Kindle Notes & Highlights
ആ ചിത ആളിക്കത്തിയപ്പോൾ തീനാമ്പുകൾ അന്യോന്യം ചേരുന്നതുകാണായി. അതു ധന്യമായ ജീവിതമായിരുന്നു എന്നു പറയാൻ ആളില്ല. അടുത്തദിവസംമുതൽ പച്ചപ്പുതപ്പും പുതച്ചു തലയിൽ തോർത്തും കെട്ടി വടിയും കുത്തിപ്പിടിച്ചു പാടത്തിന്‍റെ വരമ്പത്തുകൂടി നടക്കുന്ന ആ രൂപം കാണണ്ട. എവിടെയെങ്കിലും ഒരു പെണ്ണിനു പേറ്റുനോവെന്നു കേൾക്കുമ്പോൾ, പുറന്താറുടുത്ത് തോർത്തു കൊണ്ടു പൂരാടപ്പുതയും പുതച്ച് അവിടേക്കു കയറിച്ചെല്ലുന്ന ‘കുട്ടിക്കൊച്ചമ്മ'യെ ഇനിയും കാണണ്ട. ചിത അടങ്ങി. കാർത്ത്യായനിയുടെ ഹൃദയം പൊട്ടിയുള്ള ‘അമ്മേ’ ‘അച്ഛോ’ എന്ന വിളിക്കു മറുപടിയെന്നപോലെ ചിതയിലെ നെഞ്ചിൻ ഭാഗത്തെ കനലുകൾ തുടിച്ചു ജ്വലിച്ചുകൊണ്ടിരുന്നു. ഇനി അതു ചാരമാകും.
സ്വല്പം ഒന്നു കളിയാക്കുംപോലെ കാർത്ത്യായനിയമ്മ ചോദിച്ചു: “ഒരിക്കൽ കോൺഗ്രസ്സില്ലാതാക്കാൻ ഓടിനടന്നു. ഇപ്പോം കോൺഗ്രസ്സിനുവേണ്ടി ഓടിനടക്കുന്നു! വല്ലോരും ചോദിച്ചാലെന്തു പറയും?” കേശവപിള്ള പ്രതിവചിച്ചു: “ഇപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാണ്.” “അതെയതെ. നാണമില്ലല്ലോ പറയാൻ! സ്വതന്ത്ര്യം വേണ്ടെന്നും പറഞ്ഞല്യോ കോൺഗ്രസ്സിനെ എതിർത്തത്?”
കേശവപിള്ളയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നപക്ഷം സംഘടനയുടെ സ്ഥിതി എന്തായിരിക്കുമെന്ന് അല്പസമയം കൊണ്ടു പ്രസിഡണ്ടു ചിന്തിച്ചു. ആരൊക്കെയായിരിക്കും കോൺഗ്രസ്സിൽ വന്നു പറ്റുക? കുറെ പ്രമാണികളെ അദ്ദേഹം ഒരു ക്ഷണം കൊണ്ട് ഓർത്തു. കോൺഗ്രസ്സിന്‍റെ ആരംഭംമുതൽ, ദിവാൻജിയുടെ കൂടെ നിന്നു പലകാര്യങ്ങളും സാധിച്ചിട്ടുള്ള ചിലരെല്ലാം ഖദർവേഷത്തിൽ തൊപ്പിയും ധരിച്ച അദ്ദേഹത്തിന്‍റെ കൺമുമ്പിൽക്കൂടി കടന്നുപോയി. ജാതി പറഞ്ഞ കോൺഗ്രസ്സിനെ ഛിദ്രിപ്പിക്കുവാൻ ചെയ്ത ശ്രമങ്ങൾ അദ്ദേഹത്തിന്‍റെ ഓർമ്മയിലെത്തി. വർഗ്ഗീയസംഘടനകൾ അതിനു കരകൾ തോറും, വീടുകൾതോറും യത്നിച്ച ചരിത്രം മറക്കാനാവുന്നതല്ല. വർഗ്ഗീയസംഘടനകൾ കടന്നുകൂടിയാൽ-കോൺഗ്രസ്സിനുള്ളിൽ
...more
ശങ്കരപ്പിള്ളയ്ക്ക് അമർഷം തീർന്നില്ല: “വേണം, വേണം. അവരും അവരുടെ മക്കളും മക്കടെ മക്കളും എല്ലാം ഇപ്പഴുള്ളതിലും കൂടുതൽ കൂടുതൽ പ്രതാപത്തോടെ സന്തത്തിപ്രവേശമേ ആചന്ദ്രതാരമേ കഴിയണം. രാജാവും രാജാക്കന്മാരുടെ കാലത്തെ ഉദ്യോഗസ്ഥന്മാരെയുംപോലെ. രാജാവിന്‍റെ മോനോ അനന്തരവനോ രാജാവ്. ഉദ്യോഗസ്ഥന്‍റെ മകനോ അനന്തരവനോ ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥനായിട്ട് അവരെ വളർത്തുകയുംചെയ്യാം. ഇനീം ഉദ്യോഗസ്ഥന്‍റെ മകനു ഫീസു കൊടുക്കണ്ട. അവരും ബ്രാഹ്മണരെന്നു പറയുന്നപോലെ ഉദ്യോഗസ്ഥന്‍റെ ഒരു ജാതി ഉണ്ടാകട്ടെ. എന്താ?” ശങ്കരപ്പിള്ളയുടെ ആവേശം കണ്ടിട്ടു കൃഷ്ണൻ ചോദിച്ചുപോയി: “നിങ്ങള് ഒരു കമ്മ്യൂണിസ്റ്റാണോ?”
ശങ്കരപ്പിള്ള പറഞ്ഞു: “പണക്കാരു ജീവിക്കുന്നതുപോലെ അവർക്കു കഴിയണം. അല്ലാതെ അവരു താഴേക്കല്ല നോക്കുന്നത്. ഒരു ജോലി കിട്ടിയാൽ നമ്മുടെ മകനായാലും അനന്തരവനായാലും ആളങ്ങു മാറുകാ. പിന്നെ നാട്ടുകാരെന്നും ഒന്നുമില്ല. ഇന്നും എന്താ ആളുകള് പറയുന്നത്? ഒരു സർക്കാർ ജോലി കിട്ടിയാൽ മതിയെന്നാ. എടം കഴിക്കാനാ ജോലി.”
ഈ പാവത്തിന് എപ്പോഴെങ്കിലും അയാളുടെ ന്യായമായി അവകാശപ്പെട്ട അഞ്ചേക്കർ കിട്ടുമോ? തലയ്ക്കകത്തു ദഹിക്കാത്ത കുറെ പരിപാടികളും ഹൃദയം നിറയെ രോഷവുമായി ഇറങ്ങിത്തിരിക്കുകയാണ്. ഒരൊറ്റ ആഫീസിലും ഇങ്ങനെ ചെന്ന് അയാൾ ഒരു കാര്യം സാധിക്കാൻ പോകുന്നില്ലെന്നുള്ളതു തീർച്ചയാണ്. എന്താണ് ഈ മനുഷ്യന് ഒരു ഗതിയുള്ളത്? കൃഷ്ണൻ അതാണ് ആലോചിക്കുന്നത്.