പ്രത്യേകമായ—ഒരു മണ്ണാങ്കട്ടയോടും പ്രത്യേകമായ മമതയൊന്നുമില്ല. ഞാനീ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നുണ്ട്; പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും. ഞാന്‍ ജനിച്ചത് ഈ ഭൂമിയിലാണല്ലോ. ഇവിടെയുള്ളവരെല്ലാം എനിക്കു ബന്ധപ്പെട്ടവരാണ്. ഏതഭിപ്രായക്കാരും, ഏതു മതക്കാരും... എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നുണ്ട്. ഞാനൊരു പട്ടാളക്കാരനായി. പട്ടാളക്കാരന്‍റെ കടമയെന്താ? കഴിവുള്ളിടത്തോളം ജനങ്ങളെ കൊല്ലുക...! ഞാന്‍ കൊന്നു. കുറെ നികൃഷ്ടരായ ഹീനജീവികള്‍ക്കു രാജ്യം അടക്കിഭരിക്കാന്‍വേണ്ടി—ഞാന്‍ പറയുന്നതു ലോകത്തിലെ യുദ്ധത്തിന്‍റെ നേതാക്കന്മാരെപ്പറ്റിയാണ്. യുദ്ധഭൂമിയില്‍ അവരാരുംതന്നെ ഉണ്ടാവുകയില്ലല്ലോ. അവരുടെ മക്കളും ഭാര്യമാരും.
...more