1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട...