Jayesh San's Blog, page 2
September 24, 2017
പുഴു മുതൽ വാലാട്ടിപ്പട്ടി വരെ: അർണബിന്റെ റിപ്പബ്ലിക്കിലെ മൃഗങ്ങൾ

അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ചകള്‍ അതിരുവിട്ടുള്ള ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും പ്രശസ്തമാണ്. അര്‍ണാബിന്‌റെ നിലപാടുകള്‍ക്കു വിരുദ്ധമായതൊന്നും സ്വീകാര്യമല്ല അല്ലെങ്കില്‍ രൂക്ഷമായി ആക്രമിക്കപ്പെടും എന്നതു തന്നെയാണു ചര്‍ച്ചകളുടെ പൊതുസ്വഭാവം. 2015 ല്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്കു ശേഷം അഭിഭാഷകയായ വൃന്ദ ഗ്രോവറും മനുഷ്യാവകാശ പ്രവര്‍ത്തകയായ കവിതാ കൃഷ്ണനും ടൈംസ് നൗ ചാനല്‍ ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.
അന്ന് അര്‍ണാബിന്‌റെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ കേട്ട ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒരു തുറന്ന കത്തും എഴുതിയിരുന്നു. തുടക്കം മുതലേ ആക്റ്റിവിസ്റ്റുകള്‍ക്കു അവരുടെ വീക്ഷണങ്ങള്‍ പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു എന്നും വിദ്വേഷപ്രസംഗം മാത്രമായിരുന്നു അഴിച്ചു വിട്ടതെന്നും അതില്‍ പറയുന്നുണ്ട്.
'ആക്റ്റിവിസ്റ്റുകളെ തുടര്‍ച്ചയായി ദേശദ്രോഹികള്‍ എന്നും ദേശവിരോധികള്‍ എന്നും മുദ്ര ചാര്‍ത്തുന്നതും വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഒരു പ്രമുഖ ചാനലിലൂടെ ഉപയോഗിക്കുന്നതും ഗൗരവമുള്ള അനന്തരഫലങ്ങള്‍ ഉണ്ടാക്കും,' എന്നു ആ കത്തില്‍ പറയുന്നു.
ടൈംസ് നൗ ചാനല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് അര്‍ണാബിന്‌റെ ന്യൂസ് അവറിലൂടെയാണെന്നു പറഞ്ഞാലും തെറ്റില്ല. തന്‌റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരിലേയ്ക്കു അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നു അര്‍ണാബ് തന്‌റെ പ്രോഗ്രാം രൂപകല്‍പന ചെയ്തിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും അര്‍ണാബ് ഇന്ത്യന്‍ വാര്‍ത്താ മാദ്ധ്യമരംഗത്തെ അതികായനായി മാറി. സ്വയം ഒരു ബ്രാന്‌റ് ആയി മാറിയ അര്‍ണാബ് ടൈംസ് നൗവിനേക്കാള്‍ വളര്‍ന്നു എന്നതായിരുന്നു സത്യം.
അപ്പോഴും തന്‌റെ വിദ്വേഷപ്രസംഗങ്ങള്‍ക്ക് അയവു വരുത്താന്‍ തയ്യാറായിരുന്നില്ല അര്‍ണാബ്. ഇതാണു ജേണലിസം എന്നു പറയാതെ പ്രഖ്യാപിക്കുന്നതു പോലെയായിരുന്നു അര്‍ണാബും സംസാരിക്കാന്‍ അവസരം കിട്ടാത്ത ചര്‍ച്ചാ പങ്കാളികളും ഉള്‍പ്പെട്ട ന്യൂസ് അവര്‍.
ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് രാജി വച്ചപ്പോള്‍ അതു വലിയ വാര്‍ത്തയായിരുന്നു. ഒരു ജേണലിസ്റ്റ് രാജി വച്ചു എന്നു കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്ന വിധം എന്തു മാന്ത്രികവിദ്യയാണ് അര്‍ണാബിന്‌റെ പക്കലുണ്ടായിരുന്നത്
തന്‌റെ വാദങ്ങള്‍ ശരിയാണെന്ന് ഏതു വിധേനയും സ്ഥാപിക്കാനുള്ള വാശിയും അതിനുവേണ്ടി ഏതു പരിധിയും കടക്കാനുള്ള ആവേശവും തന്നെയായിരിക്കും അര്‍ണാബ് എന്ന ബ്രാന്‌റിന്‌റെ വിജയരഹസ്യം. കൂട്ടത്തില്‍ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ദേശീയതയും. ചാനല്‍ ചര്‍ച്ചകളില്‍ ഒന്നുകില്‍ ദേശസ്‌നേഹി അല്ലെങ്കില്‍ ദേശദ്രോഹി എന്ന രണ്ടു പക്ഷങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ അര്‍ണാബിനു സാധിച്ചു.
അറിഞ്ഞോ അറിയാതെയോ ആ കുരുക്കില്‍ വീഴുകയായിരുന്നു പ്രേക്ഷകര്‍. നല്ല ജേണലിസം, ചീത്ത ജേണലിസം എന്നതൊന്നും പ്രേക്ഷകര്‍ക്കു താല്പര്യമുള്ള വിഷയമല്ല. അവര്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് എന്താണെന്ന് അര്‍ണാബ് തീരുമാനിക്കുന്നു. അതനുസരിച്ച ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നു. അത്രയേയുള്ളൂ അര്‍ണാബിന്‌റെ തത്വം.
താന്‍ നിര്‍മ്മിച്ചെടുത്ത ഈ മാദ്ധ്യമസംസ്‌കാരം ഒരു ചാനലില്‍ അനുവദിച്ചു കിട്ടുന്ന അല്പസമയം കൊണ്ടു വളര്‍ത്തിയെടുക്കാവുന്നതല്ല എന്ന തിരിച്ചറിവാകണം സ്വന്തം ചാനല്‍ എന്ന ആശയത്തിലേയ്ക്ക് അര്‍ണാബിനെ നയിച്ചത്.
അങ്ങിനെ, സ്വന്തം ഇടം കിട്ടിയ അര്‍ണാബ് തന്‌റെ രീതിശാസ്ത്രത്തിനെ മുഴുവന്‍ ഊക്കോടും കൂടി അഴിച്ചു വിടുന്ന കാഴ്ചയായിരുന്നു കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പയ്‌ക്കെതിരേ നടത്തിയത്. 'പുഴു' എന്നും 'വാലാട്ടിപ്പട്ടി' എന്നെല്ലാം ലക്ഷക്കണക്കിനു ജനം കാണുന്ന ചര്‍ച്ചയില്‍ ഉപയോഗിക്കാന്‍ അര്‍ണാബിന് ഒരു മടിയും തോന്നിയില്ല. താന്‍ വെട്ടിപ്പിടിച്ച സാമ്രാജ്യത്തില്‍ തന്‌റെ നിയമം നടപ്പിലാക്കും എന്ന ഉറച്ച തീരുമാനമായിരുന്നു അര്‍ണാബിന്‌റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്.
ജേണലിസത്തിന്‌റെ മൂല്യങ്ങള്‍ അര്‍ണാബ് കുഴിച്ചു മൂടുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതു മാദ്ധ്യമപ്രവര്‍ത്തനം എന്ന മേഖല മൊത്തമായിട്ടാണ്. താന്‍ മാതൃകയായ ജേണലിസമാണ് ഉന്നതമെന്ന് അര്‍ണാബ് ധരിച്ചു പോയിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതാണ് ആ ധാരണ.
നാരദ ന്യൂസ് - 13 May 2017
Published on September 24, 2017 22:51
സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ച സെക്സി സന്യാസി വിനോദ് ഖന്നയെക്കുറിച്ച് ഇതെല്ലാം അറിയാമോ?
ബോളിവുഡിലെ ഒരു കാലത്തെ താരപ്രഭാവമായിരുന്ന വിനോദ് ഖന്ന വിടവാങ്ങി. എഴുപത് വയസ്സായിരുന്നു ആ സന്യാസിയായ നടന്.
ബോളിവുഡില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന. ഒരു കാലത്ത് താരമൂല്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം മത്സരിച്ചിരുന്നു അദ്ദേഹം. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിനോദ് ഖന്ന അഭിനയത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 1982 ല്‍ ആയിരുന്നു തന്‌റെ ആത്മീയഗുരുവായ ഓഷോ രജനീഷിന്‌റെ അനുയായിയായി അദ്ദേഹം സിനിമ ഉപേക്ഷിച്ച് പോയത്. ആ വര്‍ഷം തന്നെയായിരുന്നു വിനോദ് ഖന്നയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ 'താക്കത്' പുറത്തിറങ്ങിയ വര്‍ഷം.
എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുമായിരുന്നു ബോളിവുഡിലെ എക്കാലത്തേയും സുന്ദരന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന വിനോദ് ഖന്ന. സെക്‌സി സന്യാസി എന്നായിരുന്നു അദ്ദേഹം സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നത്. വില്ലനായി തുടങ്ങി നായകനായി മാറിയ ഖന്നയുടെ യാത്ര അത്ര എളുപ്പവും ആയിരുന്നില്ല.
പാകിസ്ഥാനിലെ പെഷാവാറില്‍ 1946 ല്‍ ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു ആയിരുന്നു വിനോദ് ഖന്ന ജനിച്ചത്. പിന്നീട് ഡല്‍ഹിയിലേയ്ക്കു താമസം മാറ്റി. നാസിക്കിനടുത്തുള്ള ഒരു സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിനോദിന്‌റെ കുട്ടിക്കാലം സോല്‍വാ സാല്‍, മുഗള്‍ ഏ ആസം തുടങ്ങിയ സിനിമകള്‍ കണ്ടായിരുന്നു നിറഞ്ഞിരുന്നത്. പതിയെ സിനിമ ഒരു സ്വപ്‌നമായി മാറുകയായിരുന്നു.
1968 ല്‍ സുനിൽ ദത്ത് നിർമ്മിച്ച 'മന്‍ കാ മീത്' എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു വിനോദിന്‌റെ അരങ്ങേറ്റം. പിന്നീട് ചെറിയ വില്ലന്‍ വേഷങ്ങളുമായി സിനിമാജീവിതം തുടര്‍ന്നു. ഹിന്ദി സിനിമയില്‍ വില്ലനായി തുടങ്ങി നായകവേഷത്തിലെത്തിയ അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന.1971 ല്‍ 'ഹം തും ഔര്‍ വോഹ്' എന്ന ചിത്രത്തിലൂടെ നായകവേഷം കെട്ടി അദ്ദേഹം. അതേ വർഷം സംവിധായകനായ ഗുല്‍സാറിന്‌റെ 'മേരെ അപ്‌നെ' എന്ന ചിത്രം വിനോദ് ഖന്നയ്ക്കു ബ്രേക്ക് നല്‍കി. ശത്രുഘ്‌നന്‍ സിന്ഹയോടൊപ്പം മല്‍സരിച്ചഭിനയിച്ച ഖന്നയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 1973 ല്‍ 'അചാനക്' എന്ന ചിത്രത്തിനെ അഭിനയത്തിനു വാനോളം പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ താരമായി അദ്ദേഹം ഉയര്‍ന്നു.
ഗീതാഞ്ജലിയുമായുള്ള വിവാഹവും ആ സമയത്തായിരുന്നു. രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന എന്നിവര്‍ മക്കള്‍.
പിന്നീട് അന്നത്തെ തിളങ്ങും താരമായിരുന്ന അമിതാഭ് ബച്ചനു എതിരാളിയായി വളര്‍ന്നു അദ്ദേഹം. എന്നാലും ഓഫ് ബീറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അദ്ദേഹം വിമുഖത കാണിച്ചില്ലായിരുന്നു. പ്രശസ്തി അദ്ദേഹത്തിനെ ഒരിക്കലും മത്തു പിടിപ്പിച്ചില്ല. വെള്ളിത്തിരയില്‍ സ്വന്തം ഇടം നേടിയെടുത്തെങ്കിലും ആത്മീയതയുടെ വഴിയിലേയ്്ക്കു നീങ്ങലായിരുന്നു അദ്ദേഹത്തിനു താല്പര്യം. അങ്ങിനെ ഓഷോ രജനീഷിന്‌റെ ശിഷ്യത്വം സ്വീകരിച്ചു.
എണ്‍പതുകളുടെ തുടക്കത്തില്‍ വിനോദ് അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ ആശ്രമത്തില്‍ പോയി സന്യാസജീവിതം ആരംഭിച്ചു. അവിടെ തോട്ടക്കാരനായിട്ടായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. അഞ്ചു വര്‍ഷത്താളം അദ്ദേഹം ഓഷോ രജനീഷ്പുരത്തില്‍ കഴിഞ്ഞു. അതോടെ ഗീതാഞ്ജലിയുമായി വിവാഹമോചനവും സംഭവിച്ചു.
