22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു.
ഷിനിലാലിൻ്റേതായി വായിക്കുന്ന രണ്ടാമത്തെ നോവലാണ് സമ്പർക്കക്രാന്തി. ആദ്യം വായിക്കുന്നത് 'അടി'യാണ്. അടി കഥ പറയുന്നതിനിടയിൽ കാര്യം പറയുന്ന നോവലാണെങ്കിൽ, സമ്പർക്കക്രാന്തി കാര്യം പറയാനായി മാത്രം എഴുതിയുണ്ടാക്കിയ കഥയായിട്ടാണ് അനുഭവപ്പെട്ടത്. സമ്പർക്കക്രാന്തിയിൽ സട്ടിൽറ്റി എന്നു പറയുന്ന സാധനം ഇല്ലെന്നു തന്നെ പറയാം. അത് നോവലിൻ്റെ മേന്മയാണോ പോരായ്മയാണോ എന്നു ചോദിച്ചാൽ എനിക്കത് പോരായ്മയായിട്ടാണ് തോന്നിയത്. ഇതേ കാര്യം തന്നെ പലർക്കും മേന്മയായി തോന്നാനും മതി. അങ്ങനെ ഒരു സാധ്യതയും നോവൽ ബാക്കിയാക്കുന്നുണ്ട്.
വായന - 37/2021📖 പുസ്തകം📖 - സമ്പർക്കക്രാന്തി രചയിതാവ്✍🏻 - വി. ഷിനിലാൽ പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - യാത്രാവിവരണം കലർന്ന നോവൽ പതിപ്പ്📚 - 2 ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - മാർച്ച് 2020 താളുകൾ📄 - 264 വില - ₹270/-
📌ടി.ഡി രാമകൃഷ്ണൻ്റെ "പച്ച മഞ്ഞ ചുവപ്പ്" എന്ന നോവലിന് ശേഷം ഞാൻ വായിക്കുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിലുള്ള നോവലാണിത്. ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് ആദ്യാവസാനം പൂർണമായും തീവണ്ടിയാണ് പശ്ചാത്തലമായി വരുന്നത് എന്നുള്ളതാണ്. മാത്രവുമല്ല, തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യനോവൽ "സമ്പർക്കക്രാന്തി" ആണ്.
📌തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 22 ബോഗികളുമായി ആരംഭിച്ച് 56 മണിക്കൂറുകൾ കൊണ്ട് 3420 കിലോമീറ്ററുകൾ സഞ്ചരിച്ച് മഹാനഗരമായ ഡെൽഹിയിൽ യാത്ര അവസാനിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും എഴുത്തുകാരനും കൂടിയായ വി. ഷിനിലാൽ നമുക്കൊരു ടിക്കറ്റ് തരികയാണ്. തീവണ്ടി എന്നത് ഇന്ത്യയുടെ ജീവനാഡിയാണ് എന്നുള്ളത് ഈ പുസ്തകത്തിലൂടെ നമുക്ക് വ്യക്തമാവും. പല ദേശങ്ങളിലൂടെയും പല സംസ്കാരങ്ങളിലൂടെയും 18 ഭാഷകളിലൂടെയുമുള്ള ഒരു സഞ്ചാരമായി കൂടിയും നമുക്ക് ഈ പുസ്തകത്തെ വിലയിരുത്താം.
ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പുനരവതരിപ്പിക്കുന്ന വലിയൊരു നാടകവേദിയായി ഒരു തീവണ്ടിയുടെ ഉള്ളറകളെ പരിവർത്തനം ചെയ്തു കൊണ്ട്, കഥകളും, ഉപകഥകളും അല്പം, ചരിത്രവും മായാജാലക്കാഴ്ചകളും ചേർത്തു അവതരിപ്പിച്ചിരിക്കുന്ന ഒരു നോവലായാണ് സമ്പർക്ക ക്രാന്തിയുടെ കാഴ്ചകളെ വിവരിക്കാൻ തോന്നുന്നത്. ഇതിൽ, യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളുടെ പരിഛേദമുണ്ട്, എന്നാൽ ഒരു പൊളിറ്റിക്കൽ ഫിക്ഷൻ എന്ന് മാത്രം വിശേഷിപ്പിക്കാനുമാകില്ല. ചരിത്ര സംഭവങ്ങളെ നോവലുമായി ബന്ധിപ്പിക്കാനായി മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതായി കാണാം. നോവലിന്, ഒരു യാത്രയുടെ തുടക്കമെന്നോണം,തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമ്പർക്ക ക്രാന്തി എന്ന തീവണ്ടിയിലേയ്ക്ക് യാത്രക്കാരെ അഥവാ വായനക്കാരെ ക്ഷണിക്കുന്നു.
തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയതിൻ്റെ ഒരാകർഷണത്തിനുമപ്പുറം, ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായിക്കപ്പെടേണ്ട ഒന്നാണ് ഈ നോവൽ എന്നു തോന്നി. പ്രതിവിധികളല്ല നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.മറിച്ച്, ആട്ടിൽ തോലണിഞ്ഞ, വെറുപ്പിൻ്റെ ,പിളർപ്പിൻ്റെ രാഷ്ട്രീയം വിൽക്കുന്ന അധികാരങ്ങളെ തിരിച്ചറിയുക എന്ന ആശയമാണ്, നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.ദുഷ്ടനായ കപ്പിത്താൻ്റെ അന്ത്യം പോലെ ,ദ്വി എന്ന ഏകാധിപതിയുടെ തകർച്ച കാണുന്നതുപോലെ, ഒരു പ്രതീക്ഷ നിറഞ്ഞ സ്വപ്നം അവശേഷിപ്പിച്ചു കൊണ്ട് നോവൽ അവസാനിക്കുന്നു.
വരികൾക്കിടയിലൂടെ വായനയാണ് സമ്പർക്കക്രാന്തി അർഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥപറച്ചിൽ ദഹിക്കുന്നവരും അതിന് പ്രാപ്തരായവരായിരിക്കും. അതൊരു ബഹുമതിയല്ല, തികച്ചും സാധാരണമായ ഒരു ഫിൽറ്റർ ഉപാധി മാത്രം. 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ രചനയാണ് സമ്പർക്കക്രാന്തിയെന്നിരിക്കെ ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാൻ തീരെ സാധ്യതയിതിനില്ല. അത് പക്ഷെ സമ്പർക്കക്രാന്തിയുടെ കുറവല്ല കൂടുതലാണെന്ന് മാത്രം.... ആ കൂടുതൽ എന്താണെന്ന് മനസ്സിലാക്കാൻ എങ്കിലും സമ്പർക്കക്രാന്തി സധൈര്യം വായിക്കാം.
ഇന്ത്യയുടെ വർത്തമാനവും ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയൊരു തീവണ്ടി കാഴ്ചയാണ് സമ്പർക്ക ക്രാന്തി. നോവൽ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളോട് ശക്തമായി കലഹിക്കുന്നു. വളരെ വ്യത്യസ്തമായ രചനാ ശൈലി എഴുത്തുകാരന്റെ പ്രതിഭയെ വിളിച്ചോതുന്നു. ഇന്നത്തെ ഇന്ത്യയിൽ നോവൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ പരിച്ഛേദമാകുന്ന സമ്പർക്ക ക്രാന്തി എന്ന ട്രയിൻ്റെ തിരുവനന്തപുരം മുതൽ ഡെൽഹി വരെയുള്ള കാലപ്രയാണം. സമകാലിക ഇന്ത്യയുടെ തന്നെ ആവിഷ്കാരമാവുന്ന ക്ലാസിക്കൽ രചന.
തീവണ്ടിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട ആദ്യനോവല്‍. ഇന്ത്യയുടെ ജീവരക്തം പോലെ അതിന്‍റെ ചരിത്രം പേറി, സമകാലീന വേഷം കണ്ടുകൊണ്ട് ഒരു യാത്ര. ഇന്ത്യയുടെ മാറുന്ന മുഖം, എങ്ങനെയാണ് ഒരു അധികരി ജനിക്കുന്നത്? അവര്‍ക്കും ചുറ്റും അനുവാചകവൃന്ദം സൃഷ്ടിക്കപ്പെടുന്നത്? അവര്‍ എങ്ങനെ ഭരിക്കപ്പെടുന്നു ? യാത്ര ഉണര്‍ത്തുന്ന ചോദ്യങ്ങളും കാഴ്ചകളും. തീര്‍ച്ചയായും വായനക്കാരുടെ സമ്പര്‍ക്കക്രാന്തിയിലെ യാത്ര വെറുതെയാകില്ല എന്ന് നിസംശയം പറയാം.