This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
മതവാദികളെയും മതഗ്രന്ഥങ്ങളെയും കുടഞ്ഞെറിയുന്ന പുസ്തകം. സയൻസിന്റെ സഹായത്തോടെ നാസ്തികതയെ നന്നായി വിശദികരിച്ചിരിക്കുന്നു. ഗീത, ബൈബിൾ, ഖുർആൻ എല്ലാം വ്യാഖ്യനിക്കുന്നവരെ അപ്പാടെ വിശ്വസിക്കുന്നവർ ഉറപ്പായും വായിച്ചിരിക്കേണ്ട ഒന്നാണിത്.
ശ്രീ. സി. രവിചന്ദ്രൻ ആമുഖം ആവശ്യമില്ലാത്ത സ്വതന്ത്രചിന്തകനും പ്രഗത്ഭനായ വാഗ്മിയുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളും മതപരവും സാമ്പത്തികവുമായ അന്ധവിശ്വാസങ്ങളേയും മതാന്ധത മൂലം ഉടലെടുക്കുന്ന സങ്കുചിതമനസ്സിനേയും തുറന്നുകാണിക്കുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത് ഹൈന്ദവ ദാർശനികഗ്രന്ഥമായ ഭഗവദ് ഗീതയാണ്. അതിന്റെ തത്വചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന ലക്ഷ്യം തുടക്കത്തിലേ മുന്നോട്ടുവെക്കുന്നു. സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും പ്രദർശനപരമായ അനുഷ്ഠാനങ്ങൾ മാത്രം ഉത്സാഹത്തോടെ ചെയ്യുന്ന ഒരു ശരാശരി ഭക്തൻ ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമല്ല ഭഗവദ് ഗീത. അത് ഹിന്ദുമതത്തിന്റെ ഖുർആനോ ബൈബിളോ അല്ല. അതിനാൽത്തന്നെ രവിചന്ദ്രൻ എങ്ങനെയാണ് ഈ കൃതി കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന കൗതുകം കലർന്ന ജിജ്ഞാസയോടെയാണ് ഈ പുസ്തകം കയ്യിലെടുത്തത്. ഇതിൽ മൂന്നു ഭാഗങ്ങളാണുള്ളത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം (430 പേജ്) വരുന്നതാണ് ആദ്യഭാഗം. ഇതൊരു നല്ല സംവിധാനമല്ല. 700 ശ്ലോകങ്ങളുള്ള ഗീതയിലെ 222 ശ്ലോകങ്ങളും ഈ കൃതിയിൽ ഇഴകീറി പരിശോധിക്കുന്നു. ബുദ്ധമതം മുന്നോട്ടുവെച്ച അഹിംസ എന്ന സിദ്ധാന്തത്തെ തകർക്കാനും അതിലൂടെ ബുദ്ധമതത്തെത്തന്നെ നാമാവശേഷമാക്കാനും ശങ്കരാചാര്യർ ഉപയോഗിച്ച കല്ലാണ് ഗീത എന്നതാണ് ശീർഷകത്തിന്റെ താല്പര്യം. അതിനായി ആചാര്യൻ നിർമ്മിച്ച ഭാഷ്യത്തോടെയാണ് അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ഗീതയ്ക്ക് പ്രചാരം സിദ്ധിച്ചുതുടങ്ങിയതെന്നാണ് ഗ്രന്ഥകാരന്റെ വാദം.