പിന്നീട് ഭൗതികലോകവും ആത്മീയതയും ഒന്നിച്ചു കൊണ്ടുപോകാമെന്നു തീരുമാനിച്ച അദ്ദേഹം സിനിമയുടെ ലോകത്തേയ്ക്കു മടങ്ങിയെത്തി. ഡിംപിള്‍ കപാഡിയയോടൊപ്പം 'ഇന്‍സാഫ്' (1987) എന്ന ചിത്രത്തിലൂടെ വിനോദ് ഖന്ന വീണ്ടും തിരശ്ശീലയിലെത്തി.
വീണ്ടും വിനോദ് ഖന്ന ബോളിവുഡിലെ താരമായി. ജെ പി ദത്ത, യാഷ് ചോപ്ര, മുകുല്‍ ആനന്ദ് തുടങ്ങിയ ഹിറ്റ് സംവിധായകര്‍ വിനോദ് ഖന്നയെ നായകാനാക്കി സിനിമ ചെയ്യാന്‍ മുന്നോട്ടു വന്നു. ധാരാളം ഹിറ്റുകള്‍ വിനോദിന്‌റെ പേരില്‍ ഇറങ്ങി.
തൊണ്ണൂറുകളോടെ തുടര്‍ച്ചയായ പരാജങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. വിനോദ് ഖന്നയുടെ താരമൂല്യം ഇടിയാന്‍ തുടങ്ങി. കവിതയുമായുള്ള വിവാഹവും അപ്പോഴായിരുന്നു. ആദ്യഭാര്യയിലെ മകനായ അക്ഷയ് ഖന്നയെ അപ്പോഴായിരുന്നു അദ്ദേഹം സിനിമയിൽ പരിചയപ്പെടുത്തിയത്.
സിനിമകള്‍ പരാജയമാകാന്‍ തുടങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ലോകസഭയിലേയ്ക്കു മത്സരിച്ചു. രണ്ട് പ്രാവശ്യം കേന്ദ്രമന്ത്രിയുമായി.
2009 ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച വിനോദ് ഖന്ന 2014 ൽ ശക്തമായി തിരിച്ചെത്തി. ജീവിതത്തിലെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്ത ഒരു സന്യാസിയുടെ മനോഭാവമായിരുന്നു വിനോദ് ഖന്നയ്ക്ക്. ഉയർച്ചതാഴ്ചകൾ അദ്ദേഹത്തിനെ അലട്ടിയതേയില്ല. പ്രശസ്തി ഒരിക്കലും ഭാരമായില്ല.
കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന വിനോദ് ഖന്ന വിടപറയുമ്പോൾ ബോളിവുഡിലെ താന്തോന്നികളായ നായകരിൽ ഒരാളെയാണു നമുക്കു നഷ്ടമാകുന്നത്.
നാരദ ന്യൂസിൽ എഴുതിയത്

Published on September 24, 2017 22:48
September 6, 2017
കാറ്റ് പറഞ്ഞ കഥ*
രാത്രിയാത്ര വേണ്ടെന്നത് നഫീസയുടെ നിർബന്ധമായിരുന്നു. ബാംഗ്ലൂരിൽ നിന്നും പാലക്കാട് വരെ കൂടി വന്നാൽ എത്ര മണിക്കൂർ എടുക്കും എന്ന വാദങ്ങളൊന്നും വിലപ്പോയില്ല. അവളുടെ വാശിയ്ക്ക് കാരണവുമുണ്ട്. വിമാനത്തിലോ, കുറഞ്ഞത് തീവണ്ടിയിലോ പോകാതെ അത്രയും ദൂരം കാറിൽ പോകാമെന്ന തന്റെ തീരുമാനം അവളെ രോഷം കൊള്ളിച്ചു കാണണം. അല്ലെങ്കിലും തന്റെ വാക്കുകൾക്ക് ഈ വീട്ടിൽ വിലയില്ലെന്ന് അവളുടെ സ്ഥിരം പരാതിയാണല്ലോ. പക്ഷേ, ആ തീരുമാനം തന്റെയല്ലല്ലോയെന്നും ഓർത്തു.
‘ചേച്ചിയ്ക്ക് പേടിയായിട്ടായിരിക്കും ന്ന്, ഇന്നലെക്കൂടി ന്നോട് കൂട്ടം കൂടിയതാണു,’ ഡ്രൈവർ കുമാരൻ പറഞ്ഞു.
കൊച്ചുണ്ണിയ്ക്ക് ചിരിക്കാനാണ് തോന്നിയത്. താൻ മനസ്സിൽ ഓർത്തതിന്റെ തുടർച്ച അവൻ കണ്ടെത്തിയതിന്റെ രഹസ്യം ചികയുകയായിരുന്നു കൊച്ചുണ്ണി. എല്ലാവരും മെന്റലിസ്റ്റുകളാകുന്ന കാലം വന്നെത്തിയോയെന്ന് സംശയം ഉണ്ടായി. എന്തായാലും ബാംഗ്ലൂരിൽ വന്ന് ഇത്രയും കാലമായിട്ടും അവന്റെ നാവിൽ നിന്നും പാലക്കാടൻ ശൈലി മാഞ്ഞുപോകാത്തതിൽ ആശ്വാസം തോന്നി.
നഫീസ അതിരാവിലെ എഴുന്നേറ്റ് വഴിയ്ക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി കുമാരനെ ഏൽപ്പിച്ചു. ഒറ്റയ്ക്കാണെങ്കിൽ താൻ ആഹാരചിട്ടകൾ തെറ്റിക്കും എന്നവൾക്കറിയാം. പോകുന്ന വഴി എവിടെയെങ്കിലും നിർത്തി കഴിയ്ക്കാൻ നിർബന്ധിക്കണം എന്നും അവൾ നിർദ്ദേശിച്ചു കാണും. ആഹാരത്തിന് മുമ്പും പിമ്പും കഴിക്കാനുള്ള മരുന്നുകൾ ഉണ്ട്. കുമാരന് ജോലി കൂടി എന്ന് പറഞ്ഞാൽ തരക്കേടില്ല.നഫീസ എന്ന പുണ്യം, അയാൾ സ്വയം പറഞ്ഞു. ഇന്നത്തെയത്ര ഇല്ലെങ്കിലും ഹിന്ദുവും മുസ്ലീമും വിവാഹം കഴിയ്ക്കുക എന്നതെല്ലാം അന്നും കലാപസാധ്യതകളുള്ള വിഷയമായിരുന്നു. ജെഎൻയൂവിലെ പഠനകാലത്ത് തുടങ്ങിയ ഇഷ്ടം. ബിരുദം കഴിഞ്ഞ ഉപരിപഠനത്തിലായി അവൾ അമേരിക്കയിലേയ്ക്ക് പോയപ്പോൾ താൻ ഡൽഹിയിൽത്തന്നെ ജോലി സമ്പാദിക്കാൻ ശ്രമിച്ചു. ഒപ്പം ഉപരിപഠനവും. ഒരു വർഷം കഴിഞ്ഞ അവൾ അമേരിക്കയിൽ നിന്നും തിരികെയെത്തിയിട്ട് വിവാഹം എന്നായിരുന്നു ധാരണ.
