ഒരു മാർച്ച്മാസ സന്ധ്യയിലെ വേനൽ മഴ ഒഴിഞ്ഞ ഇരുണ്ട ആകാശത്തിലേക്കു കണ്ണുകൾ എറിഞ്ഞു, കൈയ്യിലെ ആവി പറക്കുന്ന കട്ടൻ ചായയും ഊതി കുടിച്ചു, വരാന്തയിൽ ഇരിക്കുമ്പോൾ ധ്വനിയുടെ മനസ്സിൽ നിറയെ ആ ചില്ലുകൂട്ടിലെ വർണ്ണമത്സ്യം ആയിരുന്നു.ആരായിരിക്കും അതുപോലുള്ള ഒരു സമ്മാനം അവൾക്കായി കൊടുത്തു വിട്ടത്.പരിചയം ഉള്ള പല മുഖങ്ങളും അവളുടെ മനസ്സിൽ എത്തി നോക്കി.
"ഏയ് എന്നെ അറിയാവുന്ന ഒരാളാകാൻ വഴിയില്ല."
മീനിനെ എന്നല്ല, ഒന്നിനെയും കൂട്ടിൽ അടച്ചു വളർത്തുന്നത് അവൾക്കു ഇഷ്ട്ടം അല്ല.ചിന്തകൾ കാടുകേറി മെയ്യുന്നതിനിടയിൽ അവളുടെ അനിയത്തി അടുത്ത് വന്നു പതിയെ ചോദിച്ചു.
"സത്യം പറയടി ..ആരാ നിനക്ക് അത് അയച്ചു തന്നത്. "
"എനിക്ക് അറിയില്ല."
"നിൻ്റെ ഏതോ ഒരു ലൈൻ അയച്ചത് അല്ലേ..സത്യം പറ."
"പോടീ അവിടന്ന് .."
ചൊറിയാൻ വന്ന അവളെ അവിടെ നിന്നും ഓടിച്ചെങ്കിലും, ആരാ അത് അയച്ചത് എന്ന ചോദ്യം മനസ്സിൽ തങ്ങി നിന്നു.സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്ത് ഒരു ഡയറി മിൽക്ക് പോലും ഗിഫ്റ് ആയി കിട്ടിയിട്ടില്ല.ഒരു വാലന്റൈൻ ഡേയ്ക്കും പ്രണയം പറഞ്ഞു, ഒരു പൂച്ചകുട്ടി പോലും അടുത്ത് വന്നിട്ടില്ല.ആ അവൾക്കാണ് പഠിത്തവും കഴിഞ്ഞു പണിയൊന്നും കിട്ടാതെ വീട്ടിൽ ഇരിക്കുന്ന സമയത്തു ഒരു സമ്മാന പൊതി എത്തിയത്.
Published on April 26, 2021 01:37