സൂര്യഭഗവാനെ ലോകത്തിൽ ആദ്യമായി കണ്ടുപിടിച്ചതു സ്ഥലവാസികളാണ്. ഇതുപോലെ ക്ഷൗരക്കത്തി, ഗൗളിശാസ്ത്രം, തീയ്, കൂടുവിട്ടു കൂടുമാറൽ, മുച്ചീട്ടുകളി, സ്വപ്നശാസ്ത്രം, പാചക വിദ്യ, കോഴിപ്പോര്, വെള്ളം, കാളവണ്ടി, ഗുസ്തി, മന്ത്രവാദം, കഠാരി എന്നിതുകൾ ആദ്യമായി ലോകത്തിൽ കണ്ടു പിടിച്ചതും സ്ഥലവാസികൾതന്നെ. മുഴയൻ നാണുവിന്‍റെ അഭിപ്രായത്തിൽ സ്ഥലമാകുന്നു ലോകത്തിന്‍റെ ‘നടുമദ്ധ്യം’, സ്ഥലത്തിന്‍റെ ഒത്ത നടുക്കാണ് കടുവാക്കുഴി എന്ന കുന്ന്. ആകെക്കുടി ഒമ്പതു മൈൽ ചുറ്റളവിനകമാണു സ്ഥലം. ഈ ഒമ്പതുമൈൽ ചുറ്റളവിനു വെളിയിലുള്ള മഹാപ്രപഞ്ചം മുഴുവനും തന്നെ തനി മൂരാച്ചിവിദേശമാണ്.