നിന്‍റെ കമ്പോളങ്ങളില്‍ നിത്യ നൂതനവിഭവങ്ങള്‍ വന്നു നിറയട്ടെ. നിന്‍റെ ദേവാലയങ്ങളുടെ ഓട്ടുമണികളെ സമ്പന്നഭക്തന്മാര്‍ നിത്യേന പലതവണയും ശബ്ദിപ്പിക്കട്ടെ. നിന്‍റെ വേശ്യകള്‍ തടിച്ചുമിനുത്ത് ആരോഗ്യവതികളായി നിലനില്‍ക്കട്ടെ, നിന്‍റെ ഉദ്യാനങ്ങളില്‍ കുട്ടികളുടെ അല്ലല്‍തട്ടാത്ത പൊട്ടിച്ചിരി മുഴങ്ങട്ടെ. നിന്‍റെ മെറീന്‍ഡ്രൈവില്‍ കടല്‍വക്കത്തു കടലിനെ തീരെ നോക്കാതെ അഹംഭാവത്തോടെ തലയുയര്‍ത്തി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യം വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരട്ടെ.