ആർക്കും കണ്ടുപിടിക്കാൻ കഴിയാത്ത കോണുകൾ ഏത് ആൾക്കൂട്ടത്തിലും കണ്ടെത്താൻ കഴിയുന്നത്, തിരക്കിന്റെ തിളയ്ക്കുന്ന കടല്പരപ്പിലും ഒളിച്ചിരിക്കാൻ എനിക്ക് മാത്രമായി അധികം ദൂരെയല്ലാതെ ഒരു തുരുത്ത് എപ്പോഴും ഉണ്ടാകുമെന്ന വിശ്വാസം തോന്നുന്നത് ഒക്കെ പഴയ ഒളിച്ച് കളിയിൽ നിന്നാവാം.
കാവിന്റെ ഇരുട്ടിൽ നിന്ന് ഊഞ്ഞാൽ വള്ളിയുടെ അസ്വാരസ്യങ്ങളിലേയ്ക്ക് പറിച്ചു മാറ്റപ്പെട്ട കാട്ടുവള്ളിയുടെ അപരിചിതത്വത്തെ, വീട് തോറും ഉണ്ണിയേ തേടി നടന്ന് തളർന്ന് തിരിച്ച് നടക്കുന്ന പൂതത്തിന്റെ ദുഃഖത്തെ, പേരറിയാത്തൊരു കോടതി ഗുമസ്ഥന്റെ സ്നേഹത്തിന്റെ തീപ്പൊരിയേ അങ്ങനെ ഓരോന്നോരോന്നായി പെറുക്കിയെടുക്കാനാവുന്ന കുന്നിക്കുരുമണികൾ പോലെയുള്ള കഥകളാണ് മാർജ്ജാരം എന്ന കൊച്ച് പുസ്തകത്തിനുള്ളിൽ രചന നിറച്ചിരിക്കുന്നത്..
കുറേകാലം അടച്ച് വച്ച തടിയുടെ ചെറിയ പെട്ടികൾ തുറക്കുമ്പോൾ കൂറപ്പൊടിയടിച്ച് കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നത് പോലെ, മഴ നഷ്ടപ്പെട്ട കപ്പിത്താനെ പറ്റി, വെളുത്ത വയറുള്ള പല്ലികളെ പറ്റി പറയുമ്പോൾ കണ്ണുകൾ നിറഞ്ഞുവെന്നും വരാം. അത്രതോളം നേർത്ത നൂല് കൊണ്ട് കൊരുത്തെടുത്ത കുറേ ജീവിതഗന്ധിയായ കഥകളായത് കൊണ്ട് തന്നേ..
മടുക്കാത്ത വായനാനുഭവം.