ഗീത മുൻപു വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് അതിലെ പതിനെട്ട് അദ്ധ്യായങ്ങളും സംഗ്രഹിക്കുന്ന 'അന്ധന്റെ ആകാംക്ഷ' എന്ന അദ്ധ്യായം വളരെയധികം അറിവു നൽകുന്നു. ഒരു നിരീശ്വരവാദിയുടെ ചിന്താപദ്ധതിയിലൂടെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഗീതയെ അറിയാനിടവന്നത്. ആരോപണങ്ങളുടെ ഒരു ഹിമാലയം തന്നെ രവിചന്ദ്രൻ ഗീതക്കെതിരെ ഉയർത്തുന്നുണ്ട് - മതത്തെ പ്രതിരോധിക്കാൻ തത്വചിന്തയെ കൂട്ടുപിടിക്കുന്നു, സ്വന്തം നിലയ്ക്ക് ദാർശനിക പദ്ധതികളൊന്നുമില്ലാത്ത അഹിംസാവിരുദ്ധ പ്രചാരണം മാത്രം, മഹാഭാരതത്തിന്റേയും ഒപ്പം ദൈവം എന്ന നിലയിൽ കൃഷ്ണന്റേയും ജനകീയത വർദ്ധിപ്പിക്കുന്നു എന്നൊക്കെ പോകുന്നു അവ. പഴകിത്തേഞ്ഞ ശൈവ-വൈഷ്ണവ സംഘട്ടനം ഒരു ചരിത്രയാഥാർഥ്യമാണെന്നു വരുത്തിത്തീർക്കാൻ ഗ്രന്ഥകർത്താവ് കിണഞ്ഞു പരിശ്രമിക്കുന്നു. ഭാഷ്യം രചിച്ചതിലൂടെ ശങ്കരനാണ് ഗീതയെ വൈഷ്ണവമതത്തിന്റെ പ്രചരണസാഹിത്യമായി മുൻനിരയിലേക്ക് കൊണ്ടുവന്നതത്രേ. ഗീത വിഷ്ണുവിനുവേണ്ടി ചെയ്ത പ്രചാരവേല കുറഞ്ഞൊരളവിൽ ശിവനുവേണ്ടി ചെയ്യാൻ ശ്വേതാശ്വേതരോപനിഷത്തിന് സാധിക്കുന്നുണ്ടത്രേ! എത്ര ശിവഭക്തർ ഈ ഉപനിഷത്തിനെപ്പറ്റി കേട്ടിട്ടുണ്ടാകുമെന്നൊന്നും ചോദിച്ചുപോകരുത്. ഒരുകാലത്തും പ്രസക്തമല്ലാതിരുന്ന ശൈവ-വൈഷ്ണവ, ഹൈന്ദവ-ബൗദ്ധ ദ്വന്ദ്വങ്ങളെ പെരുപ്പിച്ചുകാണിക്കുന്നത് മതസംഘട്ടനങ്ങൾ ഇന്ത്യയിലും അപരിചിതമായിരുന്നില്ല എന്നു സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.
ഗീതയിൽ ചാതുർവർണ്യവ്യവസ്ഥ സൃഷ്ടിച്ചത് കൃഷ്ണനാണെന്ന് വ്യക്തമായി പറയുന്നുണ്ട് - ചാതുർവർണ്യം മയാ സൃഷ്ടം (4.13) എന്ന ശ്ലോകം. എന്നാൽ ആ വിഭജനം വ്യക്തികളുടെ ഗുണങ്ങളെ ആശ്രയിച്ചാണെന്നും ജനനത്തെ ആധാരമാക്കിയല്ലെന്നും അതിൽ വളരെ വ്യക്തമാണ്. സത്യത്തിൽ ജാതികളുടെ ഉത്ഭവത്തിന് താത്വികമായ ഒരടിത്തറ പ്രാചീന ഹൈന്ദവഗ്രന്ഥങ്ങളിലൊന്നും കാണാനാവില്ല. തൊഴിൽപരമായ വിഭജനങ്ങളാണ് ജാതികളുടെ ആവിർഭാവത്തിലേക്കു നയിച്ചതെന്ന് ചരിത്രകാരന്മാർ അങ്ങൂഹിക്കുകയാണ്. വർണ്ണം എന്നാൽ ജാതിയാണെന്നു സ്ഥാപിക്കാൻ രവിചന്ദ്രൻ വൃഥാവിലാണെങ്കിലും വായിൽനിന്ന് നുരയും പതയും വരുന്ന വിധത്തിൽത്തന്നെ ശ്രമിക്കുന്നുണ്ട്. ശങ്കരന്റെ ഗീതാഭാഷ്യത്തിൽ വർണ്ണം ജാതിയാണെന്നു പറയുന്നുണ്ടെന്നാണ് വാദം. പക്ഷേ അതു ശരിയാണെങ്കിൽത്തന്നെ ശങ്കരന്റെ കാലത്ത് ജാതി ഉണ്ടായിരുന്നുവെന്നു മാത്രമേ അർത്ഥമാകുന്നുള്ളൂ. ഗീതാരചനയുടെ കാലത്ത് ജാതി ഉണ്ടായിരുന്നുവെങ്കിൽ വർണ്ണം എന്നാൽ ജാതിയാണെന്നോ, ജാതിവ്യവസ്ഥ ദൈവസൃഷ്ടിയാണെന്നോ ഉള്ള പരാമർശങ്ങൾ ഉണ്ടാകുമായിരുന്നു. മറ്റൊരു പരിഹാസ്യമായ ആക്രമണം യാതൊരു നീതീകരണവുമില്ലാത്തതാണ്. മനുസ്മൃതിയിൽ നിന്നും കുറെ ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ട് അതിനെ എതിർക്കുന്ന വാക്യങ്ങൾ ഗീതയിൽ ഇല്ലെന്നു പറയുന്നു. അതുകൊണ്ട് 'ആ വാദമല്ലാതെ മറ്റൊന്നും ഗീതയിൽ കെട്ടിയിറക്കുന്നില്ല' (പേജ് 377) എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. വർണ്ണ-ജാതിവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഗ്രന്ഥകാരനിൽ ധാരാളമായി കാണാം. ബ്രാഹ്മണരിലെ തമോഗുണപ്രധാനികളെ ശൂദ്രരെന്നോ ദളിതരിലെ സാത്വികഭാവക്കാരെ ബ്രാഹ്മണരെന്നോ വിളിക്കുന്നില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. ദളിതരല്ല ശൂദ്രർ എന്നാണ് അതിന്റെ തീർത്തും ലഘുവായ ഉത്തരം. സാമ്പ്രദായിക വർണ്ണവ്യവസ്ഥക്കു പുറത്തുള്ള 'അവർണ്ണരാണ്' ഇന്ത്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷവും എന്ന ഒരൊറ്റ വസ്തുത മതി ഈ വാദത്തിന്റെ മുനയൊടിക്കാൻ. എന്നിട്ടും നിർത്താതെ ഗീത 18.41-ലെ മറ്റൊരു ശ്ലോകവും പൊക്കിക്കൊണ്ടുവരുന്നു.
(ഹേ, ശത്രുനാശനാ, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്കും ശൂദ്രർക്കും കർമ്മങ്ങൾ ജന്മസിദ്ധമായ ഗുണങ്ങളനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു). ജന്മം കൊണ്ടാണ് വർണ്ണം സിദ്ധിക്കുന്നതെന്ന് ഇവിടെയും പറയുന്നില്ലല്ലോ. ചില ഗുണങ്ങൾ ജന്മം കൊണ്ട് ലഭിക്കുന്നു, അവയനുസരിച്ച് വർണ്ണം തീരുമാനിക്കപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം സാമാന്യയുക്തിയുള്ളവർക്ക് മനസിലാകുന്നത്. എന്നാൽ രവിചന്ദ്രൻ ഇതു വായിക്കുന്നത് വർണ്ണം ജന്മസിദ്ധമാണെന്നും അതുകൊണ്ട് ജാതിയാണ് വർണ്ണമെന്നുമാണ്. സഹതാപാർഹമായ ഒരു ധാരണപ്പിശകെന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. തുടക്കത്തിൽ ഗുണങ്ങളനുസരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന വർണ്ണവ്യവസ്ഥ കാലാന്തരത്തിൽ ജീർണ്ണിച്ച് ജന്മാടിസ്ഥാനമാക്കപ്പട്ടു എന്ന തികച്ചും യുക്തിസഹമായ ഒരു നിർദ്ദേശം ഗ്രന്ഥകാരൻ ഒരിടത്തും പുറപ്പെടുവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ഗ്രന്ഥത്തിൽ തന്നെ അങ്ങനെയാണ് എന്നു വരുത്തിത്തീർക്കാനുള്ള ഒരുതരം വാശിയാണ് കാണുന്നത്.