അപ്പോഴാണ് ഏട്ടന്റെ ടെലഗ്രാം വരുന്നത്. ആദ്യം മനസ്സിൽ തോന്നിയത് അച്ഛന്റെ രൂപമായിരുന്നു. അടുത്ത ദിവസം തന്നെ പുറപ്പെട്ടു. ഊഹം തെറ്റിയില്ല. ഏട്ടന് കുറച്ചു കൂടി പ്രായം കൂടിയതായി തോന്നിയിരുന്നു. ബലികർമ്മങ്ങൾക്ക് ശേഷം തിരികെ ഡൽഹിയിലേയ്ക്ക് പോകുന്ന കാര്യം ഏട്ടനോട് അവതരിപ്പിക്കുന്നതിന്റെ പ്രയാസത്തിലായിരുന്നു താൻ. അപ്പോഴത്തെ അവസ്ഥയിൽ ഏട്ടനെ തനിച്ചാക്കി പോകുന്നതിൽ കുറ്റബോധം ഉണ്ടായിരുന്നു. തറവാട്ടിൽ അമ്മ മാത്രമേയുള്ളൂ. ചേച്ചിയാകട്ടെ, മക്കളുടെ പഠിപ്പിന്റെ ആകുലതകൾ നിരത്തി വേഗം തിരിച്ചു പോയിരുന്നു. ഒരു ഏട്ടത്തിയമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങളിലൊന്നായിരുന്നു അത്.
‘അതൊന്നും ഓർത്ത് ഉണ്ണി വിഷമിക്കണ്ട. തിരികെ പൊയ്ക്കോളൂ... ജോലി നോക്കുക, കഴിയുമെങ്കിൽ ഇനിയും പഠിയ്ക്കുക. അമ്മയുണ്ടല്ലോ ഇവിടെ,’ ഏട്ടൻ പറഞ്ഞു.
എന്നാൽ പറയുന്നതിനേക്കാൾ മറ്റെന്തോ ചോദിക്കാമുണ്ടായിരുന്നു എന്ന് മനസ്സിലായി. ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്ക് വാർത്തകളെത്താൻ വഴികൾ ധാരാളമുണ്ടല്ലോ.
‘ഉണ്ണീ, നല്ലോണം ആലോചിച്ചിട്ടാണോ നീ? എന്താ ആ കുട്ടീടെ പേര്?’, ഏട്ടൻ അമ്മ പരിസരത്തില്ലെന്ന് ഉറപ്പാക്കി ചോദിച്ചു.
‘നഫീസ, അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ്, ഒരു വർഷം കഴിയും വരാൻ.’
‘ഉം.. ഏട്ടന് എതിർപ്പൊന്നൂല്ലാട്ടോ ഉണ്ണീ.. അമ്മയും ഒന്നും പറയില്ല. നീ സന്തോഷായിരിക്കണത് കാണണംന്നേയുള്ളൂ,‘ അത്രയും പറഞ്ഞ് ഏട്ടൻ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്ന സൂചന. സന്ധ്യ പോലൊരു മതിൽ ഉയർത്തി വിട്ടിട്ട് ഏട്ടൻ പോകുന്നു. അല്ലെങ്കിലും ഏട്ടൻ അനുഭവിച്ച ജീവിതത്തിന് ഏതാനും പ്രകാശവർഷങ്ങളുടെ ദൈർഘ്യം കൂടുതൽ കാണും.അടുത്ത ദിവസം തിരികെ പോയി. ഒരു വർഷം കഴിഞ്ഞ് നഫീസ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് തിരിച്ചു പോകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടായിരുന്നു വരവ്. തിടുക്കത്തിൽ വിവാഹം നടത്തി. അനുമോദനം അറിയിച്ചുകൊണ്ട് ഏട്ടന്റെ ടെലഗ്രാം വന്നു. ഉടനെ നാട്ടിലേയ്ക്ക് വരണ്ട എന്ന അറിയിപ്പും.
ന്യൂയോർക്കിൽ പഠനവും ജോലിയുമായി വർഷങ്ങൾ കടന്നു പോയി. പോകുന്നതിന് മുമ്പ് വിവരങ്ങൾ അറിയിച്ച് ഏട്ടന് എഴുതിയിരുന്നു. അമേരിക്കയിൽ എത്തിയ ശേഷവും രണ്ട് തവണ എഴുതി. മറുപടിയൊന്നും വന്നില്ല. ഏട്ടൻ അങ്ങിനെയാണ്. സുഖമാണെന്നറിഞ്ഞാൽ മതി., ചോദ്യങ്ങളൊന്നും ഇല്ല.
സൈറ വന്നതിന് ശേഷമാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചത്. അപ്പോഴേയ്ക്കും ഇരുവർക്കും ഗവേഷണബിരുദങ്ങൾ ലഭിച്ചിരുന്നു. ആ യോഗ്യത ധാരാളമായിരുന്നു ഉയർന്ന ശമ്പളത്തിന് ബാംഗ്ലൂരിൽ ജോലി ചെയ്യാനുള്ള ക്ഷണം ലഭിക്കാൻ. രണ്ടാമതൊന്ന് ആലോചിച്ചില്ല, അമേരിക്കയോട് വിട പറഞ്ഞു.
ഏട്ടനെ പല പ്രാവശ്യം ബാംഗ്ലൂരിലേയ്ക്ക് ക്ഷണിച്ചതാണ്. വന്നില്ല. അമ്മ മരിച്ചതിന് ശേഷം വല്ലാതെ ഒറ്റപ്പെട്ട് പോകുകയായിരുന്നു ഏട്ടൻ. തറവാട് ഭാഗം വച്ചപ്പോൾ ഏട്ടന് കിട്ടിയത്, അല്ല തിരഞ്ഞെടുത്തത്, മലയോരത്തെ ഒരു കളപ്പുരയും അതിനോട് ചേർന്നുള്ള സ്ഥലവും ആയിരുന്നു.
