Evaluate Yourself

ഇത് സ്വയം വിലയിരുത്തുന്നതിനുള്ള സമയമാണ്.





2020,  ഇരുണ്ട ദിനങ്ങൾ നിറഞ്ഞ വർഷമായി തുടരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയ്ക്കു ഇനിയും ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. വർഷം അവസാനിക്കാൻ ഇനി നാല് മാസം മാത്രം ബാക്കി നിൽക്കേ നാം ഇത് ദുഃഖത്തോടെ ഓർമ്മിക്കുന്നു!





ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനത്തോടെ  ശ്വാസകോശ സംബന്ധമായ ഒരു വ്യാധി പടരുന്നതായി ലോകാരോഗ്യസംഘടനയ്ക്ക് അറിവു ലഭിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ അതു കൊറോണ വൈറസ് മൂലമുള്ള വ്യാധിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി കോവിഡ് 19 എന്ന് നാമകരണം ചെയ് തു.





കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ടു ജനുവരി 30ന് നാട്ടിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾക്ക് ആദ്യമായി നമ്മുടെ നാട്ടിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് നടുക്കത്തോടെ നമ്മൾ അറിഞ്ഞു. അക്കൂട്ടത്തിൽ വന്ന മറ്റു മൂന്നു കുട്ടികൾക്കു കൂടി അസുഖം കണ്ടെത്തിയതോടെ നമ്മുടെ ഉള്ളിൽ ഭയാശങ്കകൾ നിറയാൻ തുടങ്ങി. തുടർന്ന് മാർച്ച് നാലാം തീയതി ഇരുപത്തി രണ്ട് പേർക്കുകൂടി രോഗം കണ്ടെത്തി. ആദ്യ മരണവിവരം മാർച്ച് 12ന് പുറത്തിട്ടു.





ജനുവരി 30ന് ഒരാളിൽ തുടങ്ങിയ കോവിഡ് ഏപ്രിൽ മാസത്തിൽ 10,000 കടന്നു കൂടാതെ മരണ സംഖ്യ മുന്നൂറ് കവിഞ്ഞു. അതോടെ ഈ മഹാമാരിയുടെ തീവ്രത എത്ര ശക്തമാണെന്ന് നാം തിരിച്ചറിയാൻ തുടങ്ങി. മാർച്ച് 10 മുതൽ 12 വരെ പഞ്ചാബിലെ അനന്തപൂർ സാഹിബിൽ നടന്ന സിക്കുമത സമ്മേളനത്തിലൂടെ പഞ്ചാബിലെ ആയിരത്തോളം വരുന്ന ജനങ്ങൾ നിരീക്ഷണത്തിലായി. അതിനുശേഷം മാർച്ച് 31ന് ഡൽഹിയിൽ നടന്ന തബ്ലീഗി ജമാത്ത് എന്ന സമ്മേളനത്തിൽ പങ്കെടുത്തവരിലൂടെ ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ വൈറസ് പടർന്നു. ഈ വ്യാധി പടരുന്നതും അതിനു ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതും നടുക്കത്തോടെ നമ്മൾ അറിഞ്ഞു.





ഇററലിയിൽ നിന്നും വന്ന ഒരു കുടുംബത്തിലൂടെയും ഗൾഫിൽ നിന്നും വന്ന ചിലരുടെ അശ്രദ്ധമൂലവും കേരളത്തിലെ പല ജില്ലകളും ഈ അസുഖത്തിന്റെ പടിയിലായി. ഇന്ന് കേരളത്തിൽ രോഗികളുടെ എണ്ണം 75000 കവിഞ്ഞിരിക്കുന്നു, കൂടാതെ മരണം 290 കഴിഞ്ഞു. കോവിട് പടരുന്നതു തടയാനായി ആരോഗൃ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി നമ്മൾ പാലിക്കപ്പെട്ടതോടെ കാട്ടുതീപോലെ പടർന്നു തുടങ്ങിയ വൈറസിനെ പിടിച്ചു നിർത്താൻ നമുക്കായി.  ആരോഗ്യ വകുപ്പ് നിർദേശിച്ച “ബ്രേക്ക് ദ ചെയിൻ” മുദ്രാവാക്യം വളരെ ഫലപ്രദമായി നമ്മൾ നടപ്പിലാക്കി.





പക്ഷേ അശ്രദ്ധമായ ചില പ്രവർത്തികൾ വീണ്ടും കൊറോണ പടരുന്നതിന് കാരണമായി. നമ്മുടെ നാട്ടിൽ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞിരുന്ന ഈ വൈറസ് ബാധ വീണ്ടും പടരാൻ തുടങ്ങിയത് നമ്മുടെ അശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ്. ആദ്യകാലങ്ങളിൽ നമ്മൾ പാലിച്ച നിയമങ്ങളും നിബന്ധനകളും നമ്മിൽ നിന്ന് അകന്നു തുടങ്ങി. സാമൂഹ്യ അകലം പാലിക്കൽ, കൃത്യമായി മാസ്ക് ധരിക്കുക, സുരക്ഷ നിരീക്ഷണത്തിൽ കഴിയുന്നത് എന്നിവ കൃത്യമായി പാലിക്കാതായി. ക്രമേണ ഇത്തരം പ്രവണതകളുടെ എണ്ണം വർദ്ധിച്ചു. ഇവയെല്ലാം സർക്കാരിൻറെയൊ ആരോഗ്യവകുപ്പിൻറെയൊ മാത്രം ഉത്തരവാദിത്വം ആണെന്ന രീതിയിലേക്കു കാരൃങ്ങൾ നീങ്ങിയതോടെ ദിവസവും നിരവധി കേസുകൾ പോലീസ് രജിസ്ററർ ചെയ്തു!





ഇനിയും നാം മാനസികമായി ഇത് ഉൾക്കൊള്ളണം കൊറോണാ വൈറസിനെ തോൽപ്പിക്കാൻ പ്രതിരോധമാണ് വേണ്ടത്. ഇതെല്ലാം കൃത്യമായി പാലിക്കാൻ സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരേണ്ടി വരുമ്പോൾ നഷ്ടമാവുന്നത് നമുക്ക് നമ്മിലുള്ള വിശ്വാസമാണ്. വൈറസിൽ നിന്നുള്ള സുരക്ഷ സ്വയം ഏറ്റെടുക്കുന്നതിനു പകരം അത് സർക്കാരിൻറെ ഉത്തരവാദിത്വമായി മാറ്റാനല്ല നാം ശ്രമിക്കേണ്ടത്. ഈ മഹാമാരിയെ നേരിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ മാർഗ്ഗങ്ങളും കൃത്യമായി പാലിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.





 •  0 comments  •  flag
Share on Twitter
Published on September 26, 2020 08:26
No comments have been added yet.