നല്ല മഴയുള്ളൊരു ജൂൺ മാസം, ഗ്രാമത്തിലെ പുഴയിലൂടെയൊരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷൻ പോലെ, അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോയെന്ന സംശയം ബാക്കിയാക്കി, പെട്ടെന്നതപ്രത്യക്ഷമാവുന്നു. വർഷങ്ങൾക്ക് ശേഷം മറ്റൊരു ജൂൺ മാസം ഇതേ പുഴയിലൂടെ തലയില്ലാത്തയൊരു ശരീരം വീണ്ടുമൊഴുകിവരുന്നു. അത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും ശരീരം തിരിച്ചറിയാനും, കൊലപാതകിയെ കണ്ടെത്താനുമുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്യുന്നു.
അതേ.! അടുത്ത പുസ്തകവും, ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലുൾപ്പെടുന്ന ഒന്നുതന്നെയാണ്. പല കാലങ്ങളിൽ നടന്ന മരണങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നൊരു പോലീസുദ്യോഗസ്ഥന്റെ ഡയറിത്താളുകളിലൂടെ സഞ്ചരിക്കുകയും, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങളിലേക്ക് വെളിച്ചമേകുകയും ചെയ്യുന്നൊരു കുഞ്ഞു പുസ്തകമാണിത്.
ഇവിടെ കൊലപാതകങ്ങളാര് ചെയ്തു? എന്തിനു ചെയ്തു ? എന്നതിനപ്പുറത്തേക്ക് യാതൊന്നും തന്നെ പറയാനില്ലാത്ത പുസ്തകത്തെ ലൈവായി നിലനിർത്തുന്നതതിന്റെ ആഖ്യാന രീതിയാണ്. പകുതി ദൂരത്തോളം അന്വേഷണയുദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയും, ശേഷം കുറ്റവാളിയുടെ കുമ്പസാരത്തിലൂടെയും മുന്നോട്ട് പോകുന്ന രീതി, മടുപ്പിക്കാത്തൊരു വായനാനുഭവമിവിടെ സമ്മാനിക്കുന്നുണ്ട്.
അനായാസമായ ഭാഷചാതുര്യവും, അന്വേഷണങ്ങളിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു ശാസ്ത്ര – സാങ്കേതിക വശങ്ങളെപ്പറ്റിയുള്ള കൃർത്യമായ വിശദീകരണങ്ങളും, വായനയെ ഒന്നുകൂടി ആധികാരികമാക്കുന്നു. അതുവഴി ഒറ്റയിരുപ്പിലാർക്കും വായിച്ചു തീർക്കാവുന്ന നിലയിലേക്ക്, പുസ്തകമെത്തുന്നു.
എന്നാൽ വായനയവസാനിപ്പിക്കുമ്പോൾ, ഈയടുത്ത കാലത്തായി മലയാളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ പുസ്തകങ്ങളുടെ കുത്തൊഴുക്കിലേക്ക് പുതുതായി ചേർന്നുനിൽക്കുന്നൊരു പുസ്തകമെന്ന വിശേഷണം മാത്രമാണിവിടെ നാൽവർ സംഘത്തിലെ മരണകണക്കിന് ചാർത്തികൊടുക്കാനെനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് കഥാപാത്രങ്ങളിലൂടെയോ, കഥാ വഴികളിലൂടെയോ മനസിലേക്കുകയറാൻ എഴുത്തുകാരന് സാധിക്കുന്നില്ല. അതുവഴി വെറുതെയൊന്ന് വായിച്ചവസാനിപ്പിക്കാവുന്നൊരു പുസ്തകം മാത്രമായിതൊതുങ്ങുന്നു.