ഏതാനും വർഷങ്ങൾ കൂടി ജോലിയിൽ തുടരാമായിരുന്നു ഏട്ടന്. വിആർഎസ് എടുത്ത് കളപ്പുരയിൽ താമസമാക്കിയതോടെ ഏട്ടനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കത്തെഴുതി. എപ്പോൾ വേണമെങ്കിലും ബാംഗ്ലൂർക്ക് വന്ന് ഞങ്ങളോടൊപ്പം താമസമാക്കാം എന്ന് അറിയിച്ചു. എനിക്കിവിടെ സുഖമാണ് ഉണ്ണീ എന്ന് മാത്രം മറുപടി വന്നു.കളപ്പുരയോട് ചേർന്ന് ഒരു സർപ്പക്കാവുണ്ടായിരുന്നു. അവിടെ വിളക്ക് കൊളുത്തുന്നതും ഏട്ടനായിരുന്നു. പിന്നീടെപ്പോഴോ കളവും സ്ഥലവും വിൽക്കാമെന്ന് തീരുമാനിച്ചപ്പോൾ തടസ്സം നിന്നതും ആ സർപ്പക്കാവായിരുന്നു. ആരും സ്ഥലം വാങ്ങാൻ തയ്യാറായില്ല. അറിഞ്ഞുകൊണ്ട് കുരുക്കിൽ ചാടണോയെന്ന് മുഖത്ത് നോക്കി പറഞ്ഞവരുമുണ്ട്. സ്വത്തുക്കൾ വിറ്റ് ദേശാടനത്തിനിറങ്ങുകയായിരുന്നു ഏട്ടന്റെ പദ്ധതി. നാഗദേവതകൾ അതിനനുവദിച്ചില്ല.ഏട്ടൻ ദുർബലനായിപ്പോയെന്നും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ സ്വയം വിധിച്ച ഈ ജീവിതത്തിൽ ഒതുങ്ങിക്കൂടില്ലായിരുന്നു. ഫ്രാങ്ക് സിനാട്രയും ജിമ്മി സ്കോട്ടും കീത്ത് എമേഴ്സനും എല്ലാമായിരുന്നു ഏട്ടന്റെ പ്രിയപ്പെട്ട ഗായകർ. വിദേശത്ത് നിന്നും മാസികകൾ വരുത്തി വായിക്കുന്ന ശീലവുമുണ്ടായിരുന്നു. ഏട്ടനാണ് തനിയ്ക്ക് ലോകം എന്താണെന്ന് പരിചയപ്പെടുത്തിത്തന്നത്. ആ ഏട്ടനാണ് കളപ്പുര പുതുക്കിപ്പണിത് ഒരു കൊച്ചുവീട്ടിൽ ഏകാന്തതയും ധ്യാനിച്ചിരിക്കുന്നത്.ഇതുപോലൊരിക്കൽ ഏട്ടന്റെ കത്ത് വന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ്. അന്നും ഒറ്റയ്ക്കായിരുന്നു തന്റെ യാത്ര. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂർ വരെ ഫ്ലൈറ്റിൽ. അവിടന്ന് ടാക്സി പിടിച്ചു. അന്നായിരുന്നു ആദ്യമായി ഏട്ടന്റെ പുതിയ വീട് കാണുന്നത്. ചുറ്റിലും കാട്ടുചെയികളും മരങ്ങളും അതിനപ്പുറം നെൽപ്പാടങ്ങളും. എല്ലാത്തിനും നടുക്ക് സ്മൃതിമണ്ഡപം പോലെ ചെറിയൊരു വീട്.പാലക്കാടൻ കാറ്റിന്റെ ഇരമ്പമുണ്ടായിരുന്നു ഏട്ടന്റെ വീട്ടിൽ. ഇടവഴിയിലൂടെ ഇടയ്ക്ക് കടന്ന് പോകുന്ന പണിക്കാർ മാത്രമായിരുന്നു മനുഷ്യസാന്നിദ്ധ്യം ഉറപ്പിച്ചത്. ആരും ഏട്ടനോട് വിശേഷം ചോദിക്കുന്നതായി തോന്നിയില്ല. സ്വയം സൃഷ്ടിച്ച ധ്യാനപീഠത്തിൽ അദൃശ്യനായത് പോലെയായിരുന്നു ഏട്ടന്റെ ജീവിതം. സർപ്പക്കാവിൽ വിളക്ക് വയ്ക്കുന്നത് പതിവ് മുടങ്ങിയിരുന്നു. ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തും. ചിലപ്പോൾ എവിടെ നിന്നോ ഒരു നാണിയമ്മ വന്ന് വിളക്ക് കൊളുത്തി തിരിച്ച് പോകും. നാണിയമ്മയോടും ഏട്ടൻ അധികം സംസാരിച്ചിരുന്നില്ല. സുഖമില്ലാതായാൽ ആരും വിളിക്കാതെ തന്നെ നാണിയമ്മ എത്തും. കഞ്ഞി വച്ച് കൊടുത്തിട്ട് പോകും. തലമുറകളായി പിന്തുടരുന്ന ഒരാചാരം പോലെയായിരുന്നു ഏട്ടന്റേയും നാണിയമ്മയുടേയും അടുപ്പം.ഏട്ടന് സമ്മാനിക്കാൻ ഒരു മൊബൈൽ ഫോൺ കൂടി കരുതിയിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഏട്ടൻ അത് നിരസിച്ചു. പരിഷ്കാരത്തിനോടുള്ള അതൃപ്തിയായിരുന്നില്ല അത്. അകലങ്ങൾ അറ്റുപോകുമോയെന്ന ഭയമായിരുന്നു നിരാസത്തിന് പിന്നിൽ.‘കത്തെഴുതുന്നതാണ് ഏട്ടനിഷ്ടം ഉണ്ണീ. മറുപടി വേണമെന്ന് നിർബന്ധമില്ല. സമയം കിട്ടുമ്പോൾ ഒരു വരി...അത്ര മതി...’ ഏട്ടൻ പറഞ്ഞു.അവിടെ താമസിച്ച രണ്ട് ദിവസവും തന്റെ മൊബൈലിൽ സിഗ്നൽ കിട്ടാതെ അരിശം തോന്നിയതും ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചതായി തോന്നിയതും ഓർമ്മ വന്നു.
‘കഴിക്കാനായോ സാർ?,’ കുമാരൻ ചോദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്. മനസ്സിൽ നിന്നും ശരീരത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് അറിയാൻ തുടങ്ങി. വഴിയിലൊരിടത്ത് കാർ നിർത്തി നഫീസ തന്നയച്ച പൊതികൾ തുറന്ന് ഇരുവരും കഴിച്ചു. അല്പനേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു.
