകില്‍.


“പൊന്നുമോളെന്താണു ചിന്തിപ്പ”തെന്നോതി

പിന്നെയുമുമ്മ തരുന്നമ്മ നെറ്റിയില്‍.

എന്തുമധുരമാണുമ്മയെന്നോര്‍ത്തു ഞാന്‍;

എന്തിനേ കണ്ണീരണിയുന്നു തായയാള്‍?

നാളുകള്‍ മുമ്പെനിക്കുണ്ടായ രോഗമാ-

ണാളുന്നതമ്മ തന്‍ ഹൃത്തിലസംശയം.

“അമ്മ കരയുന്നതെന്തിനാണിഷ്ടയാം

ഇമ്മകള്‍ വേഗം സുഖമായി വന്നിടും.

വാര്‍മഴവില്ലുപോലമ്മ ചിരിക്കുകില്‍

തൂമയില്‍ മിന്നുമതെന്‍റെ കവിതയായ്.”

അമ്മ ചിരിച്ചു, “ലസിക്കട്ടെ നിസ്തുലം

പൊന്മകളേ, തവ സ്വര്‍ഗ്ഗീയമാനസം.”

അമ്മ ചിരിച്ചുവെന്നാലുമക്കണ്ണിണ

അമ്മട്ടു സാഗരമാവുന്നതെന്തിനായ്?

ഒന്നുമശുഭമോര്‍ത്തീല ഞാന്‍, വിണ്ടലം

എന്നുമൊരമ്പിളിസ്മേരം പൊഴിക്കയാല്‍.

പൊന്നുഷസ്സെത്തിപ്പുണരുന്നിടത്തൊരു

പന്നഗദംശനമെന്തിനോര്‍ത്തീടണം?


സ്ക്കൂളിലൊട്ടേറെ ദിനങ്ങള്‍ കാണായ്കയാല്‍

തേടിയെന്‍ ചാരെയ,ന്നെത്തിയൊരെന്‍ സഖി

ഒത്തിരി മൂകയായ് നിന്നു, നിന്‍ രക്തത്തി-

നിത്തിരിയെന്തോ കുഴപ്പമെന്നോതിനാള്‍.

“സാരമില്ലെല്ലാക്കുഴപ്പവും മാറു,”മെ-

ന്നാരമ്യസുസ്മേരമോടെ ഞാനോതവേ,

പൂക്കള്‍ വിരിഞ്ഞൊരക്കണ്‍കളില്‍ കണ്ടു ഞാന്‍,

ഊഷ്മളസ്നേഹമനോജ്ഞമരീചികള്‍.


ഇന്നാളൊരിക്കല്‍ ചെടികളോടിത്തിരി-

ക്കിന്നാരമോതുവാന്‍ വാടിയിലെത്തവേ,

കണ്ടു ഞാന്‍ വെണ്‍പനീര്‍പ്പൂവിന്നിതളുകള്‍

കൊണ്ടു പശിയടക്കുന്ന പുഴുക്കളെ.

ഒട്ടു സഹതാപമാര്‍ന്നു ഞാന്‍, പാവങ്ങള്‍

മൊട്ടുകള്‍, എന്തായിടാം വിധികല്പിതം?

ആറ്റില്‍ത്തിരയില്‍ത്തടിക്കഷണങ്ങള്‍ പോല്‍

കാറ്റിലൊഴുകുന്ന മര്‍മ്മരച്ചീന്തുകള്‍,

രണ്ടുനാലെണ്ണം ശ്രവിച്ചു ഞാന്‍;- “അര്‍ബുദം

കുഞ്ഞിന്‍റെ രക്തത്തിലെങ്ങനെ വന്നുവോ?”


അങ്ങേപ്പുറത്തെ വല്ല്യമ്മയുരയ്ക്കയാ-

ണങ്ങനെ, വാലിയക്കാരിയോടാര്‍ദ്രയായ്.

എന്താണ,തെന്തൊക്കെയാണെന്നിരിക്കിലും

എന്നെക്കുറിച്ചതെന്നന്നു ഗ്രഹിച്ചു ഞാന്‍.

അര്‍ബ്ബുദത്തോടു പിണങ്ങീലൊരിക്കലും;

അന്തരാ വന്നതെന്തിന്നു പിണങ്ങുവാന്‍?

എന്തിനെന്നെത്രയോ ചോദിക്കിലുമതി-

നന്തിക്കതിരിനും മൗനമാണുത്തരം.

പൂവിന്നിതളില്‍ പുഴു പോലെയായിടാം

ആവിര്‍ഭവിക്കുന്നതര്‍ബുദം? – ഓര്‍ത്തു ഞാന്‍.

ആയിടാ,മല്ലായിരിക്കാം; പറക്കുവാ-

നേറെയുണ്ടെന്നുടെ ഭാവനയ്ക്കിന്നിയും.

ഏറെപ്പറക്കുവാനുണ്ടതി,ന്നത്രയും

പാറുവാന്‍ ശക്തി ചിറകിനുണ്ടാവുമോ?

ഏറെ നല്കീടുവാനുണ്ടെനിക്കത്രയും

നേരമെന്നാത്മാവുണര്‍ന്നിങ്ങിരിക്കുമോ?

ഒന്നുമറിവീലറിയാതിരിപ്പതില്‍

നിന്നുയിര്‍ക്കൊള്ളും കിനാവാണു ജീവിതം.


അക്കിനാവൊന്നു ഞാനക്ഷരമാക്കവേ,

അമ്മ വരുന്നു പിന്നേയും മരുന്നുമായ്.

“എന്തിനി”തെന്നു കുസൃതി ചോദിപ്പു ഞാന്‍,

“എന്‍റെ മോള്‍ക്കേറെ സുഖത്തി”നെന്നമ്മയും.

“അമ്മയെത്തുന്നതില്‍ മീതെയേതുണ്ടെനി-

ക്കമ്മേ സുഖ”മെന്നു ചൊല്ലി മരുന്നുകള്‍

എല്ലാം കഴിച്ചു മയങ്ങുന്നു ഞാ,-നമ്മ

എന്നരികത്തിരിക്കുന്നൂ നിശബ്ദയായ്.

നാളെയെന്തെന്നറിവീലയെന്നാലുമീ

വേളയെന്‍ സ്വര്‍ഗ്ഗമതില്‍ക്കഴിയട്ടെ ഞാന്‍.


 •  0 comments  •  flag
Share on Twitter
Published on December 10, 2015 23:49
No comments have been added yet.