ലോഡ് ഇറക്കി തിരികെ വരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ചക്രങ്ങൾ, അതി ഭാരത്തിന്റെ വേദനയില്ലാതെ, വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. ചക്രങ്ങളെ ബന്ധിപ്പിച്ച ആക്സ്സിൽ പൽചക്രങ്ങളുടെ സഹായത്താൽ എൻജിനിൽ നിന്നുള്ള ഊർജം പകർന്നു നൽകുന്നുണ്ട്. എൻജിനും, ഗിയർ ബോക്സ്സും അതിന്റെ യജമാനന്റെ ഇംഗിതം അനുസരിച്ചു പ്രവർത്തിച്ചുകൊണ്ടേയിരുന്നു.
പതിവുപോലെ രാത്രിയുടെ മറവ് പറ്റിയാണ്, ഇന്നും അവരുടെ മടക്കു യാത്ര. ദീർഘമായ യാത്രകൾക്ക് എന്നും രാത്രികളാണ് നല്ലത്. വണ്ടിയുടെ തെയ്മാനം കുറവായിരിക്കും, വഴിയിൽ മറ്റ് വാഹങ്ങളുടെ ശല്യമില്ല, കൂടാതെ ഇന്ധനവും ലാഭം.
മാത്തൻ ഡ്രൈവിംഗ് സീറ്റിൽ നട്ടെല്ല് ചെറുതായി വലത്തോട്ട് വളച്ചാണ് എപ്പോഴും ഇരിക്കുകയോള്ളൂ. പണ്ട് പവർ സ്റ്റിയറിങ് ഇല്ലാത്ത കാലത്ത്, പഴയ മഹീന്ദ്ര ജീപ്പിൽ ഡ്രൈവിംഗ് പഠിച്ച കാലം മുതൽ അയാൾ അങ്ങനെയാണ് ഇരുന്നു ശീലിച്ചത്. ആരെങ്കിലും അതിനെപ്പറ്റി ചോദിച്ചാൽ അയാൾക്ക് ഒരു മറുപടിയുണ്ട്.
"വണ്ടിക്ക് ഇടത്തോട്ട് എപ്പോഴും ഒരു വലിവുണ്ടാകും, നമ്മൾ ഇങ്ങനെ പിടിച്ചു മെരുക്കി വേണം ഇവനെ കൊണ്ടുനടക്കാൻ."
തഴമ്പ്
Published on March 16, 2022 00:11