ആ നാളുകളിൽ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. അമ്മയെപ്പറ്റി ഒരുദിവസം പോലും ഓർത്തിട്ടുമില്ല. ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്‌ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ‘ഒന്ന് ജീവിച്ചോട്ടേ’ എന്ന മട്ടുണ്ട്. കാലുകൾക്ക് താഴെയാണ് അതിന്‍റെ ലോകം. ചവറുകളിലാണ് അതിന്‍റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്‌ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.