ഒരു മാസം മുമ്പ് പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം വന്നിരുന്നു. സൈറ അവിടെയുണ്ടല്ലോയെന്നാണ് ആദ്യം തോന്നിയത്. കലാചരിത്രം പഠിക്കാനെന്നും പറഞ്ഞ് അവൾ പോയിട്ട് അധികകാലം ആയിട്ടില്ല. താല്പര്യം തോന്നിയില്ലെങ്കിലും ക്ഷണം സ്വീകരിച്ചു. ഒരാഴ്ച പാരീസിൽ. തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ നഫീസയുണ്ടായിരുന്നു. വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അവൾ ഏട്ടന്റെ കത്ത് വന്ന കാര്യം പറയുന്നത്.
‘കത്ത് വന്നിട്ട് രണ്ട് ദിവസമായി. ഏട്ടന്റെ കൈയ്യക്ഷരം കണ്ടപ്പോൾ... നീ വന്നിട്ട് പറയാമെന്ന് കരുതി...തെറ്റായിപ്പോയോ?‘ അവൾ ചോദിച്ചു.‘ഇല്ല. നിനക്ക് തുറന്ന വായിക്കാമായിരുന്നില്ലേ?‘
അവൾ ഒന്ന് മന്ദഹസിച്ചു. ബാഗിൽ നിന്നും കത്ത് എടുത്ത് കൈമാറി. നഫീസയിലെ അനേകം ഗുണങ്ങളിലൊന്നായിരുന്നു അത്. വീട്ടിലെ മറ്റൊരാൾക്ക് വന്ന കത്ത് തുറന്ന് വായിക്കില്ല. ചിലപ്പോഴെല്ലാം അനാവശ്യമായ മാന്യതയാണെന്ന് പോലും തോന്നിപ്പോയിട്ടുണ്ടെങ്കിലും അവളിലെ ശരികളെ അംഗീകരിക്കാതെ പറ്റില്ലായിരുന്നു.
വളരെക്കാലത്തിന് ശേഷം ഏട്ടന്റെ കൈപ്പട കണ്ടപ്പോൾ ഉള്ളിലെന്തോ അപശകുനം പോലെ തോന്നി. തുറന്നു വായിച്ചു.
‘ഉണ്ണീ... ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടം വരെ വരണം. നിന്റെ കാറിൽ വന്നാൽ മതി.‘
സ്നേപൂർവ്വംഏട്ടൻ
ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ കത്തിൽ. ഉടൻ പോകണമെന്ന് നഫീസ പറഞ്ഞു. കാറിൽ യാത്ര ചെയ്യണം എന്നതിൽ മാത്രമേ പരിഭവം ഉണ്ടായിരുന്നുള്ളൂ. കുമാരൻ കാറുമായി പോകട്ടേയെന്നും താൻ ഫ്ലൈറ്റിൽ പോകാമെന്നും അഭിപ്രായം വന്നു. ഏട്ടൻ പറഞ്ഞതാണ് എന്ന ഉപായത്തിൽ അതൊഴിവാക്കി.
കുമാരൻ റേഡിയോ ഓൺ ചെയ്തു. ഏറെ നേരത്തിന് ശേഷം അവന്റെ സാന്നിധ്യം ഓർമ്മ വന്നത് അപ്പോഴായിരുന്നു. ഇടയ്ക്കൊന്ന് മയങ്ങിപ്പോയി.
‘എവിടെയെത്തി കുമാരാ?‘
‘കോയമ്പത്തൂര് കഴിഞ്ഞു... ഇനി അധികം പോണ്ട.‘
‘നിനക്ക് വിശക്കണില്ലേ? എവിടെയെങ്കിലും നിർത്തി കഴിച്ചോളൂ.‘
‘വെശപ്പ് കെട്ടു സാർ... അവിടെത്തീട്ട് കഴിക്കാം ഇനി.‘
അവിടെ കഴിക്കാൻ വല്ലതും കാണുമോയെന്ന സംശയം പങ്കു വച്ചില്ല. അവനോട് ചെയ്യുന്ന ചതിയാണെങ്കിലും എത്തിച്ചേരാനുള്ള തിടുക്കം അതിന് പ്രേരിപ്പിച്ചു.
ഹൈവേയിൽ നിന്നും കാർ ഒരു വെട്ടുവഴിയിലേയ്ക്ക് പ്രവേശിച്ചു. പണ്ടെപ്പോഴേ ടാർ ചെയ്തിരുന്നതിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങ് കാണാനുണ്ടായിരുന്നു. വേനലായതിനാൽ മണ്ണിളകിക്കിടന്നു. ചെറുകാറ്റിൽ തവിട്ട് നിറത്തിലുള്ള പൊടി പാറിപ്പറന്ന് കാഴ്ച മൂടും. വഴിയ്ക്ക് അല്പം വീതി കൂടിയെന്നല്ലാതെ മാറ്റമൊന്നുമില്ല.
വീട്ടിലേയ്ക്കുള്ള വഴിയെത്തിയപ്പോൾ കുമാരൻ ശരിക്കും വിയർത്തു. കുണ്ടും കുഴിയുമായി ശോചനീയമായിരുന്നു വഴി. വളരെ ശ്രമപ്പെട്ടാണ് അവൻ കാർ വീട്ടുമുറ്റത്തെത്തിച്ചത്.
കാറിന്റെ ശബ്ദം കേട്ടതും ഏട്ടൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ദേഹം വല്ലാതെ ചടഞ്ഞിരുന്നു. ഏതോ രോഗബാധയിലെന്ന പോലെ തൊലിയുടെ നിറം മാറിയിരുന്നു.
‘ധൃതി പിടിച്ച വരണ്ടായിരുന്നല്ലോ ഉണ്ണീ,‘ ഏട്ടൻ സ്നേഹത്തോടെ പറഞ്ഞു.
