ഒരു പഴയ ആൾട്ടോ കാർ തുറന്നിട്ട ഗേറ്റിലൂടെ പാഞ്ഞുവന്ന് മുറ്റത്തു ആഞ്ഞുചവിട്ടി നിർത്തി.
തേഞ്ഞ ടയറും കരിഞ്ഞ പുകയുമായി ഒരു കുടുബത്തെ മൊത്തത്തിൽ ചുവന്നുകൊണ്ടു നടക്കുന്ന ആ വയസ്സൻ വണ്ടിയോട് അല്പം പോലും ദയ കാണിക്കാതെ എൻ്റെ അനിയൻ ചെക്കൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും അരിശത്തോടെ ചാടി ഇറങ്ങി.
പതിവുള്ള നിസ്സംഗ ഭാവത്തിൽ അമ്മ കാറിൽ നിന്നും ഇറങ്ങി വന്നു. അതിരഹസ്യം എന്ന് കരുതി, മുൻവശത്തെ വാതിലിൻ്റെ ചോട്ടിലെ ചവട്ടിയുടെ അടിയിൽ അവർ സൂക്ഷിച്ചു വെച്ച താക്കോൽ എടുത്തു വാതിൽ തുറന്നു. അച്ഛൻ ആണെങ്കിൽ ലോകം അവസാനിച്ചാൽ പോലും അതൊന്നും പുള്ളിയെ ബാധിക്കുന്ന കാര്യം അല്ല എന്ന് കരുതി കാറിൻ്റെ സീറ്റിൽ തലചാരി കിടന്നു ഉറങ്ങുവാണ്. ഞാൻ അച്ഛനെ കുലുക്കി വിളിച്ചു.
"അച്ഛാ വീട് എത്തി"
അതു കേട്ടതും അച്ഛൻ കാറിൻ്റെ ഡോർ തുറന്നു പുറത്തോട്ട് ഇറങ്ങി വേഗത്തിൽ നടന്നു.അങ്ങേരുടെ നടപ്പു കണ്ടാൽ തോന്നും അവിടെ എന്തോ ഒടുക്കത്തെ പണി ഉണ്ടെന്ന്. ഒന്നുല്ല, വരാന്തയിലെ ചാരു കസേരയിൽ പോയി കിടന്നു കൂർക്കം വലിച്ചു ഉറങ്ങാൻ ആണ് .
അടപടലം
Published on February 11, 2021 04:21