സുഹൃത്തിന്റെ വീട്ടിൽ, പതിനാറു വർഷമായി അമ്മ തളർന്നുകിടക്കുകയായിരുന്നു. അമ്മ ആ വീടിനകത്ത് ചെയ്തിരുന്നത് ഒരേയൊരു കാര്യം മാത്രമായിരുന്നു: കണ്ണിമകൾ അനക്കുക. അതിന്റെ ചലനത്തിൽ നിന്നാണ് അമ്മയ്ക്ക് വിശക്കുന്നുണ്ടെന്നും ശോധന വേണമെന്നും സങ്കടം വരുന്നുവെന്നും ചിലപ്പോളിത്തിരി കലമ്പുന്നുവെന്നും വീട് തിരിച്ചറിഞ്ഞത്. അമ്മ മരിച്ചു. പെട്ടെന്ന് എന്തൊരു ഇരുട്ടിലായി വീട്. ഇളയയാൾക്ക് എന്നേക്കാൾ പ്രായമുണ്ട്. മിണ്ടി മിണ്ടി രാവൊന്നിത്തിരി വൈകിയപ്പോൾ ഞാൻ പറഞ്ഞു: ചേട്ടായീ, വീട്ടിൽ പോകണ്ടേ? പെട്ടെന്നയാൾ കടുത്തു: ഏതു വീട്, എന്തു വീട്? വീട്ടിലമ്മയില്ല. ദൈവമേ, പതിനാറു വർഷമായി ഇമ മാത്രം ചലിപ്പിച്ചു കൊണ്ടിരുന്ന അമ്മ.
...more