ബുദ്ധമതസ്വാധീനം ഇന്ത്യയിൽ തളർന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇടതു ചരിത്രകാരന്മാർ നൽകുന്ന ഉത്തരം ഹിന്ദുമതം പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ അത് ബുദ്ധമതത്തെ സ്ഥാനഭൃഷ്ടമാക്കി എന്നാണ്. പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണരാജാവ് മൗര്യവംശത്തെ അട്ടിമറിച്ച് അധികാരം നേടി. അദ്ദേഹം ബുദ്ധവിഹാരങ്ങൾ നശിപ്പിച്ചു; ഭിക്ഷുക്കളെ കൊലപ്പെടുത്തി എന്നെല്ലാം ആരോപിക്കപ്പെടുന്നു. ഇവിടെ ഒരു പ്രകടമായ വൈരുദ്ധ്യമുണ്ട്. വർണ്ണവ്യവസ്ഥയനുസരിച്ചും മനുവിന്റെ നീതിശാസ്ത്രമനുസരിച്ചും ക്ഷത്രിയനല്ലേ രാജാവാകാൻ അവകാശമുള്ളൂ? ഒരു ബ്രാഹ്മണന് രാജാവാകാൻ സാധിച്ചു എന്ന വസ്തുത തെളിയിക്കുന്നത് മനുസ്മൃതിയും അതിന്റെ വിവേചനപരമായ നിബന്ധനകളും ഒരിക്കലും ഭാരതീയ സമൂഹത്തിൽ നടപ്പിലായിരുന്നില്ല എന്നുതന്നെയാണ്.വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാൽ വിവരിക്കുന്നില്ല. വിഷയത്തിലേക്കു തിരിച്ചുവന്നാൽ ബുദ്ധമതസ്വാധീനം തകർക്കാനുള്ള പ്രതിവിപ്ലവത്തിനുവേണ്ടിയാണ് ഗീത രചിക്കപ്പെട്ടതെന്ന് രവിചന്ദ്രൻ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ബുദ്ധമതതത്വങ്ങളെ പ്രത്യക്ഷത്തിൽത്തന്നെ കടന്നാക്രമിക്കുന്ന വരികൾ ഗീതയിൽ കാണാത്തതെന്തുകൊണ്ടാണ്? അർജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന വിചിത്രവാദവും ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നു. ബുദ്ധന്റെ പ്രധാന ഉപദേശം അഹിംസയാണെന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. സ്വന്തം ജീവിതകാലത്ത് എത്ര യുദ്ധങ്ങൾ ബുദ്ധൻ ഒഴിവാക്കി? ബുദ്ധമതത്തെ പിന്തുണച്ച രാജാക്കന്മാർക്കെല്ലാം സൈന്യം ഉണ്ടായിരുന്നു, അവർ യുദ്ധങ്ങളും നടത്തിയിരുന്നു. ഹർഷവർദ്ധനന്റെ യുദ്ധവിജയങ്ങൾ ഓർമിക്കുക. അല്ലെങ്കിലും അഹിംസാതത്വം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ എങ്ങനെയാണ് പ്രായോഗികമാവുന്നത്? ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം അഹിംസയെന്നത് ഇന്ത്യൻ ഭരണഘടനയിലെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന അനുച്ഛേദം 48 പോലെയേ ഉണ്ടായിരുന്നുള്ളൂ. മനോജ് ബ്രൈറ്റിന്റെ 'ബോധിവൃക്ഷത്തിലെ മുള്ളുകൾ' എന്ന പുസ്തകം ഇക്കാര്യം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട് (അതിന്റെ നിരൂപണം ഈ ബ്ലോഗിൽ തന്നെയുണ്ട്). എന്നാൽ അതറിയാതെ രവിചന്ദ്രൻ വാദിക്കുന്നത് ബുദ്ധമതത്തെ തകർക്കാൻ ബ്രാഹ്മണർ ചെയ്ത ഗൂഢാലോചനയാണ് ഗീതയെന്നാണ്.
