പരിണാമം (നിമിഷജാലകം)
അനന്തനീലാകാശവീഥികള്‍, താരാവ്യൂഹ-
മനുസ്യൂതമായ് നിറഞ്ഞൊഴുകും പ്രതോളികള്‍.
കോടികളാണിങ്ങെഴും സുരഗംഗകള്‍, താരാ-
കോടികള്‍ നിറഞ്ഞെഴും സ്വര്‍ഗ്ഗീയ പ്രവാഹങ്ങള്‍.
സാര്‍വ്വഭൗമേശന്‍ സൂര്യന്‍ തന്‍ഗ്രഹസദസ്സിങ്കല്‍
ഗര്‍വ്വമോടിരുന്നരുളുന്നിതാ വിണ്‍ഗേഹത്തില്‍.
ഇഷ്ടയാം വസുധയുണ്ടരികേ, മറ്റുളളവര്‍
അഷ്ടഗോളങ്ങള്‍ നിരനിരയായുപവിഷ്ടര്‍.
കോടിവര്‍ഷങ്ങള്‍ക്കുളളിലൊന്നുമാത്രമീ,യൊത്തു-
കൂടലും കുശലവും, ഭ്രമണത്തിരക്കത്രേ!
പോയ കാലത്തിന്‍ നിമിഷങ്ങളില്‍, സമാഹൃതം
സ്വീയനേട്ടങ്ങള്‍ വിസ്തരിക്കയാണെല്ലാവരും.
ബുധനോതുന്നൂ, ‘ദേവാ! താവക പ്രഭാവത്താല്‍
ബുധനായ്, ദാസന്‍ നിത്യം അങ്ങയെ പൂജിച്ചല്ലോ!’
ശുക്രനുമുണര്‍ത്തിച്ചൂ, ‘വാനവീഥിയിലേറ്റം
ശുഭ്രതേജസ്സായ് ചേതോഹാരിയായ് പ്രകാശിച്ചേന്‍’
തരംഗഞൊറിയിട്ട സുന്ദരനീലാംബരം
കരത്താലൊതുക്കിയിട്ടൂഴി തന്നൂഴം ചൊന്നാള്‍.
‘കോടിവത്സരങ്ങള്‍ മുമ്പോര്‍ക്കുകെന്‍ ദേവാ! മുറ്റും
കാടുകള്‍ സൃഷ്ടിച്ചോരെന്നാവാസവ്യവസ്ഥയെ.
നിന്നിലെ പ്രകാശവും, നീരവും സംശ്ലേഷിപ്പി-
ച്ചെന്നില്‍ ഞാന്‍ തളിര്‍പ്പിച്ച ജൈവവൈവിധ്യങ്ങളെ.
ആഴി തന്നടിത്തട്ടില്‍, അദ്രി തന്‍ മുടിയിലും
ആയിരങ്ങളായ് ജീവല്‍നാമ്പുകള്‍ തളിര്‍ത്തെന്നില്‍.
എങ്കിലുമവസാനമെന്നിലുണ്ടാ,യദ്ഭുതം
തങ്കിടുമൊരു മഹാപ്രതിഭാസത്തിന്‍ നാളം.
തളിര്‍ത്തു വളര്‍ന്നെന്നില്‍ സൃഷ്ടി തന്‍ രോമാഞ്ചം പോല്‍
ഒളിചിന്നിടും ബോധചൈതന്യം ജീവാധാരം.
പരിണാമത്തിന്‍ മഹാശക്തിയാണെന്നില്‍, മര്‍ത്ത്യ-
ഗരിമാപ്രഭാവത്തിന്‍ തേര്‍തെളിച്ചതു നൂനം.
കാനനങ്ങളില്‍ നാകനഗരങ്ങളെ തീര്‍ത്തോന്‍,
വാനവീഥികള്‍ നീളെ ശബ്ദവേഗങ്ങള്‍ ചേര്‍ത്തോന്‍,
വെളിച്ചത്തേയും തന്‍റെ വാഹകനാക്കി,ച്ചെറു-
കളിയായ് കാലത്തിനും കടിഞാണ്‍ ധരിപ്പിച്ചോന്‍,
മാനവനാണെന്‍ സൃഷ്ടി, എന്‍റെ നേട്ടവും; പരി-
ണാമബന്ധുരപ്രതിഭാസജന്യമാം ശക്തി.’
അഷ്ടഗോളങ്ങള്‍ പൊട്ടിച്ചിരിച്ചൂ, പ്രകമ്പനം
അഷ്ടദിക്കുകളെങ്ങും ആര്‍ത്തലച്ചുയര്‍ന്നേപോയ്.
വിളറീ സര്‍വ്വംസഹ, ചൊവ്വയിങ്ങനെ ചൊല്‍കേ,
‘ഇളദേവിയാള്‍ തെറ്റിദ്ധരിക്കായ്കല്പം പോലും.
