ആ ചിത ആളിക്കത്തിയപ്പോൾ തീനാമ്പുകൾ അന്യോന്യം ചേരുന്നതുകാണായി. അതു ധന്യമായ ജീവിതമായിരുന്നു എന്നു പറയാൻ ആളില്ല. അടുത്തദിവസംമുതൽ പച്ചപ്പുതപ്പും പുതച്ചു തലയിൽ തോർത്തും കെട്ടി വടിയും കുത്തിപ്പിടിച്ചു പാടത്തിന്‍റെ വരമ്പത്തുകൂടി നടക്കുന്ന ആ രൂപം കാണണ്ട. എവിടെയെങ്കിലും ഒരു പെണ്ണിനു പേറ്റുനോവെന്നു കേൾക്കുമ്പോൾ, പുറന്താറുടുത്ത് തോർത്തു കൊണ്ടു പൂരാടപ്പുതയും പുതച്ച് അവിടേക്കു കയറിച്ചെല്ലുന്ന ‘കുട്ടിക്കൊച്ചമ്മ'യെ ഇനിയും കാണണ്ട. ചിത അടങ്ങി. കാർത്ത്യായനിയുടെ ഹൃദയം പൊട്ടിയുള്ള ‘അമ്മേ’ ‘അച്ഛോ’ എന്ന വിളിക്കു മറുപടിയെന്നപോലെ ചിതയിലെ നെഞ്ചിൻ ഭാഗത്തെ കനലുകൾ തുടിച്ചു ജ്വലിച്ചുകൊണ്ടിരുന്നു. ഇനി അതു ചാരമാകും.