ഗീത ഉപദേശിക്കാനുണ്ടായ സാഹചര്യം വ്യക്തിയുടെ നിലയിൽനിന്നുയർന്ന് രാജ്യത്തിന്റേയോ സമൂഹത്തിന്റേയോ നിലയിൽ കാണാതെ അത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമാനവികത പടർത്തുന്നുവെന്നും വ്യർത്ഥമായി ആരോപിക്കുകയാണ് ലേഖകൻ. യുദ്ധം ഏതു നിമിഷവും തുടങ്ങുമെന്നിരിക്കേ ഏതു മഹത്തായ ആദർശത്തിന്റെ പേരിലാണെങ്കിലും മുട്ടുവിറച്ചുപോകുന്ന ഒരു സേനാനിയെ യുദ്ധസജ്ജനാക്കുകയെന്ന മഹത്തായ ദൗത്യമാണ് ഗീത നിർവഹിക്കുന്നത്. അല്ലെങ്കിൽ യുദ്ധത്തിൽ പരാജയവും തന്റേയും കുടുംബത്തിന്റേയും രാജ്യത്തിന്റേയും നിലനിൽപ്പുമാണ് അപകടത്തിലാകുന്നത്. എന്നാൽ ഗീത ഇങ്ങനെ കർമ്മണ്യത പ്രോത്സാഹിപ്പിക്കുന്നതിനെ ഈ കൃതി താരതമ്യപ്പെടുത്തുന്നത് അജ്മൽ കസബിനോട് ലഷ്കർ നേതാക്കളും വിമാനറാഞ്ചികളോട് ബിൻ ലാദനും ഉപദേശിച്ചതിനോടാണ്. ഈ പുസ്തകത്തിലെ ഒരു പ്രധാന പോരായ്മയായി തോന്നിയത് പലയിടങ്ങളിലും കാണുന്ന വൃഥാ വാഗ്‌വാദമാണ്. 'ജനിച്ച എല്ലാ ജീവികളും മരിക്കും' (ജാതസ്യ ഹി ധ്രുവോ മൃത്യു...) എന്ന ശ്ലോകം ഒരു സാമാന്യതത്വം എന്ന നിലയിൽ ആരും അംഗീകരിക്കും. എന്നാൽ ഇതുപോലും രവിചന്ദ്രൻ ചോദ്യം ചെയ്യുന്നത് പരിഹാസ്യമായിപ്പോകുന്നു (പേജ് 295). ചിലതരം നാടവിരകൾ പല കഷണങ്ങളായി മുറിച്ചാലും ഓരോ ഭാഗവും പുതിയൊരു വിരയായി മാറുമത്രേ! മാത്രവുമല്ല, Turritopsis nutricula എന്ന അഞ്ചു മില്ലിമീറ്റർ മാത്രം നീളമുള്ള ഒരുതരം ജെല്ലി മത്സ്യം മരിക്കുകയില്ല!