ജീവന്‍റെ പരിണാമപാരമ്യമാ,ണെന്നാലും
നാകമോ, നരകമോ, തീര്‍ത്തതു നരന്‍ മണ്ണില്‍?
നീലഗോളത്തില്‍ ദേവീ! മര്‍ത്ത്യനു വിധിച്ചതാം
നാളുകള്‍ ഹ്രസ്വം, കുറച്ചായിരം ദിനം മാത്രം.
കാല്‍ലക്ഷം ദിനങ്ങളില്‍ ജീവിതം രചിക്കുവാന്‍,
കല്പന ലഭിച്ചോരീ മര്‍ത്ത്യരിങ്ങെന്തേ ചെയ്തു?
ഭൂമി തന്നംഗം സര്‍വ്വം ബോംബുകള്‍ കുഴിച്ചിട്ടൂ,
ആഴിയിലാകാശത്തില്‍ സ്ഫോടനാരവം തീര്‍ത്തു.
ആയുധക്കൂമ്പാരങ്ങള്‍ കൂട്ടിയോര്‍, അമൂല്യമാം-
വായുവും നീരും വിഷലിപ്തമാക്കിയോര്‍ മര്‍ത്ത്യര്‍.
വേദന വിതച്ചതില്‍ ജീവിതലാഭം കൊയ്യും
വേടരാണെവിടെയും നായകര്‍ മനുഷ്യരില്‍.
നീതിയെ ധ്വംസിക്കുവോര്‍, ന്യായത്തെ ഹിംസിക്കുവോര്‍,
ഭീതിയാമിരുളിനെയെങ്ങുമേ പരത്തുവോര്‍.
വിലയിട്ടമൂര്‍ത്തമാം നന്മകള്‍, മായം ചേര്‍ത്തു
വിപണിച്ചരക്കാക്കി മാറ്റിയോരല്ലേ മര്‍ത്ത്യര്‍?
മരണത്തോളം കാലത്തിന്‍ കരുത്തറിയാത്തോര്‍,
മരണാതങ്കത്തിലും വാണിഭമൂല്യം കാണ്‍മോര്‍.
എവിടെപ്പരിണാമനേട്ടമെന്നറിഞ്ഞീലാ,
എവിടെപ്പുരോഗതിയെന്നതുമറിഞ്ഞീലാ!
കാടുകള്‍ തെളിച്ചെങ്ങും തീര്‍ത്തതാം കോണ്‍ക്രീറ്റിന്‍റെ
കാട്ടിലോ, വിഷം വഹിച്ചൊഴുകും സരിത്തിലോ?
ആയുധവ്രണം പേറി, ലാഭത്തിന്‍ ജ്വരം കൂടി
നീയൊരു രോഗഗ്രസ്തയായതോ നേട്ടം ദേവി?
ചൊവ്വയി,ലെന്‍ മണ്ണിലും പര്യവേക്ഷണമവര്‍
ചെയ്‌വതുണ്ടിവിടെയും ബോംബുകള്‍ സ്ഥാപിക്കാനോ?’
ഭൂമി തന്‍ സ്വരം ചെറ്റൊന്നിടറീ, ‘എല്ലാം ശരി,
ഭ്രാതൃദേവരേ! എന്നാല്‍പ്പോലുമീ മനസ്സുകള്‍,
സ്വര്‍ഗ്ഗചൈതന്യം ചൂഴും വാടികളാണെ,ന്നെത്ര
സ്വര്‍ഗ്ഗീയ മഹത്തുക്കള്‍ വാഴ്‌വിതില്‍ കാണിച്ചില്ല?
കാലത്തെയറിഞ്ഞവര്‍, ധര്‍മ്മവും നേരും ചിര-
കാലശക്തികളെന്നുമറിഞ്ഞോരനേകരാം.
നാളെയീ പരിണാമചക്രത്തിന്‍ തിരിച്ചിലില്‍,
നാമ്പിടും ബോധജ്വാല ഹൃത്തടങ്ങളില്‍ സര്‍വ്വം.
എന്‍റെയുണ്ണികള്‍ വളര്‍ന്നാരചിച്ചീടും നാകം,
എന്‍റെ നെഞ്ചിലെ പ്രജ്ഞാനാമ്പുകളുയിര്‍ക്കൊളളും.
ആ ദിനങ്ങള്‍ക്കായ് കാത്തുകാത്തിരിക്കുന്നൂ, നൂനം
ആദിതൊട്ടിന്നോളം ഞാനെന്നുമേ, ക്ഷമാപൂര്‍വ്വം.’
നിമിഷങ്ങളില്‍ മൗനമിരമ്പീ, സഹസ്രാംശു
നിഭൃതം ധരിത്രിയെ സദയം സമീക്ഷിക്കേ!