എന്നാൽ അന്നു വൈകുന്നേരം ഒരു നാലഞ്ചുമണിയായപ്പോൾ പതി വില്ലാതെ അർബാബ് എന്നെ കൂടാരത്തിലേക്കു വിളിച്ചു. . അകത്തു കയറിയിരിക്കാൻ പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു. ഇന്നു രാത്രി നമ്മുടെ മൂത്ത അർബാബിന്‍റെ മകളുടെ കല്യാണമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടും ഇവിടെ കാണില്ല. നീ ഉറങ്ങാതെ കിടന്ന് ആടുകളെ നോക്കിക്കോണം. കുറുക്കൻ വരും. പാമ്പുകൾ വരും. കള്ളന്മാർതന്നെയും വന്നേക്കും. എല്ലാം നീ നോക്കിക്കോണം.