സാധാരണയായി അർത്ഥം വളരെ പ്രകടമല്ലാത്ത മതസാഹിത്യം ആധുനികലോകത്തിന്റെ നീതിശാസ്ത്രവുമായി ഒപ്പിച്ചുകൊണ്ടുപോകുവാൻ വിശ്വാസികൾക്ക് വളരെ പാടുപെടേണ്ടി വരാറുണ്ട്. വ്യാഖ്യാന ഫാക്ടറികൾ എന്നാണ് ഈ കൃതി അവരെ വിശേഷിപ്പിക്കുന്നത്. എന്നാൽ 560 പേജ് വരുന്ന ഈ പുസ്തകത്തിലെ നല്ലൊരു ഭാഗവും ഗീതയുടെ നവീന വ്യാഖ്യാനങ്ങൾക്ക് മറുപടി നൽകാനാണ് ഉപയോഗിക്കുന്നത്. വൃഥാ സ്ഥൂലതയാണ് ഇതിന്റെ മറ്റൊരു ശാപം.വായനക്കാരുടെ മടുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളും ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ മസ്തിഷ്കത്തിലാണ് ഉണ്ടാകുന്നതെന്നു സ്ഥാപിക്കാൻ 'ജീൻസ്' എന്ന തമിഴ് ചിത്രത്തിലെ 'കണ്ണോടു കാണ്മതെല്ലാം തലൈവാ..." എന്ന ഗാനം ഉദ്ധരിച്ചതിനുശേഷം അതിലെ നായികയായ ഐശ്വര്യാ റായിയുടെ ചിത്രവും കൊടുത്തിരിക്കുന്നു (പേജ് 318)! പുസ്തകത്തിന്റെ അടിസ്ഥാന കണ്ടെത്തലുകൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നു കാണിക്കുവാൻ ഖുർആൻ, ബൈബിൾ എന്നിവയിലെ വാക്യങ്ങളും നിരന്തരമായി വിമർശനവിധേയമാക്കുന്നു. ഇതിൽ പലതും സന്ദർഭം ആവശ്യപ്പെടുന്നതുമല്ല. സകലതിനേയും വെട്ടിനിരത്തി മുന്നോട്ടുപോകുമ്പോൾ ഗീത 5-14-ലെ 'നകർത്തൃത്വം' എന്ന ശ്ലോകം (നിർണ്ണയിക്കുന്നതും കർമ്മഫലം നിശ്ചയിക്കുന്നതും ദൈവമല്ലെന്നും എല്ലാ പ്രവർത്തനങ്ങളും സ്വാഭാവികമായിട്ടാണ് നടക്കുന്നതെന്നും) എങ്ങനെ എതിർക്കുമെന്ന നിരാശാമൊഴിയോടെ ഒഴിഞ്ഞുകളയുകയും ചെയ്യുന്നു.
ഇതിലെ ഏത് അദ്ധ്യായവും ക്രമത്തിലല്ലാതെ വായിച്ചാലും അന്തർധാര നഷ്ടമാകില്ല എന്ന പ്രത്യേകതയും ഉണ്ട്.
Appreciating the effort taken by Prof. Ravichandran C to publish such a work. Books like these, which dare to question the authenticity of the 'unquestionable' religious scripts, are much needed in the contemporary society. At times author tend to go out of context, even though useful, the surplus information were not to be included in this book. If this was avoided I would have given 5stars instead of 4.
ഭഗവത്ഗീത വായിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ടത് ..... ഭഗവാൻ പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാന കസർത്തുകൾ ഇല്ലാതെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ..... Enjoy
An interesting book for those who want to critically look at the philosophy, structure, and intention of Bhagavad Gita. The book has gone wild in putting in one place whatever the author could put his hands on to substantiate his argument. But it is a good read for those with patience (560 pages sprinkled with slokas from Gita is not meant for impatient people). I felt that the book could be edited to half its size putting for the essential points.
But the most important aspect which could not find is the essence of Buddha's teachings against which Gita was catapulted. Anyhow it is bold attempt to venture into an open criticism of book being projected as essence of Vedas and Upanishads. 'Manufacturing consent' started in India long before Noam Chomsky could coin such a phrase for his famous book.