അന്നൊരു തിങ്കളാഴ്ച ആയിരുന്നു. പ്രഭാതത്തിൽ തിങ്കളാഴ്ച മടിയുടെ ആലസ്യത്തോടെ ഉറക്കം ഉണർന്നു, ആ കൊച്ചു വീടിന്റെ വരാന്തയിൽ എത്തിയ വേണു ഒരു കാഴ്ച കണ്ടു. ഓടിട്ട പൊട്ടിപ്പൊളിഞ്ഞ പടിപ്പുര വാതിലും കടന്നു ആയിമതുട്ടിക്ക വരുന്നത്.
അയാളുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞു മാറാൻ ആണ് അവന്റെ മനസ്സിൽ ആദ്യം തോന്നിയത്. പക്ഷെ അതിനുമുന്നേ അയാളുടെ കണ്ണുകൾ അവനിൽ പതിച്ചു കഴിഞ്ഞിരുന്നു. ആ തീക്ഷണമായ നോട്ടത്തെ വകഞ്ഞു മാറ്റി ഒളിക്കാൻ ഉള്ള കരുത്തു വേണുവിന്റെ മനസ്സിന് ഉണ്ടായിരുന്നില്ല. ധൃതിയിൽ കയറി വന്ന ആയിമതുട്ടിക്ക ഉറക്കച്ചടവോടെ നിൽക്കുന്ന വേണുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അലറി.
"നായിന്റെ മോനെ...ആണയാൽ പറഞ്ഞ വാക്ക് പാലിക്കണം."
"ഇക്ക എനിക്ക് ഒരു അവധികൂടി തരണം. ഞാൻ എങ്ങനെയെങ്കിലും നിങ്ങളുടെ കാശു മുഴുവൻ തരും."
"നിന്നെ ഇനിയും ഞാൻ വിശ്വസിക്കണം അല്ലെടാ. എനിക്ക് ആകെ ഉണ്ടായിരുന്ന കിടപ്പാടമാ നീ കാരണം പോയത്."
ആയിമതുട്ടിക്കയുടെ ശബ്ദം ഇടറി. അരിശത്തോടെ അതിലും കവിഞ്ഞ വിഷമത്തോടെ അയാളുടെ കണ്ണുകൾ നിറഞ്ഞു.
അപഥസഞ്ചാരം
Published on July 15, 2020 03:40