കേശവപിള്ളയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നപക്ഷം സംഘടനയുടെ സ്ഥിതി എന്തായിരിക്കുമെന്ന് അല്പസമയം കൊണ്ടു പ്രസിഡണ്ടു ചിന്തിച്ചു. ആരൊക്കെയായിരിക്കും കോൺഗ്രസ്സിൽ വന്നു പറ്റുക? കുറെ പ്രമാണികളെ അദ്ദേഹം ഒരു ക്ഷണം കൊണ്ട് ഓർത്തു. കോൺഗ്രസ്സിന്‍റെ ആരംഭംമുതൽ, ദിവാൻജിയുടെ കൂടെ നിന്നു പലകാര്യങ്ങളും സാധിച്ചിട്ടുള്ള ചിലരെല്ലാം ഖദർവേഷത്തിൽ തൊപ്പിയും ധരിച്ച അദ്ദേഹത്തിന്‍റെ കൺമുമ്പിൽക്കൂടി കടന്നുപോയി. ജാതി പറഞ്ഞ കോൺഗ്രസ്സിനെ ഛിദ്രിപ്പിക്കുവാൻ ചെയ്ത ശ്രമങ്ങൾ അദ്ദേഹത്തിന്‍റെ ഓർമ്മയിലെത്തി. വർഗ്ഗീയസംഘടനകൾ അതിനു കരകൾ തോറും, വീടുകൾതോറും യത്നിച്ച ചരിത്രം മറക്കാനാവുന്നതല്ല. വർഗ്ഗീയസംഘടനകൾ കടന്നുകൂടിയാൽ-കോൺഗ്രസ്സിനുള്ളിൽ
...more