‘വരണംന്ന് പറഞ്ഞ് കത്തെഴുതിയാൽപ്പിന്നെ വൈകിക്കാൻ പറ്റ്വോ ഏട്ടാ?‘
‘ഉം, നന്നായി. എത്രയും വേഗമാകുന്നോ അത്രയും നന്ന്,‘ തിണ്ണയിൽ ചാരിയിരുന്ന് ഏട്ടൻ പറഞ്ഞു. ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
‘ഏട്ടന് എന്താ പറ്റ്യേ?‘
‘ഒന്നൂല്ല കുട്ടീ... പ്രായത്തിന്റെ തന്നെ...‘
‘സുഖമില്ലാതിരുന്നപ്പോൾ ആരായിരുന്നു സഹായത്തിന്?‘
‘ആ നാണിയമ്മ വരും... വല്ലതും വച്ചുണ്ടാക്കിത്തരും...പോരേ?‘
ദേഷ്യം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. ദിവസം സായാഹ്നത്തോടടുക്കുകയായിരുന്നു. ഇലമറകൾക്കപ്പുറത്ത് ഇരുട്ടിന്റെ കച്ച മുറുകുന്നു. പകൽക്കളി കഴിഞ്ഞ് കലാകാരൻ ചമയമഴിയ്ക്കുന്നത് പോലെ നിറങ്ങൾ മങ്ങിത്തുടങ്ങി. ഏട്ടനും താനും ഏറെ നേരം ഒന്നും മിണ്ടാതിരുന്നു.
ഭക്ഷണം കഴിക്കാൻ പോയിരുന്ന കുമാരൻ കാർ ഒതുക്കിയിട്ട് വന്നു. ഏട്ടൻ അകത്തു പോയി കുറച്ച് മാമ്പഴങ്ങൾ കൊടുത്തു.‘ഇപ്പഴും കായ്ക്കുന്നുണ്ട് മൂവാണ്ടൻ. പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. എന്തെങ്ക്ിലും കിട്ടുന്നത് നാണിയമ്മയ്ക്ക് കൊടുക്കും,‘ ഏട്ടൻ പറഞ്ഞു.ഇരുൾ വീണ് തുടങ്ങിയപ്പോൾ നാണിയമ്മ വന്നു. സർപ്പക്കാവിൽ വിളക്ക് കൊളുത്താൻ വന്നതാണ്. ആചാരത്തിന് കുശലം ചോദിച്ചു. രാത്രി കഞ്ഞി മതിയെന്ന് പറഞ്ഞു. അതിഥികൾ ഉള്ളതിനാൽ നാരങ്ങ ഉണക്കിയതും താമരവള്ളി വറുത്തതും കൊണ്ടുവന്നിരുന്നു അവർ.
യാത്രയ്ക്കിടയിൽ എപ്പോഴേ നാണിയമ്മ മരിച്ചു കാണുമെന്ന് തോന്നിയിരുന്നു. അതിൽ കുറ്റബോധം തോന്നി. പെട്ടെന്ന് തന്നെ കഞ്ഞി തയ്യാറാക്കി യാത്ര പോലും പറയാതെ അവർ തിരിച്ച് പോയി.
യാത്രാക്ഷീണം ഉണ്ടായതിനാൽ നേരത്തേ കിടക്കാമെന്ന് വച്ചു. ഏട്ടൻ ഞങ്ങൾക്ക് കഞ്ഞി വിളമ്പിത്തന്നു. കുമാരന് കിടക്കാനിടെ ഒരുക്കിയതും ഏട്ടനായിരുന്നു.
ഏട്ടന്റെ മുറിയിൽ താഴെ തഴപ്പായ വിരിച്ച് കിടന്നു. അടുത്ത് തന്നെ ഏട്ടനും. ഏട്ടൻ വിയർക്കുമ്പോഴുണ്ടാകുന്ന പ്രത്യേകമണം വളരെക്കാലത്തിന് ശേഷം അനുഭവിച്ചു.
‘രാവിലെ നേരത്തേ പുറപ്പെടണമായിരിക്കും അല്ലേ?‘ ഏട്ടൻ ചോദിച്ചു.‘അതെ, അല്ലെങ്കിൽ രണ്ടും കെട്ട നേരമാകും എത്തുമ്പോൾ...‘
‘ഈ വീടും പറമ്പും നാണിയമ്മയ്ക്കുള്ളതാണ്. ഒറ്റയ്ക്കാണവർ...ഒരു സഹായമായിക്കോട്ടെ...നിനക്ക് തന്നിട്ടും ഉപയോഗമുണ്ടാവില്ല, വിൽക്കാനും പ്രയാസം...‘ ഏട്ടൻ ഒരു അറിയിപ്പ് പോലെ പറഞ്ഞു.
ഒരു ദീർഘനിശ്വാസത്തോടെ ഏട്ടൻ സംഭാഷണം അവസാനിപ്പിച്ചു. ഉഷ്ണം നിറഞ്ഞ രാത്രിയിൽ എപ്പോഴോ കണ്ടുമറന്ന സ്വപ്നങ്ങൾ തിരിച്ചെത്തി. അർദ്ധസുഷുപ്തിയിൽ ഏട്ടന്റെ സാമീപ്യം ആശ്വാസമായി പോന്നി. സ്വപ്നവും യാഥാർഥ്യവും ഇഴ കലർന്ന ഒരു അഴിമുഖമായിരുന്നു അത്. പിന്നീടെപ്പോഴോ പൂർണ്ണമായും ഉറക്കത്തിലേയ്ക്ക് വഴുതി.
അതിരാവിലെ പുറപ്പെട്ടു. ഏട്ടന് എടുക്കാൻ അധികമൊന്നും ഇല്ലായിരുന്നു. വീട് പൂട്ടി താക്കോൽ നാണിയമ്മയ്ക്ക് കൊടുത്തു. അവർ അപ്പോഴും ഏതോ ആചാരം പാലിക്കുന്ന മുഖഭാവത്തോടെ അത് വാങ്ങി.ഏട്ടൻ തിരിഞ്ഞു നോക്കിയില്ല. കാറിന്റെ ശീതീകരണി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ ഒന്ന് സ്വാസ്ഥ്യമായിരുന്നു.
‘ബാംഗ്ലൂർ അത്ര ദൂരെയൊന്നും അല്ലല്ലേ ഉണ്ണീ?‘
‘എത്തണതറീല്ല,‘ കുമാരനാണ് മറുപടി പറഞ്ഞത്.
നാട്ടുപാതകളിൽ പുലർവെളിച്ചം വീണുതുടങ്ങുന്നതേയുള്ളൂ. മൌനം വെടിഞ്ഞ് ഭിക്ഷാംദേഹിയുടെ രൂപം പ്രാപിക്കാൻ പോകുന്ന മറ്റൊരു പകലുണരുന്നു. വിലാപധ്വനിയിൽ വീശുന്ന പാലക്കാടൻ കാറ്റ് ഇല്ലിക്കാടുകളിൽ തട്ടിമുറിയുന്നു. ദൂരെയെവിടെയോ പ്രഭാതവന്ദനം മുഴങ്ങുന്നു. റിയർ മിററിലൂടെ നോക്കിയപ്പോൾ തുള്ളിയും തെറിച്ചും അകന്ന് പോകുന്ന ഗ്രാമം കണ്ടു.
