സാധാരണയായി ആംഗ്ലോ-ഇന്ത്യന്‍ പേരുകളാണല്ലൊ പട്ടികള്‍ക്കു കൊടുക്കുന്നത്. യുദ്ധകാലത്ത് ജര്‍മ്മന്‍ പേരുകള്‍ കൊടുത്തിരുന്നു—കൈസര്‍, ഹിറ്റ്ലര്‍ എന്നൊക്കെ. ചുരുക്കം മുസ്ലിം പേരുകളുമാകാം—ടിപ്പുവെന്നോ ഹൈദരെന്നോ. ടോമി എന്നോ, ജോയ് എന്നോ വിളിച്ചാല്‍ അപാകതയില്ല. പക്ഷേ കോശിയെന്നും പൈലിയെന്നും മറ്റുമുള്ള സുറിയാനി ക്രിസ്ത്യാനി പേരുകള്‍ പട്ടികള്‍ക്കു ചേരില്ല. പെണ്‍പട്ടികള്‍ക്കതേസമയം റാണി, ഗീത തുടങ്ങിയ ഹിന്ദുപേരുകളാണു ചേര്‍ച്ച. ഏലിയാമ്മയെന്നോ സുബൈദയെന്നോ പാടില്ല. പട്ടികളുടെ ഊരും ജാതിയും സ്വഭാവവും ഇതില്‍ വരുന്നില്ല. മുനിയാണ്ടി എന്നു പേരുള്ള ഏതെങ്കിലും ചെങ്കോട്ടപ്പട്ടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?