ശങ്കരപ്പിള്ളയ്ക്ക് അമർഷം തീർന്നില്ല: “വേണം, വേണം. അവരും അവരുടെ മക്കളും മക്കടെ മക്കളും എല്ലാം ഇപ്പഴുള്ളതിലും കൂടുതൽ കൂടുതൽ പ്രതാപത്തോടെ സന്തത്തിപ്രവേശമേ ആചന്ദ്രതാരമേ കഴിയണം. രാജാവും രാജാക്കന്മാരുടെ കാലത്തെ ഉദ്യോഗസ്ഥന്മാരെയുംപോലെ. രാജാവിന്‍റെ മോനോ അനന്തരവനോ രാജാവ്. ഉദ്യോഗസ്ഥന്‍റെ മകനോ അനന്തരവനോ ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥനായിട്ട് അവരെ വളർത്തുകയുംചെയ്യാം. ഇനീം ഉദ്യോഗസ്ഥന്‍റെ മകനു ഫീസു കൊടുക്കണ്ട. അവരും ബ്രാഹ്മണരെന്നു പറയുന്നപോലെ ഉദ്യോഗസ്ഥന്‍റെ ഒരു ജാതി ഉണ്ടാകട്ടെ. എന്താ?” ശങ്കരപ്പിള്ളയുടെ ആവേശം കണ്ടിട്ടു കൃഷ്ണൻ ചോദിച്ചുപോയി: “നിങ്ങള് ഒരു കമ്മ്യൂണിസ്റ്റാണോ?”

