ഇരുളിൽ പതിഞ്ഞ നിഴലുപോലെ
കറുത്ത് തടിച്ച ആ പഴയ വാതിലിൽ പാതിരാത്രിയിലെ ആവർത്തിച്ചുള്ള മുട്ടുകേട്ട് ഔസേപ്പ് വിറക്കുന്ന കൈകൾ കട്ടിൽപടിയിൽ മുറുക്കിപിടിച്ചു എഴുന്നേറ്റു.എഴുപതിൽ അധികം പ്രായം ഉള്ള ആ വൃദ്ധൻ ഇരുട്ടിൽ തപ്പിത്തടഞ്ഞു ഉമ്മറത്തെ വാതിൽക്കൽ എത്തി, ആയാസപ്പെട്ട് പഴയ ആ കുറ്റി വലിച്ചൂരി വാതിൽ തുറന്നു.
"ചാച്ചാ ..........അപ്പച്ചൻ "
വാതിൽ തുറന്ന ഔസേപ്പ് പതറിയ ശബ്ദത്തിൽ കേട്ട വാക്കുകൾ അതായിരുന്നു.തൻ്റെ ഉറ്റ ചെങ്ങാതിയുടെ മകൻ തൻ്റെ അയൽക്കാരൻ ,അവൻ ഇരുട്ടുനിറഞ്ഞ മലചെരുവിലെ അവൻ്റെ വീടിനു നേരെ ചുണ്ടി.അവൻ്റെ ശബ്ദത്തിലെ പതർച്ചയും ,ഓട്ടത്തിൻ്റെ കിതപ്പും, കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ഭയവും കണ്ട് ഔസേപ്പ് മകനും മരുമകളും കിടക്കുന്ന മുറിയുടെ വാതിലിൽ തട്ടി.
"എടാ ഞാൻ മത്തായിയുടെ വീടുവരെ പോകുവാ. "
മറുപടിക്ക് കത്ത് നിൽക്കാതെ അയാൾ അയയിൽ കിടന്ന തോർത്തുമുണ്ടും എടുത്തു തോളത്തിട്ട് ഉടുമുണ്ട് മുറുക്കിയുടുത്തു വേഗത്തിൽ മുന്നെ നടന്നു.മത്തായിയുടെ മകൻ യോന്നാൻകുഞ്ഞ് കൈയിലെ ഓല ചുട്ട് കാട്ടി വഴിതെളിക്കാൻ ശ്രമിച്ചെങ്കിലും ഔസേപ്പിൻ്റെ ഒപ്പം എത്താൻ കഴിഞ്ഞില്ല.ഓർമ്മവെച്ച കാലം മുതൽ നടന്നുശീലിച്ചതാ കുന്നിൻ ചെരുവിലെ ആ നടവഴി.അതിലൂടെ നടക്കാൻ അയാൾക്ക് വെളിച്ചം വേണ്ട.ആ നടവഴിയിലെ ഓരോ മൺതിട്ടകളും കല്ലുകളും അയാളുടെ കാലുകൾക്ക് വളരെ പരിചിതമാണ്.അതിലും ഏറെ പരിചിതമാണ് തൻ്റെ ചെങ്ങാതി മത്തായിയുടെ ഓരോ നിശ്വാസങ്ങളും.
ഓടിട്ട ആ ചെറിയ വീട്ടിലെ കിഴക്കുവശത്തുള്ള മത്തായിയുടെ മുറിയിൽ എത്തിയ ഔസേപ്പ് ഒരു നിമിഷം പകച്ചുപോയി തൻ്റെ പ്രിയ ചെങ്ങാതിയുടെ ചേതനയറ്റ ശരീരം ആ പലകകട്ടിലിൻ്റെ ഒരു ഓരത്തു കണ്ണുകൾ അടച്ചു കിടക്കുന്നു.
"രാത്രി ശബ്‍ദം കേട്ട് എഴുന്നേറ്റു വന്നപ്പോൾ അപ്പച്ചൻ കുടിക്കാൻ അല്പം വെള്ളം ചോദിച്ചു,ഞാൻ മടിയിൽ കിടത്തി അല്പം വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തപ്പോൾ ഒരു പിടച്ചിൽ ആയിരുന്നു."
(.....തുടർന്നു വായിക്കൂ .)ഇരുളിൽ പതിഞ്ഞ നിഴലുപോലെ