*കടപ്പാട്: ഓ വി വിജയൻ
(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 2017)

Published on September 06, 2017 01:01
August 26, 2017
റിഫിഫി: ഹോളിവുഡിന്റെ ഫ്രഞ്ച് മിശ്രണം
ഹോളിവുഡ് ആക്ഷന്‍/ത്രില്ലര്‍ സിനിമകള്‍ അമ്പരപ്പിക്കാറുള്ളത് അതിലെ സാങ്കേതികവിദ്യകള്‍ കൊണ്ടാണ്. ഫിലിം മേയ്ക്കിംഗിലെ സൂത്രപ്പണികള്‍ അല്ല ഉദ്ദേശിച്ചത്, സിനിമയ്ക്കുള്ളില്‍ കഥാഗതിയുടെ ഭാഗമായി വരുന്ന സാങ്കേതികവിദ്യകളാണ്. ജയിംസ് ബോണ്ട്, മിഷന്‍ ഇംപോസിബിള്‍ പോലെയുള്ള സിനിമകള്‍ കാമ്പില്ലാത്ത കഥയുമായി വരുകയാണെങ്കിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നത് അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം കൊണ്ടാണ് (ഇത്തരം ഹോളിവുഡ് സിനിമകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീം വേറെ വിഷയമാണ്).
ജൂള്‍സ് ഡാസിന്‍ സംവിധാനം ചെയ്ത് ഫ്രഞ്ച് സിനിമയായ റിഫിഫി മികച്ച ക്രാഫ്റ്റിന്‌റെ പേരില്‍ പ്രശംസ നേടിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ് അതിലെ പ്രസിദ്ധമായ മോഷണരംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവൈദഗ്ദ്ധ്യവും. മോഷ്ടാക്കള്‍ മോഷണത്തിനു തയ്യാറെടുക്കുന്നത് വ്യക്തമായ ആസൂത്രണവുമായാണ്. കൊള്ള നടത്താന്‍ ഉദ്ദേശിക്കുന്ന പരിസരത്തിനെപ്പറ്റി കൃത്യമായ ധാരണയുമായാണ് അവര്‍ പണിയ്ക്കിറങ്ങുന്നത്. അതിനൊപ്പം തന്നെ, അതിനാവശ്യമായ ഉപകരണങ്ങളും അവര്‍ കൊണ്ടുപോകുന്നുണ്ട്. ഒരു വാഹനത്തിന്‌റെ എഞ്ചിന്‍ അഴിച്ചുപണിയാന്‍ എന്തൊക്കെ ഉപകരണങ്ങള്‍ ആവശ്യമാണോ അതേ നിലയില്‍ തന്നെയാണ് അവര്‍ ഉപകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഒരു കുട പോലും അവര്‍ ഉപയോഗിക്കുന്നുണ്ട്.
സിനിമയിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഭാഗമാണ് ആഭരണമോഷണം. അത് സമയമെടുത്ത്, പ്രേക്ഷകരെക്കൂടി ഉള്‍പ്പെടുത്തി, നിശ്ശബ്ദമായിട്ടാണ് ചെയ്തിട്ടുള്ളത് (ആ രംഗങ്ങളില്‍ പശ്ചാത്തലസംഗീതം ഉപയോഗിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ആലോചിക്കുന്നത് തന്നെ ഭീകരമായിരിക്കും).
ഫ്രഞ്ച് നോയർ സിനിമയായിരിക്കുമ്പോഴും ഹോളിവുഡ് സിനിമയുടെ ശൈലിയെ പൂർണ്ണമായും ഉപേക്ഷിക്കുന്നില്ല സംവിധായകൻ. ഗൊദാർദിന്റെ ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ബ്രത്ത് ലസ്സ് തുടങ്ങിയ സിനിമകൾ ഫ്രഞ്ച് സിനിമയുടെ വഴികാട്ടികളായപ്പോൾ അതിനും മുമ്പ് വന്ന റിഫിഫി ഹോളിവുഡ് ചായ് വ് പ്രദർശിപ്പിച്ചു. ഒരു പക്ഷേ, സംവിധായകൻ ഹോളിവുഡിൽ പയറ്റിത്തെളിഞ്ഞ് വന്നതു കൊണ്ടായിരിക്കണം അങ്ങിനെ വന്നത്.
ഹോളിവുഡ് ബ്ലാക്ക് ലിസ്റ്റിൽ പെട്ടുപോയ ഡാസിൻ ഫ്രഞ്ച് സിനിമയിൽ അഭയം തേടിയത് എന്തായാലും ലോകസിനിമയ്ക്ക് വിലപ്പെട്ട സംഭാവനയായി മാറി.
തുടക്കത്തിൽ പറഞ്ഞ ബോണ്ട്, മിഷൻ ഇമ്പോസിബിൾ പോലെയുള്ള സിനികളിലെ കാമ്പില്ലായ്മ റിഫിഫി മറികടക്കുന്നത് വൈകാരികതയിലൂന്നിയ കഥാതന്തു കൊണ്ടാണ്. ഹോളിവുഡിന്റെ ഒരു രീതിയാണത്. പ്രേക്ഷകരെ ഒരു ബന്ധത്തിൽ, തകർച്ചയിൽ കുരുക്കിയിട്ടാലേ യഥാർത്ഥത്തിൽ കാണിക്കാൻ ഉദ്ദേശിച്ചിരുന്നതിന് സ്വീകാര്യത കിട്ടുയെന്ന് അവർക്ക് നന്നായറിയാം. ഇവിടെ വൈകാരികത വെറുതേ കുത്തി നിറയ്ക്കാതെ വിശ്വനീയമായ ഒരു പശ്ചാത്തലത്തിന്റെ സഹായത്തോടെ ഡാസിൻ അത് സാധിച്ചെടുക്കുന്നു. എന്നിരിക്കുമ്പോഴും ലോകത്തിന്നോളമുണ്ടായിട്ടുള്ള ക്രൈം സിനിമകളിൽ റിഫിഫി മുന്നിട്ട് നിൽക്കുന്നത് അര മണിക്കൂർ നീളുന്ന മോഷണരംഗത്തിന്റെ കൃത്യമായ ചിത്രീകരണം കൊണ്ടു തന്നെയാണെന്ന് പറയാം.

Published on August 26, 2017 00:13