ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു? സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്‌പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി. രാധാകൃഷ്ണൻ.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
നോവൽ നവകത്തിന്റെ അഞ്ചാംഖണ്ഡത്തിൽ എത്തിനിൽക്കുമ്പോൾ കഥാപശ്ചാത്തലം ഒരുപാട് വികസിക്കുകയാണ്. അതിനോടൊപ്പംതന്നെ കഥാപാത്രങ്ങളുടെ എണ്ണവും ഈ നോവലിൽ വളരെയധികമാണ്. ഇത്തവണ കഥ നടക്കുന്നത് 1960കളിലെ ബോംബെയിലാണ്. മുൻനോവലുകളിലെ നമ്മുടെ കഥാനായകൻ അപ്പു നഗരത്തിലെ ഒരു പ്രധാന പത്രസ്ഥാപനത്തിൽ ശാസ്ത്രമാസികാവിഭാഗത്തിലെ എഴുത്തുകാരനായാണ് ഇത്തവണ വരുന്നത്. എങ്കിലും ഇത്തവണ പ്രധാനകഥയിൽ വരാതെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുവെന്നുമാത്രം.
രത്തൻ നാരായൺ എന്ന അധോലോകനായകന്റെ ജീവിതമാണ് ഈ നോവലിലെ പ്രധാനകഥാതന്തു. രത്തനോടൊപ്പം നിലീന, സീമ, രാഹുൽ, ദൗത്തി, നാരുദാദ, പ്രമീള, ഷാൻ, രവി, രുസ്തം, നിർമ്മൽ, ഗോകുൽ, പ്രവീൺ, ഖാൻ തുടങ്ങി എണ്ണിയാൽതീരാത്ത ഒരുപാട് കഥാപാത്രങ്ങൾ. കഥപറയുന്ന രീതിയും വ്യത്യസ്തമാണ്. 1964 മുതൽ 1969 വരെയുള്ള കാലഘട്ടങ്ങൾ മൂന്ന് ഭാഗങ്ങളിലായി നിരവധി ചെറിയ അദ്ധ്യായങ്ങളിൽ ചിതറിത്തെറിച്ചുകിടക്കുന്ന കഥ. ചില അദ്ധ്യായങ്ങൾ പ്രധാനകഥയുമായി നേരിട്ട് ബന്ധമൊന്നുമില്ലാതെ കഥയുടെ പൊതുവിഷയത്തിനോട് ചേർന്നുനിൽക്കുന്നതാണ്. ചിലപ്പോൾതോന്നും എന്തിനായിരുന്നു ഇന്ന ആളുടെ കാര്യം ഇവിടെ പറഞ്ഞതെന്ന്. ആ കാലഘട്ടത്തിലെ ബോംബെയിലെ അധോലോകവും ചുവന്നതെരുവും ശരാശരിമനുഷ്യരുടെ ജീവിതവും ഗുണ്ടാവാഴ്ച്ചയും മതപരവും രാഷ്ട്രീയപരവുമായ അന്തരീക്ഷവുമെല്ലാം ഈ കഥയിലെ കഥാപാത്രങ്ങളാണ്. അപ്പു ശാസ്ത്രലേഖകൻ എന്ന നിലയിൽനിന്നും പത്രപ്രവർത്തകമേഖലയിലേയ്ക്ക് കൂടുമാറുന്നതായി ഈ നോവലിന്റെ അവസാനത്തിൽ കാണാം.
നേരത്തെപറഞ്ഞതുപോലെ ചിതറിയ കഥപറച്ചിലാണെങ്കിലും വായന നേരെത്തന്നെ മുന്നോട്ടുപോയിരുന്നു. എങ്കിലും ഒരു പോരായ്മയായി തോന്നിയത് ഇതിലെ കഥാപാത്രങ്ങളുടെ സംസാരരീതി ഹിന്ദിയെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതുപോലെയാണ് എന്നതാണ്. സ്പന്ദമാപിനികളേ നന്ദിയിലും എനിക്ക് ഇതുതന്നെയായിരുന്നു അനുഭവം. എല്ലാം മായ്ക്കുന്ന കടലിലും പുഴ മുതൽ പുഴ വരെയിലുമുണ്ടായിരുന്ന ലാളിത്യവും മലയാളിത്തവും നഷ്ടമായത് അപ്പു കേരളം വിട്ടതോടുകൂടി കഥയിലും പ്രതിഫലിക്കുന്നുണ്ട്. ഇനിയുള്ള നോവലുകളും ഇതേ പാതയിലാണെന്ന് അനുമാനിക്കാം. അപ്പുവിന്റേതായിരുന്ന ഈ പരമ്പരയിൽ ഇനി അടുത്തത് വേർപാടുകളുടെ വിരൽപ്പാടുകൾ.