നസ്രാണികളുടെ അക്കപ്പോര് തുടങ്ങി...
മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ എന്ന നോവല്‍ ഇപ്പോള്‍ ഡി.സി. ബുക്‌സ് - പുസ്‌തകരൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു.
ഈ നോവലിനെക്കുറിച്ച് കറന്റ് ബുക്‌സ് ബുള്ളറ്റിനില്‍ വന്ന പരിചയപ്പെടുത്തല്‍:
സഭാതര്‍ക്കങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെ സഭാവിശ്വാസികളല്ലാത്തവരും ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഈ പോര് കണ്ട് അന്തം വിട്ടിരിക്കുന്നുണ്ട്. ആദരണീയരായ സഭാമേധാവികള്‍ - ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട് സഭാതര്‍ക്കങ്ങള്‍ ടെലിവിഷനിലിട്ടലയ്‌ക്കുമ്പോഴും എല്ലാപേരും ഞെട്ടുകയാണ്. ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഈ സഭാതര്‍ക്കത്തിന്റെ കുന്നായ്‌മകളിലേക്കാണ് ബെന്യാമിന്‍ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ ജാലകം തുറന്നുവയ്ക്കുന്നത്.
അക്കപ്പോരെന്നത് തെക്കന്‍ തിരുവിതാംകൂറില്‍ നാത്തൂന്‍ പോരെന്നറിയപ്പെടുന്ന ഗാര്‍ഹിക സംഘര്‍ഷമാണെന്ന് കരുതുന്നു. ഇതൊരു ആഭ്യന്തര ലഹളയാണ്. നാത്തൂനും നാത്തൂനും ചേര്‍ന്നുള്ള ഒരു അടുക്കളപ്പോര്. അതില്‍ വീടിനു പുറത്തുള്ളവര്‍ക്ക് റോളില്ല. എന്നാല്‍ അതിന്റെ അപശബ്‌ദങ്ങള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിനില്‌ക്കുന്നില്ല. ഇതുതന്നെയാണ് സഭാതര്‍ക്കത്തിന്റെയും കാര്യം. സഭയ്ക്കു പുറത്തുള്ളവര്‍ക്ക് അതില്‍ കാര്യമൊന്നുമില്ല. എന്നാല്‍ അവര്‍ മൂക്കത്ത് വിരല്‍ വച്ച് അതിലേക്ക് ചുഴിഞ്ഞുനോക്കുന്നുണ്ട്. ഒരേ സഭയ്ക്കുള്ളിലെ മലങ്കരവിഭാഗവും പാത്രിയാര്‍ക്കീസ് വിഭാഗവും തമ്മില്‍ മാന്തളിര്‍ ഇടവക കേന്ദ്രമാക്കി നടത്തുന്ന അക്കപ്പോരിന്റെ രണ്ടു ദശാബ്ദത്തെ ചരിത്രമാണ് ആക്ഷേപഹാസ്യത്തിന്റെ ഒരാന്തരക്കുന്തിരിക്കമണത്തോടെ ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്.
മാന്തളിര്‍ കുഞ്ഞൂഞ്ഞും മാന്തളിര്‍ മത്തായിയും മറ്റനേകം വേഷങ്ങളും ഇതിലെ അക്കപ്പോരുകാരായി അണിനിരക്കുന്നു. അവര്‍ മപ്പടിച്ച് താളം ചവിട്ടി പള്ളിമുറ്റത്ത് അണിനിരക്കുമ്പോള്‍ അതൊരു കൗതുകക്കാഴ്ചയാവുന്നു. എല്ലാ ഞായറാഴ്ചകളിലും അത് ആവര്‍ത്തിക്കുമ്പോള്‍ ആ കൗതൂകക്കാഴ്ച ഒരനുഷ്ഠാനവിശേഷമാകുന്നു. പിന്നെ അതില്ലാത്ത ഒരു ഞായറാഴ്ച ചിന്തിക്കാന്‍ തന്നെ പ്രയാസമാകുന്നു. മലങ്കര പാത്രിക്കീസ് സഭകള്‍ തമ്മിലുള്ള സുദീര്‍ഘമായ അവകാശത്തര്‍ക്കത്തിന്റെ ഒരു കാരിക്കേച്ചര്‍ ആവുകയാണ് ഈ നോവല്‍.
നോവലിന് എന്തും വിഷയമാണ് എന്ന സിദ്ധാന്തമനുസരിച്ച് ഇതിന്റെ പ്രമേയത്തെയും അവതരണത്തെയും വിശകലനം ചെയ്യുമ്പോള്‍ ഒട്ടേറെ നവീനതകള്‍ ദര്‍ശിക്കാനാവുന്നു. ചരിത്രവും സങ്കല്‌പവും ഒളിച്ചേ കണ്ടേ കളിക്കുന്ന ഈ നോവല്‍ എന്തായാലും വ്യത്യസ്‌തമായ ഒന്നാണ്. എന്നാല്‍ ഏതൊരക്കപ്പോരിനും നാത്തൂന്‍ പോരിനും അറുതിയുണ്ടാകുന്ന ഒരവസ്ഥയുണ്ട്. അത് ബാഹ്യ ഇടപെടലിന്റെ സാഹചര്യമാണ്. ഞങ്ങള്‍ അസഭ്യം പറയും തല്ലും തലമാറിത്തകരും അതില്‍ നിങ്ങള്‍ക്കെന്തുകാര്യമെന്ന് നാത്തൂന്മാര്‍ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ വരത്തനോട് ചോദിക്കും. ഇതിലും അതുതന്നെ സംഭവിക്കുന്നു. പള്ളി പൂട്ടാന്‍ വന്ന അന്യനോട് അവര്‍ നാത്തൂന്മാരുടെ മട്ടില്‍ തന്നെ പ്രതികരിക്കുന്നു. സഭാതര്‍ക്കങ്ങളെ ഇങ്ങനെ ഒരു തലത്തിലും നോക്കിക്കാണാമെന്ന് വ്യക്‌തമാക്കിയ ബെന്യാമിന് അഭിമാനിക്കാം.
സഭയ്ക്കകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ ഈ നോവല്‍ പുസ്‌തകം വായിച്ചു രസിക്കാം. സുനന്ദന്‍
കറന്റ് ബുക്‌സ് ബുള്ളറ്റിന്
ആഗസ്ത് 2008
Published on September 25, 2008 10:36
No comments have been added yet.
Benyamin's Blog
- Benyamin's profile
- 811 followers
Benyamin isn't a Goodreads Author
(yet),
but they
do have a blog,
so here are some recent posts imported from
their feed.

